ഇന്ത്യയുടെ രാഷ്ട്രപതിക്കായുള്ള വോട്ടെടുപ്പ് ആരംഭിച്ചു. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലുമായി തയ്യാറാക്കിയ പോളിംഗ് ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ ബാലറ്റ് പെട്ടികള്‍ ഡല്‍ഹിയിലേക്ക് അയയ്ക്കും.
നിലവിലെ അംഗസംഖ്യയനുസരിച്ച് രാജ്യസഭാ-ലോകസഭാ അംഗങ്ങളായ 726 എംപിമാരും വിവിധ നിയമസഭകളില്‍ നിന്നുള്ള 4120 എംഎല്‍എമാരുമാണ് ഇന്നത്തെ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്. രാജ്യതലസ്ഥാനത്ത് പാര്‍ലമെന്റിലെ 62-ാം നമ്പര്‍ മുറിയിലാണ് എംപിമാര്‍ക്കായുള്ള പോളിംഗ് ബൂത്തുള്ളത്.
ഈ ദിവസം ഡല്‍ഹിയില്‍ ഇല്ലാത്ത എംപിമാര്‍ക്ക് രാജ്യത്തെ ഏതെങ്കിലും നിയമസഭകളില്‍ വോട്ട് ചെയ്യാവുന്നതാണ്. ഇപ്രകാരം 41 ലോക്സഭാംഗങ്ങളും 11 രാജ്യസഭാഗംങ്ങളും ഡല്‍ഹിക്ക് പുറത്താണ് വോട്ടു ചെയ്യുന്നത്.
തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള ഒരു ജനപ്രതിനിധിയുടെ വോട്ട് മൂല്യം 152 വോട്ട് ആണ്. പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ സ്ഥാനം രാജിവച്ചതിനാല്‍ വേങ്ങര സീറ്റില്‍ എംഎംഎല്‍ ഇല്ല. അതിനാല്‍ 139 എംഎല്‍എമാരാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ളത്.