സമൂഹമാധ്യമങ്ങളിലെ അനുകൂല പ്രചാരണം; ദിലീപിന്റെ സ്വാധീനം കൊണ്ടെന്ന് പൊലീസ്

0
102


യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തിപരമായ ദൃശ്യങ്ങളെടുത്ത കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നു. അതിനിടെ, സമൂഹമാധ്യമങ്ങളിലെ ദിലീപ് അനുകൂല പ്രചാരണങ്ങള്‍ക്കെതിരെ കോടതിയില്‍ പൊലീസ് നിലപാടെടുത്തു. പ്രചാരണം പ്രതിയുടെ സ്വാധീനം കൊണ്ടാണ്. പ്രതി ചെയ്ത കുറ്റം സമൂഹമാധ്യമങ്ങളില്‍ ആഘോഷിക്കപ്പെടുന്നു. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയും ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. ദിലീപിനു ജാമ്യം നല്‍കിയാല്‍ നടിയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തി അപമാനിക്കാന്‍ സാധ്യതയുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമാണ് പൊലീസ് വാദം. ഉച്ചയോടെ പൊലീസ് കേസ് ഡയറി കോടതിയില്‍ ഹാജരാക്കിയിരുന്നു. മുദ്രവച്ച കവറിലാണ് ഹാജരാക്കിയത്.

ദിലീപ് ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവവും അതിനുള്ള തെളിവുകളും ബോധ്യപ്പെടാന്‍ കേസ് ഡയറി മുദ്രവച്ച കവറില്‍ കോടതിയില്‍ ഹാജരാക്കാന്‍ തയാറാണെന്നു പൊലീസ് ഇന്നലെ അറിയിച്ചിരുന്നു. ദിലീപിന്റെ കസ്റ്റഡി കാലാവധി ഒരു ദിവസം കൂടി നീട്ടാനുള്ള പൊലീസിന്റെ അപേക്ഷയെ പ്രതിഭാഗം ശക്തമായി എതിര്‍ത്തപ്പോഴാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ നിയമിച്ച സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എ. സുരേശനാണ് ഇന്നലെ പൊലീസിനു വേണ്ടി ജാമ്യാപേക്ഷയില്‍ വാദം പറഞ്ഞത്.

ഇരുഭാഗത്തിന്റെയും വാദം പൂര്‍ത്തിയാക്കിയ കോടതി ജാമ്യഹര്‍ജി ഇന്നത്തേക്കു മാറ്റി. ആവശ്യം വന്നാല്‍ ആദ്യ റിമാന്‍ഡ് കാലാവധി തീരും മുന്‍പു പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘത്തിനു നിയമപരമായ അവകാശമുണ്ട്. ഈ മാസം 24നാണു ദിലീപിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി ജനപ്രതിനിധികളെ ഉടന്‍ ചോദ്യം ചെയ്യില്ലെന്ന് അന്വേഷണ സംഘത്തിലെ എസ്പി: എ.വി. ജോര്‍ജ് പറഞ്ഞു.

മുഖ്യപ്രതി സുനി മൊബൈല്‍ ഫോണ്‍ കൈമാറിയതായി പറയുന്ന അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. അന്വേഷണത്തോടു സഹകരിക്കാന്‍ അഭിഭാഷകനോടു കോടതി ആവശ്യപ്പെട്ടിരുന്നു.അതേസമയം, ദിലീപിനു കണക്കില്‍പ്പെടാത്ത സമ്പാദ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്നു കള്ളപ്പണ അന്വേഷണ കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പരിശോധനകള്‍ തുടങ്ങി. നടിയെ ഉപദ്രവിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ ക്യാംപ് ഓഫിസായ ആലുവ പൊലീസ് ക്ലബ്ബിലെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here