പാര്‍ലിമെന്റ് വര്‍ഷകാല സമ്മേളനം ഇന്ന് തുടങ്ങും

0
144

ഗോരക്ഷാ കൊലപാതകം, അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ , കര്‍ഷക ആത്മഹത്യ ഇവ ചൂടേറിയ ചര്‍ച്ചയാകും

പി.കെ. കുഞ്ഞാലിക്കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

by വെബ്‌ഡെസ്ക്

പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗോരക്ഷാ കൊലപാതകങ്ങളും ആക്രമണങ്ങളും കര്‍ഷക ആത്മഹത്യകളും അതിര്‍ത്തിയിലെ അസ്വാരസ്യങ്ങളും  എല്ലാം സമ്മേളനത്തില്‍ പ്രക്ഷുബ്ധ നിമിഷങ്ങള്‍ക്ക് വഴി വെക്കും എന്ന സാഹചര്യത്തില്‍ ആണ് സമ്മേളനം തുടങ്ങുന്നത്.പ്രതിപക്ഷ നേതാക്കളുമായി സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ ഇന്നലത്തെ കൂടിക്കാഴ്ച നല്‍കുന്ന സൂചനയും അതുതന്നെയാണ്.മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

ഗോരക്ഷയുടെ പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അക്രമങ്ങളിലും കൊലപാതകങ്ങളിലും രാഷ്ട്രീയ, വര്‍ഗീയ നിറം കലര്‍ത്തരുതെന്ന് നരേന്ദ്രമോഡി പ്രതിപക്ഷ നേതാക്കളോട് ആവശ്യപ്പെട്ടു. മോഡി ഭരണത്തിന്‍കീഴില്‍ രാജ്യത്ത് വ്യത്യസ്ത സംഭവങ്ങളിലായി 28 മുസ്ലിങ്ങള്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. അക്രമത്തിന് ഇരകളാകുന്നത് മുസ്ലിങ്ങളും ദളിതരും മാത്രമാണ്. അവയെപ്പറ്റി പാര്‍ലമെന്റില്‍ ഒരിക്കല്‍ പോലും പ്രതികരിക്കാന്‍ തയാറാവാത്ത പ്രധാനമന്ത്രി പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടാവണം അനുനയത്തിനു ശ്രമിക്കുന്നതെന്നുവേണം കരുതാന്‍.
ഗോരക്ഷയുടെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ക്രമസമാധാന ചുമതലയുള്ള സംസ്ഥാന സര്‍ക്കാരുകളുടെ ചുമലില്‍ കെട്ടിവച്ച് തടിതപ്പാനുള്ള ശ്രമമാണ് നരേന്ദ്രമോഡിയുടേത്. എന്നാല്‍ ഗോഹത്യയുടെ പേരില്‍ നടന്ന കൊലപാതകങ്ങളും മറ്റ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. മാത്രമല്ല, അത്തരം സംഭവങ്ങളെ ന്യായീകരിക്കാനും കുറ്റവാളികളെ രക്ഷപ്പെടുത്താനുമാണ് സംസ്ഥാന ബിജെപി സര്‍ക്കാരുകളും കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ സംഘ്പരിവാര്‍ നേതൃത്വവും ശ്രമിച്ചുപോന്നിട്ടുള്ളത്. കക്ഷിരാഷ്ട്രീയത്തിനും മതസമുദായ പരിഗണനകള്‍ക്കും അതീതമായി പ്രതിഷേധങ്ങള്‍ക്ക് ഇടനല്‍കിയ ഇത്തരം കൊലപാതകങ്ങളും അക്രമങ്ങളും വര്‍ഷകാല സമ്മേളനത്തില്‍ മോഡി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കും.
ഇന്ത്യ, ചൈന, ഭൂട്ടാന്‍ ത്രിരാഷ്ട്ര അതിര്‍ത്തിയിലെ ഉദ്വേഗജനകമായ സൈനിക അന്തരീക്ഷം, കശ്മീരില്‍ കെട്ടടങ്ങാന്‍ വിസമ്മതിക്കുന്ന സംഘര്‍ഷം, അമര്‍നാഥ് തീര്‍ഥാടകര്‍ക്കെതിരായ തീവ്രവാദി ആക്രമണം തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉയര്‍ത്തും. പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ് മേഖലയിലെ അസ്വസ്ഥതയും 24 പര്‍ഗാനയിലെ സാമുദായിക അന്തരീക്ഷവും പാര്‍ലമെന്ററി ചര്‍ച്ചകളില്‍ ഇടം പിടിക്കും.ജിഎസ്ടിയുടെ പിതൃത്വം അവകാശപ്പെട്ട് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന അര്‍ദ്ധരാത്രി നാടകവും വേണ്ടത്ര തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാതെ അത് നടപ്പാക്കിയതും സൃഷ്ടിച്ച ആശയക്കുഴപ്പങ്ങളും പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കും.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ യുഎസ്, ഇസ്രയേല്‍ സന്ദര്‍ശനങ്ങളും ഇരുരാജ്യങ്ങളുമായുണ്ടാക്കിയ കരാറുകളും വര്‍ഷകാല സമ്മേളന ചര്‍ച്ചകളില്‍ ഇടംപിടിക്കാതിരിക്കില്ല.

നോട്ട് അസാധൂകരണം സംബന്ധിച്ച് വ്യക്തമായ അന്തിമ കണക്കുകള്‍ അവതരിപ്പിക്കുന്നതില്‍ സര്‍ക്കാരിനും റിസര്‍വ്വ് ബാങ്കിനുമുണ്ടായ പരാജയവും ബിജെപി ഭരണം നടത്തുന്ന മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന കാര്‍ഷിക പ്രതിസന്ധിയും കര്‍ഷക ആത്മഹത്യകളും സമ്മേളനത്തെ പ്രക്ഷുബ്ധമാക്കും. കാര്‍ഷിക കടാശ്വാസ പദ്ധതികളോട് പുറം തിരിഞ്ഞുനില്‍ക്കുന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നയങ്ങള്‍ കടുത്ത വിമര്‍ശനം ക്ഷണിച്ചുവരുത്തും. സമ്മേളനകാലയളവിലാണ് നൂറില്‍പരം കര്‍ഷക സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ മധ്യപ്രദേശിലെ കര്‍ഷക സമരത്തിന്റെ ചുഴലികാറ്റായി മാറിയ മാന്‍സോറില്‍ നിന്നുളള കര്‍ഷക ജാഥ തലസ്ഥാനത്ത് എത്തിച്ചേരുക എന്നതും ശ്രദ്ധേയമാണ്.
സമ്മേളനത്തിന്റെ ഒന്നാം ദിവസമായ ഇന്ന് കാര്യമായ യാതൊരു നടപടിക്രമങ്ങള്‍ക്കും ഇടയില്ല. അന്തരിച്ച ലോകസഭാംഗങ്ങളായ വിനോദ് ഖാന്ന, അനില്‍ ദാവെ എന്നിവര്‍ക്കും രാജ്യസഭാംഗമായ പി ഗോവര്‍ധന്‍ റെഡ്ഡിക്കും അനുശോചനം രേഖപ്പെടുത്തി ഇരുസഭകളും പിരിയും. ഇന്നുതന്നെയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇരുസഭകളിലെ അംഗങ്ങളും വോട്ട് രേഖപ്പെടുത്തുക. വര്‍ഷകാല സമ്മേളനത്തില്‍ അഴിമതി നിരോധന ഭേദഗതി ബില്‍, വിസില്‍ബ്ലോവര്‍ സംരക്ഷണയ്ക്കായുള്ള ബില്‍, പൗരത്വ ഭേദഗതി ബില്‍, മോട്ടോര്‍ വാഹന ഭേദഗതി ബില്‍, ഉപഭോക്തൃ സംരക്ഷണ ബില്‍, കമ്പനി ഭേദഗതി ബില്‍ തുടങ്ങി ഒരു ഡസന്‍ ബില്ലുകള്‍ പാസാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here