കളമശേരി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി ആയിരുന്ന ഷംന തസ്നീമിന്റെ മരണകാരണം ചികിത്സാപ്പിഴവ് ക്രൈംബ്രാഞ്ചിന്റെയും മെഡിക്കല്‍ ബോര്‍ഡിന്റെ അപ്പെക്സ് കമ്മിറ്റിയുടെയും റിപ്പോര്‍ട്ട്. ഡോ. ജില്‍സ് ജോര്‍ജ്, ഡോ.കൃഷ്ണമോഹന്, നഴ്സിങ് സൂപ്രണ്ട് എന്നിവരുള്‍പ്പെടെ 15 പേര് സംഭവത്തില്‍ കുറ്റക്കാരാണെന്നും ഗുരുതരമായ ചികിത്സാപിഴവാണ് ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നു.
ഗുരുതരാവസ്ഥയിലായ രോഗിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഇന്ജക്ഷന് മൂലമുണ്ടായ അലര്‍ജിയാണ് മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.തസ്നീമിനെ ചികിത്സിച്ചിരുന്ന ഡോക്ടറായ ജില്‍സ് ജോര്‍ജിനെയും കൃഷ്ണ മോഹനെയും നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. 2016 ജൂലായ് 18നാണ് പനിക്ക് ചികിത്സ തേടിയാ ഷംന പഠിക്കുന്ന കോളജായ കളമശേരിയിലേക്ക്
ചികിത്സയ്ക്കെത്തിയത്. ഷംനയെ പരിശോധിച്ച ഡോക്ടര്‍ ജില്‍സ് ജോര്‍ജ്ജ് അലര്‍ജി സാധ്യത കൂടുതലുള്ള സെഫ്ട്രിയാക്സോണ് എന്ന ആന്റി ബയോട്ടിക്ക് കുറിച്ചു നല്‍കിയതാണ് മരണകാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.സാധാരണ പനി ബാധിച്ച് ചികിത്സ തേടിയെത്തിയ ഷംന കുത്തിവെപ്പിനു ശേഷം കടുത്ത അസ്വസ്ഥത അനുഭവിച്ചിരുന്നു. അഡ്മിറ്റ് ചെയ്ത വാര്‍ഡില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതും ചികിത്സ വൈകാന്‍ കാരണമായി. 20മിനിറ്റ് വൈകിയാണ് ഷംനയെ ഐ.സി.യുവിലേക്ക് മാറ്റിയത്. പെണ്‍കുട്ടിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായിരുന്നില്ല.