ചൈനയ്ക്ക് വെല്ലുവിളി ഉയര്‍ത്തി മലബാര്‍ നാവീകാഭ്യാസം ; ചിത്രങ്ങള്‍ കാണാം

0
124


ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അരങ്ങേറിയ ‘മലബാര്‍’ നാവിക അഭ്യാസ പ്രകടനത്തില്‍ അണിനിരന്നത് ഇന്ത്യ-യുഎസ്-ജപ്പാന്‍ നാവിക സേനകളുടെ പുത്തന്‍ സാങ്കേതികവിദ്യകളും യുദ്ധോപകരണങ്ങളും ജലയാനങ്ങളും. ചൈനീസ് നാവിക സേന ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന സംശയങ്ങള്‍ക്കു പിന്നാലെയാണ് നാവികാഭ്യാസം അരങ്ങേറിയത്.

ഇന്ത്യന്‍ നാവിക സേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയും നാവികസേനയുടെ 10 യുദ്ധക്കപ്പലുകളുമാണു മലബാര്‍ അഭ്യാസപ്രകടനത്തില്‍ പങ്കെടുത്തത്. ഐഎന്‍എസ് ജലശ്വാ, ഐഎന്‍എസ് സഹ്യാദ്രി, ഐഎന്‍എസ് രണ്‍വീര്‍, ഐഎന്‍എസ് ശിവാലിക്, ഐഎന്‍എസ് ജ്യോതി, ഐഎന്‍എസ് കൃപാണ്‍, ഐഎന്‍എസ് കോറ, ഐഎന്‍എസ് കമോര്‍ത്ത, ഐഎന്‍എസ് കാഡ്മാട്, ഐഎന്‍എസ് സുകന്യ എന്നിവയാണ് ആഭ്യാസപ്രകടനങ്ങളില്‍ പങ്കെടുത്ത മറ്റ് കപ്പലുകള്‍. ഇതു കൂടാതെ ഐഎന്‍എസ് സിന്ധുധ്വജ് എന്ന അന്തര്‍വാഹിനിയും ഇത്തവണത്തെ മലബാര്‍ അഭ്യാസപ്രകടനത്തില്‍ വരവറിയിച്ചു.

യുഎസ്എസ് നിമിറ്റ്‌സ് എന്ന വിമാനവാഹിനി കപ്പലിന്റെ നേതൃത്വത്തിലുള്ള സ്‌ട്രൈക്കര്‍ സംഘമാണ് മലബാര്‍ പരിശീലനത്തിനായി യുഎസില്‍നിന്ന് എത്തിയത്. നിമിറ്റ്‌സിന് അകമ്പടി സേവിക്കുന്ന യുഎസ്എസ് പ്രിന്‍സ്റ്റണ്‍, യുഎസ്എസ് ഹൊവാര്‍ഡ്, യുഎസ്എസ് ഷൗപ്, യുഎസ്എസ് പിന്‍കിനി, യുഎസ്എസ് കിഡ് എന്നീ യുദ്ധക്കപ്പലുകളും യുഎസ്എസ് ജാക്‌സണ്‍വില്ലേ എന്ന അന്തര്‍വാഹിനിയും പരിശീലനത്തില്‍ പങ്കെടുത്തു. നിമിറ്റ്‌സില്‍ തന്നെ 5,000 യുഎസ് നാവിക സേന ഉദ്യോഗസ്ഥരാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിലൊന്നായ ജപ്പാന്റെ ജെഎസ് ഇസുമോയും ജെഎസ് സസാനമിയുമാണ് ജപ്പാനെ പ്രതിനിധീകരിച്ചത്.

ഇന്ത്യ-യുഎസ്-ജപ്പാന്‍ സംയുക്ത നാവിക അഭ്യാസമായ മലബാറില്‍ പങ്കെടുക്കാന്‍ യുഎസില്‍നിന്ന് എണ്ണായിരത്തിലേറെ നാവികരാണ് എത്തിയത്. ജപ്പാനില്‍ നിന്ന് ആയിരത്തിനടുത്ത് നാവികര്‍. ഇവരെല്ലാം ഇന്ത്യന്‍ സേനയോടൊത്തു സംയുക്ത അഭ്യാസത്തില്‍ പങ്കെടുത്തു. നൂറിലേറെ യുദ്ധവിമാനങ്ങളും സൈനിക ഹെലികോപ്റ്ററുകളും അഭ്യാസപ്രകടനത്തിന്റെ ഭാഗമായി. ഇന്ത്യയുടെയും യുഎസിന്റെയും രണ്ട് അന്തര്‍വാഹിനികളും അഭ്യാസപ്രകടനത്തില്‍ പങ്കാളികളായി.

മലബാര്‍ സംയുക്ത നാവിക അഭ്യാസത്തിന്റെ 21-ാം പതിപ്പാണ് നടന്നത്. കടലില്‍നിന്നുള്ള വ്യോമാക്രമണങ്ങളെ തടയാനുള്ള പരിശീലനവും അന്തര്‍വാഹിനികളില്‍നിന്നുള്ള ഭീഷണി നേരിടാനുള്ള പരിശീലനവുമാണ് 21-ാം പതിപ്പിന്റെ പ്രത്യേകത. കടലിലെ രക്ഷാപ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള നൂതന ആശയങ്ങളും അഭ്യാസപ്രകടത്തില്‍ രാജ്യങ്ങള്‍ കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here