രാജ്യത്ത് ഗോ സംരക്ഷണത്തിന്റെ പേരില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പ് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്.
ക്രമസമാധാനം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്കി. കൂടാതെ ഗോ സംരക്ഷണത്തിന്റെ പേരില്‍ നിയമം കയ്യിലെടുക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയതായും കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ അറിയിച്ചു. ഇതിന്റെ പേരില്‍ ഒരു വ്യക്തിയെയോ സംഘത്തെയോ നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബീഫ് കൊണ്ടുപോയെന്നോ കൈവശം വെച്ചുവെന്നോ എന്നാരോപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആളുകളെ ജനക്കൂട്ടം ക്രൂരമായി മര്‍ദിക്കുകയും ചിലര്‍ക്ക് ജീവന് നഷ്ടമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മോദിയുടെ മുന്നറിയിപ്പ്. ഇതുമായി സംബന്ധിച്ച് അദ്ദേഹം നേരത്തെയും പ്രതികരണം നടത്തിയിരുന്നു.