പൾസറിനെ അടുത്തറിയാം, വീട്ടുകാർക്കും പരിചയമുണ്ട്: മുകേഷിന്റെ മൊഴി

0
87

യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസുമായി ബന്ധപ്പെട്ട് എംഎൽഎമാരായ മുകേഷ്, അൻവർ സാദത്ത് എന്നിവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. എംഎൽഎ ഹോസ്റ്റലിലെത്തിയായിരുന്നു മൊഴിയെടുപ്പ്. കേസിലെ മുഖ്യപത്രിയായ പൾസർ സുനി ഒരു വർഷം മുകേഷിന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുകേഷിന്റെ മൊഴി രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചത്.

പൾസർ സുനിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് അന്വേഷണ സംഘം ചോദിച്ചതെന്ന് മുകേഷ് പറഞ്ഞു. പൾസർ സുനിയെ അടുത്തറിയാമെന്ന് മുകേഷ് മൊഴി നൽകിയിട്ടുണ്ട്. സുനിക്ക് തന്റെ വീട്ടുകാരെയും പരിചയമുണ്ട്. ഒരു വർഷം തന്റെ ഡ്രൈവറായിരുന്നു സുനി. നടി ആക്രമിക്കപ്പെട്ട വിവരമറിഞ്ഞത് മാധ്യമങ്ങളിൽനിന്നാണെന്നും മുകേഷ് മൊഴി നൽകി. ചോദ്യാവലിയുമായിട്ടായിരുന്നു സിഐയും എസ്‌ഐയുമടങ്ങുന്ന സംഘം മൊഴി രേഖപ്പെടുത്താനെത്തിയത്.

ദിലീപുമായുള്ള സൗഹൃദം, ഫോൺ സംഭാഷണങ്ങൾ, കൂടിക്കാഴ്ചകൾ, സാമ്പത്തിക ഇടപാടുകൾ, വിദേശയാത്രകൾ തുടങ്ങിയവയെക്കുറിച്ചാണ് പൊലീസ് ചോദിച്ചറിഞ്ഞെന്ന് അൻവർ സാദത്ത് മാധ്യമങ്ങളോട് പറഞ്ഞു. പൾസർ സുനിയുമായി ബന്ധമില്ലെന്നു പൊലീസിനെ അറിയിച്ചതായും മൊഴിയെടുക്കലിനുശേഷം സാദത്ത് മാധ്യമങ്ങളോടു വ്യക്തമാക്കി.

തൃക്കാക്കര എംഎൽഎ പി.ടി.തോമസിന്റെ മൊഴിയും പൊലീസ് ഉടൻ രേഖപ്പെടുത്തും. സംഭവം നടന്ന ദിവസം സംവിധായകനും നടനുമായ ലാലിന്റെ വീട്ടിലേക്ക് ആദ്യമെത്തിയവരിൽ ഒരാളായിരുന്നു പി.ടി.തോമസ്. കേസിന്റെ ആദ്യം മുതൽതന്നെ അദ്ദേഹത്തിന്റെ ശക്തമായ ഇടപെടലുണ്ടായിരുന്നു. തിരുവനന്തപുരത്തുവച്ചായിരിക്കും പി.ടി.തോമസിന്റെയും മൊഴിയെടുക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here