ആര്‍. അനുവിന് റെക്കോഡ്, ജാബിറിനും ഗായത്രിക്കും സ്വര്‍ണം

0
102

ദേശീയ സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ആര്‍ അനുവിന് റെക്കോഡ് സ്വര്‍ണം. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 57.21 സെക്കന്‍ഡില്‍ ഓടിയെത്തിയ അനു 2014ല്‍ എ.സി അശ്വിനി കുറിച്ച 57.43 സെക്കന്‍ഡ് സമയമാണ് തിരുത്തിയത്. പുരുഷ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആന്ധ്രപ്രദേശിനുവേണ്ടിയിറങ്ങിയ മലയാളി താരം എം പി ജാബിറും സ്വര്‍ണം നേടി. 50.33 സെക്കന്‍ഡിലാണ് ജാബിര്‍ സ്വര്‍ണത്തിലേക്ക് കുതിച്ചത്.

വനിതകളുടെ ഹൈജമ്പില്‍ സ്വര്‍ണവും വെങ്കലവും കേരളം സ്വന്തമാക്കി. ഗായത്രി ശിവകുമാര്‍ 1.79 മീറ്റര്‍ ഉയരത്തില്‍ സ്വര്‍ണമണിഞ്ഞപ്പോള്‍ 1.73 മീറ്ററില്‍ ജിനു മരിയ മാനുവല്‍ വെങ്കലം നേടി. വെള്ളി നേടിയ അസമിന്റെ എല്‍ നര്‍സാരി 1.76 മീറ്റര്‍ മറികടന്നു. 1.70 മീറ്ററില്‍ ലിബിയ ഷാജി നാലാമതായി.

വനിതകളുടെ 5000 മീറ്ററില്‍ തമിഴ്‌നാടിന്‍െ എല്‍ സൂര്യയും ആദ്യ ദിനം റെക്കോഡ് സ്വര്‍ണം സ്വന്തമാക്കി (15:46.92). മലയാളി താരം ഒ പി ജെയ്ഷ 2014 ലക്‌നൌ മീറ്റില്‍ കുറിച്ച 15:57.05 മിനിറ്റാണ് പഴയതായത്. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയ്ക്കുവേണ്ടിയിറങ്ങിയ സഞ്ജീവനി ജാദവ് 16:35.64 മിനിറ്റില്‍ രണ്ടാമതായി. ഡല്‍ഹിയുടെ പ്രീനു യാദവ് വെങ്കലം സ്വന്തമാക്കി (16:56.60). മലയാളികളായ യു നീതുവും കെ കെ വിദ്യയും എട്ടും പത്തും സ്ഥാനങ്ങളിലാണ് മത്സരം അവസാനിപ്പിച്ചത്.

വനിതകളുടെ ഹാമര്‍ ത്രോയിലും മീറ്റ് റെക്കോഡ് പിറന്നു. ഉത്തര്‍പ്രദേശിന്റെ സരിത ആര്‍ സിങ് 63.22 മീറ്റര്‍ ദൂരത്തിലേക്ക് ഹാമര്‍ പായിച്ചു. 2014ല്‍ ലക്‌നൌ മീറ്റില്‍ മഞ്ജു ബാല കുറിച്ച 62.74 മീറ്റര്‍ ദൂരമായിരുന്നു നിലവിലെ റെക്കോഡ്.പുരുഷന്മാരുടെ 5000 മീറ്ററില്‍ ഏഷ്യന്‍ ചാമ്പ്യന്‍ ജി ലക്ഷ്മണന്‍ സ്വര്‍ണമണിഞ്ഞു. 14:07.76 മിനിറ്റിലായിരുന്നു തമിഴ്‌നാടിനുവേണ്ടിയിറങ്ങിയ ലക്ഷ്മണന്റെ സ്വര്‍ണനേട്ടം.
വനിതകളുടെ ഷോട്പുട്ടിലും ഏഷ്യന്‍ ചാമ്പ്യനാണ് സ്വര്‍ണം. ഹരിയാനയുടെ മന്‍പ്രീത് കൌര്‍ 15.65 മീറ്ററില്‍ ഒന്നാമതെത്തി. ഉത്തര്‍പ്രദേശിന്റെ അനാമിക ദാസ് 14.42 മീറ്ററില്‍ വെള്ളിനേടി. പഞ്ചാബിന്റെ രമണ്‍പ്രീത് കൌറിനാണ് (14.25 മീ) വെങ്കലം.

LEAVE A REPLY

Please enter your comment!
Please enter your name here