പുതുവൈപ്പ് സമരക്കാര്‍ ശ്രമിച്ചത്‌ പ്രധാനമന്ത്രിയുടെ ട്രയല്‍ റണ്‍ തടയാന്‍ : യതീഷ് ചന്ദ്ര

0
71

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ റിഹേഴ്‌സല്‍ തടസപ്പെടുത്താനും അതുവഴി സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഛായ മോശമാക്കി, പുതുവൈപ്പ് സമരത്തെ ദേശീയതലത്തിലെത്തിക്കാനുമുള്ള ശ്രമമാണു ഹൈക്കോടതി ജംക്ഷനില്‍ പുതുവൈപ്പ് സമരക്കാര്‍ നടത്തിയതെന്നു കൊച്ചി ഡിസിപി യതീഷ്ചന്ദ്ര. ഐഒസി ടെര്‍മിനലിനു സുരക്ഷയൊരുക്കാന്‍ നിര്‍ദേശം നല്‍കിയ ഹൈക്കോടതിക്കുള്ളിലേക്കു മാര്‍ച്ച് നടത്താനും സമരക്കാര്‍ തീരുമാനിച്ചിരുന്നതായി സംശയിക്കുന്നുവെന്നു മനുഷ്യാവകാശ കമ്മിഷനു നല്‍കിയ വിശദീകരണത്തില്‍ ഡിസിപി ആരോപിച്ചു.

പ്രധാനമന്ത്രിക്കു കൊച്ചിയില്‍ സുരക്ഷാ ഭീഷണിയുണ്ടെന്നു കേന്ദ്ര രഹസ്യാന്വേഷണവിഭാഗവും സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷ കൂടി കണക്കിലെടുത്താണു ഹൈക്കോടതി ജംക്ഷനില്‍നിന്നു സമരക്കാരെ നിയമവിധേയമായ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്തത്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ റിഹേഴ്‌സല്‍ തടസപ്പെടുന്ന സാഹചര്യമുണ്ടായാല്‍ കൊച്ചി മെട്രോ ഉദ്ഘാടനത്തിനുള്ള പ്രധാനമന്ത്രിയുടെ വരവ് തന്നെ തടസപ്പെടുമായിരുന്നു.

സമരക്കാരെ റോഡിലൂടെ വലിച്ചിഴച്ചുവെന്ന ആരോപണം തെറ്റാണ്. പൊലീസ് നടപടിക്കെതിരായ പരാതി പൊലീസിനെ ഇടിച്ചുതാഴ്ത്താനും വില കുറഞ്ഞ പ്രചാരണത്തിനും വേണ്ടിയുള്ളതാണെന്നും വിശദീകരണക്കുറിപ്പില്‍ യതീഷ്ചന്ദ്ര വ്യക്തമാക്കി.നാഷനല്‍ ഹ്യൂമന്‍ റൈറ്റ്‌സ് മിഷന്‍ എന്ന സംഘടനയാണു പൊലീസ് നടപടിക്കെതിരെ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിരുന്നത്. കേസ് അടുത്ത ഒന്‍പതിനു പരിഗണിക്കുമെന്നും അന്ന് ഡിസിപി നേരിട്ടു ഹാജരാകണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here