സി.പി.എം ഫേസ്ബുക്ക്‌ പോരാളി ഡേവിസ് തെക്കേക്കര നിര്യാതനായി

0
141

സാമൂഹ്യ മാധ്യമത്തിലെ ശക്തമായ ഇടതുപക്ഷ സാന്നിധ്യമായിരുന്ന ഡേവിസ് തെക്കേക്കര വിടവാങ്ങി. അബുദാബിയിലായിരുന്നു അന്ത്യം. അബുദാബിയില്‍ നിന്നും ഏകദേശം 300കിലോമീറ്റര്‍ അകലെ റുവൈസ് എന്ന സ്ഥലത്തെ ഓയില്‍ റിഗ്ഗിലെ ജീവനക്കാരനായിരുന്ന ഡേവിസ് ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. തൃശൂര്‍ ജില്ലയിലെ മൂരിയാട് പഞ്ചായത്തിലെ ആനന്തപുരം സ്വദേശിയാണ്.

ഫേസ്ബുക്കിലെ ചര്‍ച്ചകളിലെല്ലാം ഇടതുപക്ഷത്തെ ഉറച്ച ശബ്ദമായിരുന്ന ഡേവിസ് എന്നും സിപിഐഎമ്മിനൊപ്പം ചേര്‍ന്നുനിന്ന വ്യക്തി കൂടിയായിരുന്നു. പുതുവൈപ്പിനില്‍ ഗ്യാസ് ടെര്‍മിനല്‍ സ്ഥാപിക്കുന്നതിനെതിരെ നടന്ന സമരത്തില്‍ റിഗ്ഗിലെ തൊഴിലാളി എന്ന നിലയില്‍ ഡേവിസ് എഴുതിയ ലേഖനം സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായിരുന്നു. ലുലുവാണ് ഭാര്യ. ഡെനിന്‍ ഡെല്‍വിന്‍ എന്നിവര്‍ മക്കളാണ്.

ദേശാഭിമാനി റസിഡന്റ്സ് എഡിറ്റര്‍ പി.എം മനോജ്‌ ഫേസ്ബുക്കില്‍ കുറിച്ച അനുസ്മരണം 

ഇന്നലെ രാത്രി വിവരമറിഞ്ഞതു മുതല്‍ അസ്വസ്ഥതയാണ്. കൂത്തുപറമ്പിൽ ജയിൻ രാജിന്റെ വിവാഹത്തിനെത്തിയപ്പോൾ മാത്രമേ കണ്ടിട്ടുള്ളൂ. പക്ഷെ വിളി പതിവായിരുന്നു. വ്യക്തിപരമായ കാര്യങ്ങൾക്ക് കുറച്ചു തവണയേ വിളിച്ചിട്ടുള്ളു. രാഷ്ട്രീയമാണ് പതിവു സംസാരം. വികാരഭരിതനായി ഇടപെടും. പ്രിയപ്പെട്ട ഡേവിസ്, നിങ്ങൾ പലപ്പോഴും രൂക്ഷമായി പ്രതികരിക്കുമ്പോള്‍ , എതിർപ്പുകളെ നേരിടുമ്പോൾ; ആക്രമിക്കപ്പെടുമ്പോൾ നിങ്ങളിൽ എന്നെത്തന്നെയാണ് – എന്നെപ്പോലുള്ള സാധാരണ പാർടി പ്രവർത്തകന്റെ മനസ്സാണ് കണ്ടിട്ടുള്ളത്. ചില ഇടപെടലുകൾ അതിരുവിടുന്നു എന്ന് കണ്ടപ്പോൾ നിങ്ങളോട് കാർക്കശ്യത്തോടെ സംസാരിച്ചിട്ടുണ്ട്. കുറെ കഴിഞ്ഞ്, “തിരുത്തിയിട്ടുണ്ട് സഖാവേ ” എന്ന മറുപടി പലവട്ടം കേട്ടിട്ടുണ്ട്. “കടുപ്പം പോരല്ലോ സഖാവേ ” എന്ന നിങ്ങളുടെ വിമർശം ഹൃദയം കൊണ്ട് സ്വീകരിച്ചിട്ടുണ്ട്. രാപ്പകൽ രാഷ്ടീയമായിരുന്നല്ലോ ഡേവിസേ നിങ്ങളുടെ മനസ്സിലും വാക്കിലും. പ്രിയ സഖാവേ, സഹോദരാ .. അങ്ങ് ഇനി ഇല്ല എന്ന വിവരത്തോട് പൊരുത്തപ്പെടാൻ പ്രയാസപ്പെടുന്നു. … അത്രയും ഇഷ്ടമാണ് നിങ്ങളെ….. ലാൽ സലാം.

LEAVE A REPLY

Please enter your comment!
Please enter your name here