നരേന്ദ്രമോദിയുമായുള്ള അസാമാന്യ രൂപ സാദൃശ്യമുള്ള പയ്യന്നൂര്ക്കാരന് രാമചന്ദ്രന് പ്രധാനമന്ത്രിയുടെ അപരന് എന്ന പ്രശസ്തി മതിയായി. മോദിയെ പോലെ നടന്നാലുള്ള പൊല്ലാപ്പുകള്‍ തിരിച്ചറിഞ്ഞു കൊണ്ടാണ് രാമചന്ദ്രന് രൂപ സാദൃശ്യം ഒഴിവാക്കാന്‍ തയാറെടുക്കുന്നത്. ആദ്യ പടി എന്ന നിലയില്‍ മോദിയുടെ പ്രശസ്തമായ താടിക്ക് സമാനമായ താടി വാദിച്ചു കളയാന്‍ ആണ് രാമചന്ദ്രന്റെ നീക്കം.
. മോദിയുടെ അപരന് എന്ന പേരില്‍ രാമചന്ദ്രന്റെ ചിത്രം നവമാധ്യമങ്ങളില്‍ അടുത്തിടെ വൈറലായിയിരുന്നു. ബെംഗളൂരിവുലേക്കു പോകാന്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തു നില്ക്കുമ്പോള് ആരോ ഒപ്പിച്ച കുസൃതിയാണ് രാമചന്ദ്രനെ പ്രശസ്തനാക്കിയത്.താടി,മുടി,മുഖം,നിറം.. എല്ലാം മോദിയുടേതു പോലെ..ഒറ്റ നോട്ടത്തില്‍ മോദിയല്ലെന്ന് ആരും പറയില്ല. ഇനിയല്പം സൂക്ഷിച്ചു നോക്കിയാലും മോദിയല്ലെന്നു കണ്ടുപിടിക്കാന്‍ അല്പമൊന്നു പാടുപെടും. എന്നാല്‍ മോദിയുടെ പേരിലുള്ള ഈ പ്രശസ്തി വേണ്ടെന്നു വെയ്ക്കാനാണ് രാമചന്ദ്രന്റെ തീരുമാനം. തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുമ്പോള്‍ രാമചന്ദ്രന് മകനോടൊപ്പം ബെംഗളൂരുവിലാണ്. പയ്യന്നൂര്‍ സ്വദേശിയായ കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് ഏറെക്കാലമായി വിദേശത്തായിരുന്നു. അടുത്ത കാലത്താണ് നാട്ടിലെത്തി സ്ഥിരതാമസം തുടങ്ങിയത്.
തന്റെ ചിത്രം ആളുകള്‍ ദുരുപയോഗം ചെയ്യുകയാണ്. കുറച്ചു നാളുകളായി ഇത് സംഭവിക്കുന്നു. ഇത് ഒഴിവാക്കാനാണ് താടി വടിക്കുന്നതെന്ന് രാമചന്ദ്രന് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. രാമചന്ദ്രന്റെ ചിത്രം വെച്ച് ഇറങ്ങിയ ട്രോളുകളിലും ഒരു കൂട്ടം ആളുകള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
നവമാധ്യമങ്ങളില്‍ രാമചന്ദ്രന് വൈറലായത് ആദ്യമായാണെങ്കിലും ഇതിനു മുന്‍പും പലരും മോദിയെന്ന് തെറ്റിദ്ധരിച്ചും മോദിയോടുള്ള രൂപസാദൃശ്യം കൊണ്ടും രാമചന്ദ്രന്റെ കൂടെനിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്. ഫോട്ടോ എടുക്കാനുള്ള ആളുകളുടെ തിരക്കു കാരണം ഒരു തവണ ട്രെയിന്‍ 20 മിനിറ്റ് വൈകിയാണ് സ്റ്റേഷന് വിട്ടതെന്ന് രാമചന്ദ്രന് ഓര്‍ക്കുന്നു.മോദിയെന്ന വ്യക്തിയെയും ഭരണാധികാരിയെയും ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് രാമചന്ദ്രന്. ഒരാള്‍ ആ കസേരയില്‍ ഇരിപ്പുണ്ടെന്ന തോന്നലുണ്ടാകുന്നത് ഇപ്പോളാണെന്ന് രാമചന്ദ്രന് പറയുന്നു. എന്നാല്‍ ബിജെപിയുടെ ആശയങ്ങളോട് രാമചന്ദ്രന് അത്ര യോജിപ്പൊന്നുമില്ല.
സോഷ്യല്‍ മീഡിയയില്‍ ടീഷര്‍ട്ടുമിട്ടു നില്ക്കുന്ന മോദിയുടെ അപരന്റെ ഫോട്ടോകള്‍ വൈറലായിരുന്നു. ഒപ്പം സ്നാപ്പ് ചാറ്റിലെ ഡോഗ് ഫില്‍ട്ടറിലുള്ള ചിത്രവും വൈറലായി. ഓള് ഇന്ത്യാ ബാക്ചോഡ്(എഐബി) എന്ന ട്രോള്‍ ഗ്രൂപ്പാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ചിലര്‍ തമാശയായെടുത്തപ്പോള്‍ മറ്റു ചിലര്‍ രൂക്ഷമായ പ്രതികരണങ്ങളാണ് നടത്തിയത്.എഐബിക്കെതിരെ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് മുംബൈ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എഐബിക്ക് 5 ലക്ഷം രൂപ പിഴയാണ് മുംബൈ പോലീസ് വിധിച്ചത്. മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളായിരുന്നു ഓള് ഇന്ത്യാ ബാക്ചോഡിനെതിരെ ചുമത്തിയത്.