ജയം ഉറപ്പിച്ച് വെങ്കയ്യ ; ദക്ഷിണേന്ത്യന്‍ ബിജെപിക്ക് കിട്ടുന്ന ആദരം

0
109

വെങ്കയ്യ 527 വോട്ടു നേടുമെന്ന് എന്‍.ഡി.എ പ്രതീക്ഷ

അണ്ണാഡിഎംകെ, ബിജെഡി, ടിആർഎസ്, തുടങ്ങിയ പാര്‍ട്ടികള്‍ തുണയ്ക്കാന്‍ സാധ്യത

by വെബ്ഡെസ്ക്

ഭരണപക്ഷത്തിന് മേല്‍ക്കൈ ഇല്ലാത്ത രാജ്യസഭ നിയന്ത്രിക്കാനും സര്‍ക്കാര്‍ നയതന്ത്രം നടപ്പിലാക്കാനും  പരിചിതവും സൗമ്യവുമായ ഒരു മുഖം വേണം..രാഷ്ട്രപതി ഭവനില്‍ കടുത്ത ആര്‍.എസ്.എസുകാരനായ രാംനാഥ്‌  കോവിന്ദ് സ്ഥാനം പിടിക്കുമ്പോള്‍ ഉപരാഷ്ട്രപതി കസേരയില്‍ ബിജെപിക്ക് വേണ്ടിയിരുന്നത് ഒരു സൗമ്യ മുഖമുള്ള സംഘപരിവാരുകാരനെ ആയിരുന്നു. കേന്ദ്രമന്ത്രിയും മുന്‍ ബിജെപി ദേശീയ അധ്യക്ഷനുമായ വെങ്കയ്യ നായിഡുവിന് നറുക്ക് വീഴാന്‍ കാരണം കാവി രാഷ്ട്രീയത്തോടുള്ള കൂറിനൊപ്പം ഇതര രാഷ്ട്രീയ കക്ഷികളുമായുള്ള ഊഷ്മള ബന്ധം നിലനിര്‍ത്തുന്ന നേതാവ് എന്ന പരിഗണന കൊണ്ട് കൂടിയാണ്. ബിജെപിക്ക് ഒരു റോളും നിര്‍വഹിക്കാന്‍ ഇല്ലാത്ത സമയത്ത് പോലും തമിഴ്നാട് രാഷ്ട്രീയ കക്ഷികളുമായി സഖ്യം ഉണ്ടാക്കാനും നിര്‍ണയ സന്ധികളില്‍ അവരുടെ പിന്തുണ ആര്‍ജിക്കാനും വെങ്കയ്യ കാട്ടിയ മിടുക്ക് മാത്രം മതി രാജ്യസഭാ നിയന്ത്രണത്തില്‍ അദ്ദേഹത്തിന് മുതല്‍ക്കൂട്ടായി.

രാഷ്‌ട്രപതി ഉപരാഷ്ട്രപതി സ്ഥാനങ്ങളിലേക്ക് പരിഗണിക്കപെടും എന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നപ്പോള്‍ വെങ്കയ്യ സരസമായി പ്രതികരിച്ചത് തനിക്കു ഭാര്യ ഉഷയുടെ പതിയായാല്‍ മതി എന്നാണ്.ഗൌരവതരമായ ഡല്‍ഹി രാഷ്ട്രീയ ഉപശാലകളില്‍ ഇത്തരം നര്‍മബോധവും കുറിക്കു കൊള്ളുന്ന മറുപടികളും തരാന്‍ പ്രാപ്തിയുള്ള നേതാക്കള്‍ കുറവ്. എല്ലാവരെയും ചിരിച്ചു കൊണ്ട് എപ്പോഴും അഭിമുഖീകരിക്കാനുള്ള പ്രാപ്തി തന്നെ മതി ഡല്‍ഹിയിലെ രാഷ്ട്രീയ മുഖങ്ങളില്‍ വെങ്കയ്യ എന്ന ആന്ധ്രപ്രദേശുകാരനെ മാറ്റി നിര്‍ത്താന്‍. രാജസ്ഥാനിൽനിന്ന് നാലാം വട്ടവും രാജ്യസഭയിലെത്തിയ നായിഡു പ്രതിപക്ഷത്തിനു മേൽക്കോയ്മയുള്ള സഭയിൽ ഭരണപക്ഷത്തിന്റെ നിലപാടുകളെ ശക്തമാക്കി നിർത്താൻ വളരെയധികം സഹായിച്ചിട്ടുണ്ട്. പലഘട്ടങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളെ ശക്തിയുക്തം പ്രതിരോധിച്ചിട്ടുമുണ്ട്. 1998 ഏപ്രിലിലാണു നായിഡു രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2004, 2010, 2016 വർഷങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം നിരവധി പാർലമെന്ററി കമ്മിറ്റികളിൽ അംഗവും ചിലവയിൽ അധ്യക്ഷനുമാണ്.

രാഷ്ട്രപതി സ്ഥാനത്തേക്ക് വടക്കേ ഇന്ത്യയിൽനിന്നുള്ള റാം നാഥ് കോവിന്ദിനെയാണ് പാർട്ടി പരിഗണിച്ചത്. ഉത്തർ പ്രദേശിലെ കാൻപുർ സ്വദേശിയാണ് കോവിന്ദ്. അതുകൊണ്ടുതന്നെ ആന്ധ്രാപ്രദേശിൽനിന്നുള്ള നായിഡുവിന്റെ രംഗപ്രവേശത്തോടെ ഇന്ത്യയുടെ രണ്ട് അറ്റങ്ങളെയും പരിഗണിച്ചെന്ന വികാരം ഉയർത്താൻ ബിജെപിക്കാകും എന്നതാണ് ഈ തിരഞ്ഞെടുപ്പ് കൊണ്ടുള്ള നേട്ടം. എംപിമാർക്ക് മാത്രം വോട്ടു ചെയ്യുന്ന  ഉപരാഷ്ട്രപതി തിര‍ഞ്ഞെടുപ്പിൽ ലോക്സഭയിൽനിന്നും രാജ്യസഭയിൽ നിന്നുമായി 787 എംപിമാരാണ് വോട്ടുചെയ്യുക. എൻഡിഎയുടെ കണക്കുകൂട്ടലിൽ 527 വോട്ട് നേടി വെങ്കയ്യ ജയിക്കുമെന്നാണ്. ബിജെപിക്കും സഖ്യകക്ഷികൾക്കുമായി 426 വോട്ട് ലഭിക്കും. അണ്ണാഡിഎംകെ, ബിജെഡി, ടിആർഎസ്, വൈകെപി, പിഎംകെ, എഐഎൻആർ കോൺഗ്രസ് തുടങ്ങിയ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി 101 വോട്ടും ലഭിക്കുമെന്നും കണക്കുകൂട്ടുന്നു. നിലവിലെ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയുടെ കാലാവധി ഒാഗസ്റ്റ് 10ന് അവസാനിക്കും.

വിദ്യാർഥി പ്രക്ഷോഭത്തിലൂടെ ആരംഭിച്ച് പടിപടിയായുള്ള കയറ്റമാണ് ബിജെപിയിൽ വെങ്കയ്യാ നായിഡുവിന്റേത്. 1978ൽ എംഎൽഎയായി ആന്ധ്രപ്രദേശ് നിയമസഭയിലെത്തി. ആന്ധ്ര പ്രദേശിലെ നെല്ലൂർ സ്വദേശിയായ വെങ്കയ്യ നായിഡു ജയപ്രകാശ് നാരായണന്റെ ക്ഷാത്ര സംഘർഷ സമിതിയുടെ വിദ്യാർഥി പ്രക്ഷോഭങ്ങളിലൂടെയാണു രാഷ്‌ട്രീയത്തിലിറങ്ങിയത്. 1977 മുതൽ ’80 വരെ ജനതാപാർട്ടി യുവജന വിഭാഗത്തിന്റെ ആന്ധ്രപ്രദേശ് ഘടകം പ്രസിഡന്റായി പ്രവർത്തിച്ചു. ഭാരതീയ യുവമോർച്ച രൂപവൽക്കരിക്കപ്പെട്ട ’80 മുതൽ മൂന്നു വർഷം ദേശീയ വൈസ് പ്രസിഡന്റായിരുന്നു. ബിജെപിയുടെ എംഎൽഎയും നിയമസഭാകക്ഷി നേതാവുമായി പ്രവർത്തിച്ചു. ബിജെപി സംസ്‌ഥാന പ്രസിഡന്റായി ’88ൽ തിരഞ്ഞെടുക്കപ്പെട്ടു. ’93 മുതൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. രാജ്യസഭയിലേക്ക് ’98ൽ തിരഞ്ഞെടുക്കപ്പെട്ടു. എ.ബി. വാജ്പേയി സർക്കാരിലെ കേന്ദ്ര ഗ്രാമവികസന മന്ത്രിസ്‌ഥാനം രാജിവച്ചശേഷമാണു ജന കൃഷ്‌ണമൂർത്തിയുടെ പിൻഗാമിയായി 2002ൽ ബിജെപി ദേശീയ പ്രസിഡന്റായത്. ഡിസംബറിൽ സ്ഥാനമൊഴിഞ്ഞ നായിഡു പിന്നീട് 2004ൽ ദേശീയ പ്രസിഡന്റായി തിരികെയെത്തി. അതേവർഷം ഒക്ടോബറിൽ സ്ഥാനമൊഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here