കര്‍ക്കടക മാസം സമാഗതമാകുമ്പോള്‍

0
908

രാമകഥ പാടി മനസിനെ നേര്‍വഴിക്ക് നയിക്കാന്‍ കഴിയുന്ന മാസം എന്നത് തന്നെയാണ് മറ്റേത് അര്‍ഥതലത്തെക്കാളും കര്‍ക്കിടക മാസത്തിനുള്ള പ്രാധാന്യം

by സഞ്ജന ബിജി

ഒരു കര്‍ക്കടക മാസം കൂടി സമാഗതമായിരിക്കുന്നു. എന്താണ് ഈ മാസത്തിന്റെ പ്രത്യേകത. വിജയനഗര സാമ്രാജ്യത്തിലെ പണ്ഡിതനായിരുന്ന ഉദ്ദണ്ഡശാസ്ത്രികളുടെ അഭിപ്രായത്തില്‍ ലോകത്തിലെ ഏറ്റവും സുഖകരമായ കാലാവസ്ഥ കേരളത്തിലെ മഴക്കാലമാണെന്നു രേഖപ്പെടുത്തിയതായി കാണാം. സുഖകരമായ മഴ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ. പക്ഷേ, അലസ ജീവിതം ശരീരത്തെയും മനസിനേയും ദുഷിപ്പിക്കും. ശരീരത്തെ ദുഷിപ്പില്‍ നിന്നും മാറ്റണം. അതിന് സുഖ ചികിത്സവേണം. പക്ഷെ, മനസിന്റെ ദുഷിപ്പിനെ എങ്ങനെ മാറ്റും.

അതായിരിക്കാം ഉത്തമപുരുഷനായ ശ്രീരാമന്റെ കഥ തെരഞ്ഞെടുക്കാന്‍ കാരണമായതും. ആരാണ് ഉത്തമപുരുഷന്‍? ചോദ്യം വാത്മീകിയുടേതാണ്. ഉത്തരം നല്‍കിയത് നാരദമഹര്‍ഷിയയും. ഉത്തമപുരുഷന്‍ ആരാണെന്നറിയാന്‍ രാമനെ അറിഞ്ഞാല്‍ മതിയെന്നു സാരം.

കര്‍ക്കടക മാസത്തിലെ രാമായണ പാരായണം മനസിലെ ദുഷ്ചിന്തകളെ അകറ്റാനും നന്‍മയുള്ള മനസിനെ പ്രദാനം ചെയ്യാനും ഇടയാക്കും. രാമായണത്തെ കേവലാര്‍ഥത്തിലല്ലാതെ നോക്കി കാണേണ്ടതും സമകാലിക സംഭവവികാസങ്ങളുമായി ബന്ധിപ്പിച്ച് അപഗ്രഥിക്കുകയും ചെയ്യേണ്ടതും അനിവാര്യമാണ്. ഉത്തമ പുരുഷനെ കുറിച്ചറിയുമ്പോള്‍ ഒരു വ്യക്തി എന്ന നിലയില്‍ നാം ഇതുവരെ എന്തായിരുന്നു എന്നും ഇനി എന്താകണം എന്നും നമുക്ക് കൂടുതലായി ആലോചിക്കേണ്ടി വരും. സാമാന്യയുക്തിക്ക് അനുഗുണമായി ഒരു കഥയെ പാരായണം ചെയ്യുകയല്ല രാമായണ പാരായണം കൊണ്ട് ഉദ്ദേശിക്കുന്നത്.

പ്രാപഞ്ചികമായ ഒരു ദര്‍ശനം രാമായണത്തിലെ ഓരോ വാക്കുകളിലും നമുക്ക് ദര്‍ശിച്ചെടുക്കാന്‍ സാധിക്കുന്നതാണ്. രാമായണ രചനയില്‍ എന്നും അതിശയം പ്രകടിപ്പിക്കുന്നവരാണ് എല്ലാ അനുവാചകരും. പ്രപഞ്ചദര്‍ശനത്തെ കുടുംബ ബന്ധങ്ങളിലൂടെയും പ്രായോഗിക രാഷ്ര്ടീയത്തിലൂടെയും മാനരാശിയുടെ ഓരോ അണുവിലും ഉള്‍ച്ചേരുന്ന രീതിയില്‍ പ്രതിഫലിപ്പിക്കുക എന്നത് യുക്തിബോധത്തിനും അപ്പുറമാണ്. ഇത്തരത്തില്‍ രാമകഥ പാടി മനസിനെ നേര്‍വഴിക്ക് നയിക്കാന്‍ കഴിയുന്ന മാസം എന്നത് തന്നെയാണ് മറ്റേത് അര്‍ഥതലത്തെക്കാളും കര്‍ക്കിടക മാസത്തിനുള്ള പ്രാധാന്യം.
ജ്യോതിഷപ്രകാരം കര്‍ക്കടകം പൊതുവേ മോശപ്പെട്ട മാസമാണ്. വിവാഹം, ഗൃഹാരംഭം, ഗൃഹപ്രവേശം ഉള്‍പ്പെടെ ശുഭകാര്യങ്ങള്‍ മിക്കതും കര്‍ക്കടകമാസത്തില്‍ പാടില്ല എന്നു മുഹൂര്‍ത്തഗ്രന്ഥങ്ങള്‍ വ്യക്തമായി പറയുന്നു. എന്നാല്‍ കര്‍ക്കടകം ഹിന്ദുക്കള്‍ക്ക് ഏറെ പുണ്യമാസമാണുതാനും! കര്‍ക്കടകത്തിനു ജ്യോതിഷപരമായി ഏറെ പ്രത്യേകതകള്‍ ഉണ്ട്. അതുതന്നെയാണ് കര്‍ക്കടകത്തിന്റെ പ്രസക്തി. പ്രപഞ്ചനിയന്താതാവായ സൂര്യനുമായി ബന്ധപ്പെട്ടു കിടക്കുന്നു കര്‍ക്കടകമാസത്തിന്റെ പ്രാധാന്യം. സൂര്യന്‍ സഞ്ചരിക്കുന്നില്ല, ഭൂമിയാണു ചുറ്റും കറങ്ങുന്നത് എന്നതു ശാസ്ത്രസത്യം തന്നെ. എന്നാല്‍ ഭൂമിയില്‍ നില്‍ക്കുന്ന വ്യക്തിയെ സംബന്ധി’ച്ചിടത്തോളം സൂര്യന്‍ സഞ്ചരിക്കുന്നുണ്ട്, അഥവാ സഞ്ചരിക്കുന്നതായി തോന്നുന്നുണ്ട്.
രാവിലെ കിഴക്കു കണ്ട സൂര്യനെത്തന്നെയല്ലേ വൈകുന്നേരമാകുമ്പോള്‍ പടിഞ്ഞാറു കാണുന്നത്. ഭൂമി പടിഞ്ഞാറു നിന്നു കിഴക്കോട്ടു ഭ്രമണം ചെയ്യുന്നതു കൊണ്ടാണ് ഇതെന്നു നമുക്കറിയാം. എങ്കിലും സൂര്യന്‍ കിഴക്കു നിന്നു പടിഞ്ഞാറോട്ടു സഞ്ചരിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നു.
കിഴക്കു നിന്നു പടിഞ്ഞാറോട്ടുള്ള സൂര്യന്റെ ഈ സഞ്ചാരത്തോടൊപ്പം മറ്റൊരു സഞ്ചാരം കൂടി സൂര്യനുണ്ട്. അതു തെക്കു നിന്നു വടക്കോട്ടും വടക്കു നിന്നു തെക്കോട്ടും ആണ്! തെക്കു നിന്നു വടക്കോട്ടുള്ള ഈ സഞ്ചാരത്തെ ഉത്തരായനം എന്നും വടക്കു നിന്നു തെക്കോട്ടുള്ള സഞ്ചാരത്തെ ദക്ഷിണായനം എന്നും പറയുന്നു.
സൂര്യന്‍ നേരെ കിഴക്കുദിക്കില്‍ ഉദിക്കുന്നത് കൊല്ലത്തില്‍ രണ്ടു തവണ മാത്രമാണ്. മറ്റു ദിവസങ്ങളിലെല്ലാം കിഴക്കേ ചക്രവാളത്തില്‍ തന്നെ അല്‍പ്പം തെക്കോട്ടോ വടക്കോട്ടോ മാറിയായിരിക്കും സൂര്യന്റെ ഉദയം. ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവും ഭ്രമണത്തിന്റെ പ്രത്യേകതയും കൊണ്ടാണിതു സംഭവിക്കുന്നത്. സൂര്യന്റെ തെക്കോട്ടോ വടക്കോട്ടോ ഉള്ള മാറ്റത്തെയാണു ദക്ഷിണായനമെന്നും ഉത്തരായനമെന്നും പറയുന്നത്. ഇങ്ങനെയുള്ള മാറ്റത്തിനിടയില്‍ ഉത്തരായനം കഴിഞ്ഞ് ദക്ഷിണായനം ആരംഭിക്കുന്ന തീയതിയാണു കര്‍ക്കടകം ഒന്ന് എന്നതാണു കര്‍ക്കടകമാസത്തിന്റെ പ്രധാന പ്രത്യേകത. അതായത് കര്‍ക്കടകം ഒന്ന് ദക്ഷിണായനപുണ്യകാലമാണ്. മിഥുനം രാശിയില്‍ നിന്നു കര്‍ക്കടകം രാശിയിലേക്കു സൂര്യന്‍ പ്രവേശിക്കുന്ന കര്‍ക്കടകസംക്രമ മുഹൂര്‍ത്തം ഏറെ വിശേഷപ്പെട്ടതാകുകയും ചെയ്തു.
ഉത്തരായനകാലം ദേവന്മാരുടേതാണ്. ദക്ഷിണായനം പിതൃക്കളുടേതും. അതുകൊണ്ടുതന്നെ ദേവാലയങ്ങളിലെ പ്രതിഷ്ഠ തുടങ്ങിയ ചടങ്ങുകള്‍ ഉത്തരായനകാലത്തു മാത്രമേ പാടുകയുള്ളൂ. ദക്ഷിണായനം പിതൃക്കളുടേതാകയാല്‍ പിതൃക്കള്‍ക്കുള്ള ബലികര്‍മങ്ങള്‍ ചെയ്യാനും പുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ഏറ്റവും ഉത്തമം ദക്ഷിണായനകാലമാണ്. അതുകൊണ്ടാണു കര്‍ക്കടകത്തിലെയും തുലാമാസത്തിലെയും അമാവാസികള്‍ക്കു പിതൃകര്‍മത്തില്‍ കൂടുതല്‍ പ്രാധാന്യം കൈവന്നത്. കാലവര്‍ഷം ശക്തമാകുന്ന നാളുകള്‍ ആയതിനാല്‍ കര്‍ക്കടകം പഞ്ഞമാസമായിരുന്നു പണ്ട്. ആളുകള്‍ക്കു പണിക്കു പോകാന്‍ പറ്റാത്തതിനാല്‍ എങ്ങും ദാരിദ്ര്യം. അതുകൊണ്ടു തന്നെ കര്‍ക്കടകം ദുര്‍ഘടം എന്ന ചൊല്ലു പോലുമുണ്ടായി. ആ കര്‍ക്കടകത്തിന്റെ ദുരിതമഴയില്‍ നിന്ന് ആശ്വാസമേകിയിരുന്നതു രാമകഥാമൃതമായിരുന്നു. കര്‍ക്കടകസന്ധ്യകളില്‍ രാമായണം വായി’ക്കുന്നതിലൂടെ പുണ്യസഞ്ചയം സമ്പാദിക്കുകയായിരുന്നു നമ്മുടെ പഴമക്കാര്‍.
കര്‍ക്കടകത്തിനു കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും ഏറെ പവിത്രത കല്‍പ്പിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ ഇത് ആടിമാസമാണ്. ആടിമാസത്തില്‍ കോവിലുകളില്‍ പ്രത്യകം പൂജകളും മറ്റും നടക്കുന്നു. ഒറീസയില്‍ കര്‍ക്കടകസംക്രമം ഏറെ വിശേഷപ്പെട്ട ദിവസമാണ്. പുരി ജഗന്നാഥക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ നടക്കും. ബംഗാളിലും കര്‍ക്കടകം പുണ്യമാസമായി ആചരിക്കുന്നു.
മലയാളിയെ സംബന്ധി’ച്ചിടത്തോളം കര്‍ക്കടകം ഗൃഹാതുരസ്മരണയുടെ മാസം കൂടിയാണ്. പഴയ കാലത്തെ ഓര്‍മിപ്പിക്കുന്ന മറ്റൊരു നാളുകളുമില്ല നമ്മുടെ ജീവിതത്തില്‍.

LEAVE A REPLY

Please enter your comment!
Please enter your name here