നഴ്സുമാര്‍ 17 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കാമെന്ന് സമ്മതിച്ച് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍. കൊച്ചിയില്‍ ചേര്‍ന്ന മാനേജ്മെന്റ് പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ശമ്പളം വളരെ കൂടുതലാണെന്നും എങ്കിലും അടിയന്തര സാഹചര്യം പരിഗണിച്ച് സര്‍ക്കാരിന്റെ തീരുമാനത്തിനു വഴങ്ങുകയാണെന്നും പ്രതിനിധികള്‍ പറഞ്ഞു. നഴ്സുമാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും സമരത്തില്‍നിന്നു പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു. തുടര്‍നടപടികള്‍ക്ക് മാനേജ്മെന്റുകളുടെ കര്‍മസമിതി രൂപീകരിക്കാനും തീരുമാനമായി.
17,200 രൂപയാണ് സര്‍ക്കാര്‍ നിര്‍ദേശിച്ച കുറഞ്ഞ ശമ്പളം. എന്നാല്‍ ഈ നിര്‍ദേശം സ്വീകാര്യമല്ലെന്നും സുപ്രീം കോടതി നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്ത 20,000 രൂപ കുറഞ്ഞ ശമ്പളമായി ലഭിക്കണമെന്നുമാണ് നഴ്സുമാരുടെ നിലപാട്. പ്രശ്നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇടപെടാന്‍ സാധ്യത തെളിഞ്ഞതോടെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യുഎന്‍എ) 17 മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം 19ലേക്കു മാറ്റിയിരുന്നു.
എന്നാല്‍, യുഎന്‍എ സമരം മാറ്റിയെങ്കിലും ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് (ഐഎന്‍എ) കണ്ണൂര്‍, കാസര്‍കോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ 17 മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടു പോകുമെന്നു ഭാരവാഹികള്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ സമരം നേരിടാന്‍ കണ്ണൂരില്‍ ജില്ലാ ഭരണകൂടം കര്‍ശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്