ദിലീപ് സഹതാപ തരംഗം : പി.ആര്‍ ഏജന്‍സിയെ ഏര്‍പ്പാടാക്കിയത് ആര്‍എസ്എസ് നേതാവ്

0
147

നടിയെ ആക്രമിച്ച കേസില്‍ ജയിലിലടച്ച നടന്‍ ദിലീപിനായി സഹതാപം സൃഷ്ടിക്കാന്‍ രംഗത്തുള്ളത് ബിജെപിയുടെ പ്രചാരണചുമതലയുള്ള പി ആര്‍ ഏജന്‍സി. കൊച്ചി ആസ്ഥാനമായ ഈ ഏജന്‍സിയെ ലക്ഷങ്ങള്‍ വിലകൊടുത്താണ് വാടകയ്‌ക്കെടുത്തതെന്നറിയുന്നു. ടൂറിസം രംഗത്തടക്കം പ്രവര്‍ത്തിക്കുന്ന ഈ ഏജന്‍സിയെ തിരിച്ചറിഞ്ഞതായും ഉടന്‍ നടപടിയുണ്ടാകുമെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ അപകീര്‍ത്തിപ്പെടുത്തുന്നത് അന്വേഷണം തടസപ്പെടുത്തുന്നതിന് തുല്യമാണ്. അതിനാല്‍ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം കിട്ടിയിട്ടുണ്ട്.

ദിലീപിന്റെ കുടുംബസുഹൃത്തായ ആര്‍എസ്എസ് പ്രാന്തസംഘചാലകാണ് ഈ ഏജന്‍സിയെ തരപ്പെടുത്തിക്കൊടുത്തതെന്നും സൂചനയുണ്ട്. അറസ്റ്റിലായതോടെ സാമൂഹ്യമാധ്യമങ്ങളിലടക്കം ദിലീപിനെതിരെ കടുത്ത വിമര്‍ശം ഉയര്‍ന്നിരുന്നു. ഇത് കേരളത്തില്‍ സ്ത്രീ ആക്രമിക്കപ്പെട്ടതിനെതിരായ പൊതുബോധം ഉയരാനും ഇടയാക്കി. ഈ അവസരത്തിലാണ് വിലയ്‌ക്കെടുത്ത ഏജന്‍സിവഴി സാമൂഹ്യമാധ്യമങ്ങളില്‍ ദിലീപിന് അനുകൂലമായ പ്രതികരണങ്ങള്‍ സൃഷ്ടിക്കാന്‍ നീക്കം ആരംഭിച്ചത്. ദിലീപ് ഓണ്‍ലൈന്‍ എന്ന മാധ്യമകൂട്ടായ്മയും ഇതിനു പിന്തുണയുമായുണ്ട്.

ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഒരേദിവസം നൂറുകണക്കിന് വ്യാജ ഫെയ്‌സ്ബുക്ക് അക്കൌണ്ടുകളും ഓണ്‍ലൈന്‍ പത്രങ്ങളും ഇതിനുവേണ്ടി തുടങ്ങിയതായി കണ്ടെത്തി. പ്രമുഖ സിനിമ, കമ്യൂണിറ്റി പേജുകളെയും വിലയ്‌ക്കെടുത്തിട്ടുണ്ട്. ജയിലിലും പൊലീസ്‌കസ്റ്റഡിയിലുമിരിക്കെ ദിലീപിനുവേണ്ടി സാമൂഹ്യമാധ്യമരംഗത്ത് വലിയതോതിലുള്ള ഇടപെടല്‍ നടക്കുന്നതായി ജാമ്യഹര്‍ജിയെ എതിര്‍ത്ത് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ വ്യക്തമാക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here