നാല് സംസ്ഥാന ബിജെപി നേതാക്കള്‍ കുറ്റക്കാര്‍ എന്ന് അന്വേഷണ കമ്മീഷന്
കോഴ വാങ്ങിയവരില്‍ ബിജെപിയുടെ രണ്ടു ഗ്രൂപ്പ് നേതാക്കളും
by വെബ്ഡെസ്ക്
കേന്ദ്ര ഭരണം മുന്‍നിര്‍ത്തി കേരളത്തിലെ ബിജെപി ഗ്രൂപ്പുകള്കോഴ വാങ്ങിക്കൂട്ടുന്ന ആരോപണത്തില്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.തിരുവനന്തപുരത്തും പാലക്കാടും മെഡിക്കല്‍ കോളേജ് അനുവദിക്കാന്‍ സംസ്ഥാനത്തെ രണ്ടു പ്രബല ബിജെപി ഗ്രൂപ്പ് നേതാക്കളില്‍ ചിലര്‍ ഏഴു കോടി രൂപ വരെ കോഴയായി കൈപ്പറ്റിയെന്ന പാലക്കാട് ബിജെപി സംസ്ഥാന നേതൃ യോഗത്തിലെ ആരോപണങ്ങള്‍ ആണ് അന്വേഷണ പരിധിയില്‍ ഉള്ളത്. സംസ്ഥാനത്തെ നാല് ബിജെപി നേതാക്കള്‍ കോഴ പണം കൈപ്പറ്റിയെന്ന റിപ്പോര്‍ട്ട് നേരത്തെ തന്നെ കേന്ദ്ര നേതൃത്വത്തിന്റെ പക്കല്‍ ഉണ്ട്. ഈ രണ്ടു ആരോപണങ്ങളും 24 കേരള ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കാമെന്ന പേരില്‍ കൃഷ്ണദാസ് പക്ഷവും മുരളീധര പക്ഷവും വാങ്ങിയെന്ന ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളത്. പാര്‍ട്ടിക്കുള്ളിലെ ഇരുവിഭാഗങ്ങള്‍ ചരടുവലിച്ചാണ് പരാതികള്‍ കേന്ദ്രനേതൃത്വത്തിനു മുന്നില്‍ എത്തിച്ചത്.തിരുവനന്തപുരത്ത് മെഡിക്കല്‍കോളേജ് അനുവദിക്കാന്‍ ഇപ്പോള്‍ സംസ്ഥാന പാര്‍ട്ടിയുടെ ചുക്കാന്‍ കൈയ്യില്‍ ഉള്ള ഗ്രൂപ്പില്‍ ചിലര്‍ പണം വാങ്ങിയെന്ന ആരോപണം ആണ് ആദ്യം ഉയര്‍ന്നത്. തൊട്ടു പിന്നാലെ പാലക്കാട് മെഡിക്കല്‍ കോളേജിനായി എതിര് ഗ്രൂപ്പ് ഏഴു കോടി വാങ്ങിയെന്ന് സംസ്ഥാന പാര്‍ട്ടിയുടെ ഔദ്യോഗീക ഗ്രൂപ്പും പരസ്യ വിമര്‍ശനം ഉയര്‍ത്തി. ഇക്കാര്യം ദേശീയ അധ്യക്ഷനോട് അടുപ്പമുള്ള മുന്‍ സംസ്ഥാന അധ്യക്ഷന്‍ യോഗത്തില്‍ പരസ്യമായി പറഞ്ഞതോടെ രൂക്ഷമായ തര്‍ക്കത്തിനും വഴി വെച്ചിരുന്നു. ഇതേത്തുടര്‍ന്ന് ദേശീയ പ്രസിഡന്റ് അമിത് ഷാ തന്നെ സംഭവങ്ങള്‍ അന്വേഷിക്കാന്‍ നിരര്‍ദേശിക്കുകയായിരുന്നു.നേതാക്കളായ കെ.പി. ശ്രീശനും എ.കെ. നസീറും ഉള്‍പ്പെടുന്ന സമിതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. നാലുപേര്‍ക്കെതിരെ കുറ്റം കണ്ടെത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് പാര്‍ട്ടിക്കു മുന്നിലുള്ളത്. അവര്‍ക്ക് കൂട്ടുനിന്ന പ്രധാന നേതാക്കളിലേക്കും അന്വേഷണം ചെന്നെത്തുന്നുണ്ട്.
കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമ്പോള്‍, കേരളത്തിലെ ബി.ജെ.പി. നേതാക്കള്‍ അഴിമതി ആഘോഷമാക്കുന്നത് പാര്‍ട്ടിക്ക് തലവേദനയാകുകയാണ്. വാജ്പേയി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍, പെട്രോള്‍ പമ്പ് അഴിമതിയിലാണ് നേതാക്കള്‍ ഉള്‍പ്പെട്ടിരുന്നതെങ്കില്‍, ഇപ്പോള്‍ മെഡിക്കല്‍ കോളേജ് വിവാദമാണ് പാര്‍ട്ടിയെ വേട്ടയാടുന്നത്.വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് പെട്രോള്‍ പമ്പുകള്‍ അനുവദിക്കാന്‍ കോടികള്‍ കൈപ്പറ്റിയെന്നാണ് നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നത്. പാര്‍ട്ടി നേതൃത്വം അറിഞ്ഞുകൊണ്ടുള്ള അഴിമതിയായിരുന്നു അത്. പമ്പുകള്‍ അനുവദിക്കാന്‍ നേതാക്കള്‍ പാര്‍ട്ടി ഭാരവാഹികളോടുപോലും പണം ചോദിച്ചെന്ന് ആരോപണമുണ്ടായി. പ്രാഥമിക അന്വേഷണത്തില്‍ 18 കോടിയുടെ അഴിമതിയാണ് അന്ന് വെളിവായത്.
എന്നാല്‍, തുക അതിലും അപ്പുറം പോകുന്നതായിരുന്നു. കോടികള്‍ പാര്‍ട്ടിയുടെ പേരില്‍ പിരിച്ചെടുത്ത നേതാക്കള്‍ പാര്‍ട്ടിക്ക് നല്കിയതാകട്ടെ രണ്ട് കോടി മാത്രവും. ബാക്കി പണം നേതാക്കള്‍ തന്നെ കൈകാര്യം ചെയ്തു. ആര്.എസ്.എസില്‍ നിന്നുവന്ന തലമുതിര്‍ന്ന നേതാവിനെതിരെയായിരുന്നു അന്ന് ആരോപണങ്ങള്‍ ഏറെയും. പാര്‍ട്ടിക്കുള്ളിലെ ‘പരസ്യമായ’ പണമിടപാടായിരുന്നു അത്. കേന്ദ്ര നേതൃത്വം അറിഞ്ഞുതന്നെയായിരുന്നു ഇത്. പിരിച്ച പണം പാര്‍ട്ടിയുടെ അക്കൗണ്ടിലേക്ക് പോയില്ല. പാര്‍ട്ടി അക്കൗണ്ടിലെക്ക് പണം ഇടുന്നത് സുരക്ഷിതമല്ലെന്ന കാരണത്തില്‍ നേതാക്കള്‍തന്നെ സ്വന്തംനിലയില്‍ അത് കൈകാര്യം ചെയ്തു.
പി.കെ. വാസുദേവന്‍ നായരുടെ മരണത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ദയനീയമായി പരാജയപ്പെട്ടതിനെക്കുറിച്ച് അന്വേഷിച്ച രാമന് പിള്ള സമിതിയാണ്, പാര്‍ട്ടിക്കുള്ളില്‍ നടന്ന പെട്രോള്‍ പമ്പ് കുംഭകോണം വിനയായെന്ന് വിലയിരുത്തിയത്. പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭന് മുപ്പത്തേഴായിരത്തില്‍ താഴെ വോട്ടുമാത്രമാണ് അന്ന് ലഭിച്ചത്.
പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ തോല്‍വിയെക്കുറിച്ച് അന്വേഷിച്ച സമിതി, പെട്രോള്‍ പമ്പ് അനുവദിക്കുന്നതിന് വാങ്ങിയ പണം പാര്‍ട്ടിക്ക് കിട്ടിയില്ലെന്നും അതു നേതാക്കളുടെ കൈകളിലേക്ക് പോയെന്നും പാര്‍ട്ടിവിരുദ്ധ പ്രവര്ത്തനങ്ങള്ക്കായിപ്പോലും ആ പണം ഉപയോഗിക്കപ്പെട്ടെന്നും ചൂണ്ടിക്കാട്ടി. പാര്‍ട്ടിയിലെ ‘പണമിടപാട്’ പരസ്യമാക്കപ്പെട്ടിട്ടും അന്ന് ഒരു നടപടിപോലും ആര്‍ക്കെതിരേയും ഉണ്ടായില്ല. ബി.ജെ.പി. വീണ്ടും കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുമ്പോള്‍ സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്.പെട്രോള്‍ പമ്പ് ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നപ്പോള്‍ ആര്.എസ്.എസിന്റെ നിയന്ത്രണം ബി.ജെ.പിയില്‍ കുറവായിരുന്നു. ആര്.എസ്.എസിലൂടെ പാര്‍ട്ടിയിലെത്തിയ ഉന്നതനെതിരെയായിരുന്നു അന്ന് ആരോപണങ്ങളേറെയും ഉയര്‍ന്നത്. ഇന്ന് പാര്‍ട്ടിയെ അടിമുടി ആര്.എസ്.എസ്. നിയന്ത്രിക്കുമ്പോള്‍ എന്തു നിലപാടെടുക്കുമെന്നതും ശ്രദ്ധേയമാണ്.