സഹപാഠികളെ മര്‍ദ്ദനത്തെ തുടര്‍ന്ന് അഞ്ചാം ക്ലാസ്സുകാരന് മരിച്ചു. വടക്കന്‍ ഡല്‍ഹിയിലെ രോഹിണിയിലെ സ്കൂള്‍ വിദ്യാര്‍ത്ഥിയായ വിശാല്‍ എന്ന പതിനൊന്നുകാരനാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.
നിസാര പ്രശ്നത്തെ തുടര്‍ന്ന് വിശാലും നാല് സഹപാഠികളും തമ്മില്‍ ക്ലാസില്‍ വഴക്കിട്ടു. അന്ന് സ്കൂളില്‍ നിന്നും തിരിച്ചെത്തിയ വിശാല്‍ ഇക്കാര്യത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല.
എന്നാല്‍ അടുത്ത ദിവസം വിശാലിന് കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ അംബേദ്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ പുരോഗമിക്കുന്നതിനിടെ ഇന്നലെയാണ് വിശാല്‍ മരിച്ചത്.
വിശാലിന്റെ ശരീരത്തിന് പുറത്ത് മുറിവുകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതാവാം മരണകാരണമെന്നും പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. മാതാപിതാക്കളുടെ പരാതിയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.