കളക്ടര്‍ പറഞ്ഞാലും ജോലിക്കെത്തില്ലെന്ന് നെഴ്‌സിങ് വിദ്യാര്‍ത്ഥികള്‍

0
111

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് നഴ്സുമാര്‍ നടത്തുന്ന സമരത്തെ നേരിടാന്‍ അവസാന വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ ആശുപത്രികളില്‍ ജോലിക്ക് എത്തണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്.

കളക്ടറുടെ ഈ ഉത്തരവിനെതിരെ പരിയാരം സഹകരണ നഴ്‌സിംഗ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുകയാണ്. സ്വകാര്യ ആശുപത്രികളില്‍ ജോലിക്ക് പോകാനാവില്ലെന്നും ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

അതേസമയം ആശുപത്രി രജിസ്ട്രറില്‍ പോലും പേരില്ലാത്ത വിദ്യാര്‍ത്ഥികളെ ആശുപത്രി സേവനത്തിനായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഉത്തരവ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഉത്തരവിനെതിരെ പ്രതിഷേധവുമായി ബുധനാഴ്ച കണ്ണൂര്‍ കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

സമരത്തെ നേരിടാന്‍ കണ്ണൂരില്‍ കളക്ടര്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരവ് പാലിക്കാത്ത കോളേജുകള്‍ക്കെതിരേയും വിദ്യാര്‍ത്ഥികള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ഇന്നലെ തന്നെ കളക്ടര്‍ വ്യക്തമാക്കിയിരുന്നു.

സമരം ശക്തമാവുന്ന സാഹചര്യത്തിലും ജില്ലയില്‍ പനി പടരുന്ന പശ്ചാത്തലത്തിലുമാണ് വിദ്യാര്‍ത്ഥികളെ ആശുപത്രികള്‍ക്ക് വിട്ടു കൊടുക്കണമെന്ന് കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ജില്ലയിലെ എട്ട് നേഴ്സിംഗ് കോളേജുകള്‍ക്കാണ് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്.

ആശുപത്രികളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വാഹന സൗകര്യം ലഭ്യമാക്കണമെന്നും 150 രൂപ പ്രതിദിന വേതനം നല്‍കണമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here