പാറക്കല്‍ അബ്ദുള്ള ചെന്നൈയില്‍ വോട്ടു ചെയ്യും
വേങ്ങര ഒഴിഞ്ഞു കിടക്കുന്നതിനാല്‍ മീരാ കുമാറിന് 152വോട്ടുകളുടെ മൂല്യംകുറയും
രാജ്യത്തിന്റെ പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലുമാണ് വോട്ടെടുപ്പ്. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. ഈമാസം 20-നാണ് വോട്ടെണ്ണല്‍.എന്‍.ഡി.എ. സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദും പ്രതിപക്ഷസ്ഥാനാര്‍ഥി മീരാകുമാറും തമ്മിലാണ് മത്സരം. ബിഹാര്‍ ഗവര്‍ണറായിരുന്ന രാംനാഥ് കോവിന്ദ് ഉത്തര്‍പ്രദേശ് സ്വദേശിയാണ്. ബിഹാര്‍ സ്വദേശിയായ മീരാകുമാര്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ലോക്സഭാ സ്പീക്കറുമാണ്.
ഇപ്പോഴത്തെ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി 25-നാണ് സ്ഥാനമൊഴിയുന്നത്. പാര്‍ലമെന്റിലെ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ ഒഴികെയുള്ള അംഗങ്ങള്‍ പാര്‍ലമെന്റ് മന്ദിരത്തിലും എം.എല്‍.എ.മാര്‍ അതത് സംസ്ഥാന നിയമസഭാ മന്ദിരത്തിലുമാണ് വോട്ട് രേഖപ്പെടുത്തുക. പാര്‍ലമെന്റിന്റെ അറുപത്തിരണ്ടാം മുറിയിലാണ് വോട്ടെടുപ്പിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
സംസ്ഥാനങ്ങള്‍ തിരിച്ച് ഒരുക്കിയിരിക്കുന്ന ആറ് ടേബിളുകളില്‍ അതത് സംസ്ഥാനത്തുനിന്നുള്ള എം.പി.മാര്‍ വോട്ടുചെയ്യണം. ഉത്തര്‍പ്രദേശില്‍ നിന്നുള്ള എം.പി.മാരായ പ്രധാനമന്ത്രി നരേന്ദ്രമോദി, സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ആറാം നമ്പര്‍ ടേബിളില്‍ വോട്ട്ചെയ്യും. എം.പി.മാര്‍ക്ക് അതത് സംസ്ഥാനത്തുള്ള കേന്ദ്രത്തിലും വോട്ട് ചെയ്യാം. എം.എല്‍.എ.മാര്‍ തിങ്കളാഴ്ച ഡല്‍ഹിയിലുണ്ടെങ്കില്‍ തലസ്ഥാനത്തെ കേന്ദ്രത്തില്‍ വോട്ടുചെയ്യാം. തിരഞ്ഞെടുപ്പ് കമ്മിഷന് നല്കുന്ന പേന ഉപയോഗിച്ചാണ് ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്തേണ്ടത്. എം.പി.മാര്‍ക്ക് പച്ചനിറത്തിലും എം.എല്‍.എ.മാര്‍ക്ക് പിങ്ക് നിറത്തിലുമുള്ള ബാലറ്റ് പേപ്പറുകളാണ് നല്‍കുക.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 10,98,903 ആണ് ആകെ വോട്ട് മൂല്യം. എന്‍.ഡി.എ. സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് വ്യക്തമായ മൂന്‍തൂക്കം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. 63 ശതമാനം വോട്ട് കോവിന്ദിന് ലഭിക്കുമെന്നാണ് ബി.ജെ.പി.യുടെ പ്രതീക്ഷ. പുതിയ രാഷ്ട്രീയസാഹചര്യത്തില്‍ പാര്‍ട്ടി നിര്‍ദേശങ്ങള്‍ മറികടന്ന് വിവിധ പാര്‍ട്ടികളില്‍നിന്ന് മീരാകുമാറിന് വോട്ട് ലഭിക്കുമെന്ന് പ്രതിപക്ഷവും കണക്കുകൂട്ടുന്നു.
തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് 138 എംഎല്‍എമാര്‍ വോട്ട്ചെയ്യും. 141 നിയമസഭാ അംഗങ്ങളില്‍ നാമനിര്‍ദേശം ചെയ്ത ആംഗ്ളോഇന്ത്യന്‍ പ്രതിനിധിക്ക് വോട്ടവകാശമില്ല. മുസ്ളിംലീഗിലെ പാറക്കല്‍ അബ്ദുള്ള ചെന്നൈയിലാണ് വോട്ട് ചെയ്യുക. പി കെ കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് തെരഞ്ഞെടുത്തതിനെ തുടര്‍ന്ന് വേങ്ങര സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്.
നിയമസഭാ മന്ദിരത്തിലെ 604-ാം നമ്പര്‍ മുറിയില്‍ പ്രത്യേകം തയ്യാറാക്കുന്ന ബൂത്തില്‍ രാവിലെ പത്തിന് പോളിങ് ആരംഭിക്കും. തെരഞ്ഞെടുപ്പു കമീഷന് നല്കുന്ന പേന ഉപയോഗിച്ചു മാത്രമേ വോട്ടു ചെയ്യാവൂ എന്ന നിബന്ധനയുണ്ട്. ഇത് ലംഘിച്ചാല്‍ വോട്ട് അസാധുവാകും. ജനസംഖ്യാനുപാതികമായി കേരളത്തില്‍നിന്നുള്ള ഒരു എംഎല്‍എയുടെ വോട്ടിങ് മൂല്യം 152 ആണ്.പോളിങിന് ശേഷം ബാലറ്റ്പെട്ടി സീല്‍ചെയ്ത് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. നിയമസഭാ സെക്രട്ടറി വി കെ ബാബുപ്രകാശാണ് വരണാധികാരി. അനൂപ് മിശ്ര തെരഞ്ഞെടുപ്പു കമീഷന് നിരീക്ഷകനായിരിക്കും.