വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ പൗരന് കുല്ഭൂഷണ് ജാദവ് (46) നല്കിയ ദയാഹര്‍ജി പാക്ക് സൈനിക കോടതി തള്ളി. എന്നാല്‍, പാക്ക് സൈനിക മേധാവിക്കു സമര്‍പ്പിച്ച ദയാഹര്‍ജി അദേഹത്തിന്റെ പരിഗണനയിലാണെന്നും നീതി നടപ്പാക്കുമെന്നും സൈനിക വക്താവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പട്ടാളക്കോടതിക്കു നല്കിയ ദയാഹര്‍ജി തള്ളിയെങ്കിലും പാക്ക് പ്രസിഡന്റിനു ഹര്‍ജി നല്കാന് ജാദവിന് അവസരമുണ്ട്. പാക്ക് പട്ടാളക്കോടതിയുടെ വിധി സ്റ്റേ ചെയ്ത രാജ്യാന്തര കോടതിയുടെ (ഐസിജെ) ഇടപെടലുമായി ദയാഹര്‍ജിക്കു ബന്ധമില്ലെന്നു പാക്ക് സൈന്യത്തിന്റെ ഭാഗമായ ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) നേരത്തെ അറിയിച്ചിരുന്നു.
ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം ജാദവ് സമ്മതിച്ചതായി അവകാശപ്പെട്ട പാക്ക് അധികൃതര്‍, മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന് കുറ്റസമ്മതം നടത്തുന്ന പുതിയ വിഡിയോ പുറത്തുവിട്ടിരുന്നു. പാക്കിസ്ഥാനില്‍ നടത്തിയ അട്ടിമറികളെക്കുറിച്ചു കുല്ഭൂഷണ് വിഡിയോയില്‍ വിവരിക്കുന്നുണ്ട്. ചെയ്തുപോയ തെറ്റുകളില്‍ പശ്ചാത്തപിക്കുന്നതായി പറയുന്നു.
നാവികസേനാ ഓഫിസറായി 2003ല്‍ വിരമിച്ചശേഷം ഇറാനിലെ ചാബഹാറില്‍ വ്യാപാരിയായിരിക്കേ പാക്ക് പട്ടാളം കുല്ഭൂഷണ് ജാദവിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇന്ത്യന്‍ ചാരനെന്നു മുദ്രകുത്തി പട്ടാളക്കോടതിയില്‍ വിചാരണ നടത്തി വധശിക്ഷ വധിച്ചതിനെതിരെയാണ് ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങിയത്. എന്നാല്‍, ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഇന്ത്യയ്ക്കു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന കണ്ടെത്തലുകള്‍ സത്യമാണെന്നും കുറ്റസമ്മതമൊഴിയിലും ദയാഹര്‍ജിയിലും ജാദവ് അക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നുമാണു പാക്കിസ്ഥാന്റെ നിലപാട്.