കര്‍ക്കിടകവും ആയുര്‍വേദചികിത്സയും

0
287

ആയുര്‍വേദ ചികിത്സയ്ക്കായി കര്‍ക്കടക മാസത്തെ കാത്തിരിക്കുന്ന ഒരു പാരമ്പര്യം കേരളീയര്‍ക്കുണ്ട്. കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാര്‍ഗമാണ് മഴക്കാലത്തെ കര്‍ക്കിടക ചികിത്സ. ശാരീരികവും മാനസികവുമായി ആരോഗ്യരക്ഷക്ക് ഏറെ പ്രാധാന്യം നല്‍കുന്നു ആയുര്‍വേദം. ഇതിനായി കര്‍ക്കടക മാസത്തെ ചികിത്സ ഉത്തമമാണ്.

വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ സന്തുലനാവസ്ഥയാണ് ആരോഗ്യത്തിന്റെ അടിസ്ഥാന ശിലകളായി ആയുര്‍വേദം വിവരിക്കുന്നത്. ഇതിന് ഭംഗം നേരിടുമ്പോള്‍ ശരീരത്തെ രോഗങ്ങള്‍ കീഴ്‌പ്പെടുത്തും. വേനല്‍കാലം, മഴകാലം, മഞ്ഞുകാലം തുടങ്ങിയ ഋതുഭേദങ്ങളില്‍ വരുന്ന മാറ്റങ്ങളും ഇതിന് ഒരു കാരണമാണ്. വേനലില്‍ നിന്ന് മഴയിലേക്ക് മാറുന്നതോടെ, ശരീരബലം കുറയുന്നു. ഇതുവഴി നഷ്ടപ്പെടുന്ന പ്രതിരോധശേഷി സുഖചികിത്സയിലൂടെ വീണ്ടെടുക്കാന്‍ സാധിക്കും.

പഞ്ചകര്‍മ ചികിത്സ

കര്‍ക്കിടക ചികിത്സയില്‍ ശരീരത്തിന് താങ്ങായിരിക്കുന്ന ത്രിദോഷങ്ങളുടെ അസന്തുലിതാവസ്ഥയെ പുന:ക്രമീകരിക്കുന്ന ചികിത്സാരീതികളും പഥ്യാഹാരങ്ങളുമാണുള്ളത്.

ആയുര്‍വേദത്തില്‍ പഞ്ചകര്‍മങ്ങളെന്ന് അറിയപ്പെടുന്ന വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം എന്നീ ശോധന ചികിത്സകളാണ് പ്രധാനം. രക്തമോക്ഷ ചികില്‍സ മാറ്റിനിര്‍ത്തിയാല്‍ മറ്റ് നാലു കാര്യങ്ങളും കേരളീയ പഞ്ചകര്‍മ ചികിത്സാരീതിയില്‍ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നു.

പഞ്ചകര്‍മ ചികിത്സകള്‍ പൂര്‍ണ ഫലപ്രാപ്തിയില്‍ എത്തിക്കുവാനായി ചികിത്സകള്‍ക്ക് മുമ്പായിതന്നെ സ്‌നേഹ, സ്വേദ രൂപത്തിലുള്ള ക്രിയകള്‍ (പൂര്‍വകര്‍മങ്ങള്‍) ചെയ്യുന്നു. ഇതിലൂടെ ശരീരധാതുക്കളില്‍ വ്യാപിച്ചിരിക്കുന്ന മാലിന്യങ്ങളെ സ്‌നേഹ, സ്വേദങ്ങള്‍ വഴി പുറത്തെത്തിക്കാന്‍ കഴിയുന്നു.

മാലിന്യങ്ങളെ ഛര്‍ദിപ്പിച്ചും വയറിളക്കിയും വസ്തിരൂപേണയും പുറത്തു കളയുന്നതാണ് ശോധനാ ചികിത്സ. കൂടാതെ ഇലക്കിഴി, അഭ്യംഗം, പിഴിച്ചില്‍, ഞവരക്കിഴി തുടങ്ങിയവയും പൂര്‍വ കര്‍മങ്ങളില്‍പ്പെടുന്നു.

ആയുര്‍വേദത്തിലെ പ്രധാന ചികിത്സാരീതികളില്‍ ഒന്നാണ് കിഴി. എന്നാല്‍ ഇത് വൈദ്യന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം മാത്രം ചെയ്യേണ്ട ഒന്നാണ്.
ഇലക്കിഴി

കരിനൊച്ചിയില, പുളിയില, ആവണക്കില എന്നിവ വൈദ്യ നിര്‍ദേശപ്രകാരം ഔഷധ സമ്പുഷ്ടമായ ഇലകളും തേങ്ങാപ്പീരയും വേപ്പെണ്ണയോ അനുയോജ്യമായ ഔഷധ തൈലങ്ങളോ ചേര്‍ത്ത് വറുത്ത് കിഴികെട്ടി തൈലത്താല്‍ അഭ്യംഗം ചെയ്തശേഷം ശരീരത്തില്‍ കിഴി ഉഴിയുന്നു.
ഞവരക്കിഴി

തവിട് കളയാത്ത ഞവരയരി, കുറുന്തോട്ടി കഷായം, പാല് ഇവ ചേര്‍ത്ത് വേവിച്ച് പായസ പരുവത്തിലെടുത്ത് തുണിയില്‍ കിഴികെട്ടി നിശ്ചിതസമയം ശരീരം മുഴുവനായി വിധിപ്രകാരം കിഴി പിടിക്കുന്നു. കിഴി പിടിക്കുന്ന സമയം ശരീരത്തിലെ താപനില ഒരേ രീതിയില്‍ ക്രമീകരിക്കുന്നതിനായി പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് ഒരു സ്‌നിഗ്ധ സ്വേദമാണ്.
പിഴിച്ചില്‍

ഔഷധങ്ങളാല്‍ സംസ്‌കരിക്കപ്പെട്ട തൈലങ്ങള്‍ (വ്യക്തിയുടെ ശരീരപ്രകൃതിക്ക് അനുയോജ്യമായവ) തെരഞ്ഞെടുത്ത് ധാരപാത്തിയില്‍ കിടക്കുന്ന രോഗിയുടെ ഇരുവശത്തുമായി നില്‍ക്കുന്ന പരിചാരകര്‍ ശരീരം മുഴുവന്‍ ധാരയായി തൈലം ഒഴിക്കുന്നു. തൈലത്തിന്റെ ചൂട് ക്രമീകരിച്ചു കൊണ്ടിരിക്കും. ഇതും സ്‌നേഹ സ്വേദത്തില്‍ ഉള്‍പ്പെടുന്ന പ്രക്രിയയാണ്
ശിരോധാര

ഔഷധ സംസ്‌കൃതമായ തൈലം നെറ്റിയിലൂടെ ധാരപാത്രത്തില്‍ നിന്ന് ധാരയായി വീഴ്ത്തുന്ന പ്രക്രിയയാണ് ശിരോധാര. ഊര്‍ധ്വ ജത്രു വികാരങ്ങളില്‍ ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. അതുപോലെ മാനസിക സമ്മര്‍ദം കൊണ്ടുണ്ടാകുന്ന ഉറക്കമില്ലായ്മയിലും മറ്റ് അനുബന്ധ വികാരങ്ങളിലും ഇത് വളരെ ഫലപ്രദമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here