ദോക് ലായിൽ സംഘർഷം രൂക്ഷമായിരിക്കെ ഇന്ത്യ – ചൈന അതിർത്തിയിൽ 73 റോഡുകൾ നിർമിക്കുമെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു. ലോക്സഭയിലാണ് റിജ്ജു ഇക്കാര്യം അറിയിച്ചത്. തന്ത്രപ്രധാനമായ 73 റോഡുകളാണ് നിർമിക്കുന്നത്. ഇതിൽ 46 എണ്ണം പ്രതിരോധമന്ത്രാലയവും 27 എണ്ണം ആഭ്യന്തര മന്ത്രാലയവും നിർമിക്കും – റിജ്ജു പറഞ്ഞു.
ഇതുവരെ 30 റോഡുകൾ നിർമിച്ചിട്ടുണ്ട്. 2012–13 കാലയളവിലായിരുന്നു റോഡുകൾ നിർമിക്കേണ്ടിയിരുന്നത്. എന്നാൽ കാലാവസ്ഥ, വനം – വന്യജീവി വകുപ്പുകളുടെ അനുമതി തുടങ്ങിയ കാരണങ്ങളാൽ നിർമാണം നീണ്ടുപോകുകയായിരുന്നു. നിർമാണം വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തരസെക്രട്ടറി തലവനായ ഉന്നതാധികാര സമിതിയെ നിയോഗിച്ചിട്ടുണ്ട്. അതിർത്തിയിലെ വികസനപ്രവർത്തനങ്ങളെക്കുറിച്ചും ഈ സമിതി വിലയിരുത്തുമെന്ന് റിജ്ജു പറഞ്ഞു.
ജമ്മു കശ്മീർ മുതൽ അരുണാചൽ പ്രദേശ് വരെ 3,488 കിലോ മീറ്റർ അതിർത്തിയാണ് ഇന്ത്യയും ചൈനയും പങ്കിടുന്നത്. കഴിഞ്ഞ മൂന്നാഴ്ചയായി ദോക് ലായിൽ ഇന്ത്യയും ചൈനയും തമ്മിൽ വലിയ സംഘർഷമാണു നിലനിൽക്കുന്നത്. മേഖലയിൽ ചൈനീസ് സേന റോഡു നിർമിക്കുന്നതാണ് സംഘർഷത്തിന്റെ അടിസ്ഥാനം.