തോറ്റമ്പിയ മാധ്യമപ്പട

0
1272

കഴിഞ്ഞ ജൂലൈ 19നാണ് അഭിഭാഷകരും മാധ്യമപ്രവർ തമ്മിൽ ഹൈക്കോടതി പരിസരത്ത് ഏറ്റുമുട്ടിയത്. ഒരു വർഷമായി ഇരു വിഭാഗങ്ങളും തമ്മിലുള്ള ശത്രുത തുടരുകയാണ്. പ്രശ്‌നം തീർക്കാൻ സൃഷ്ടിപരമായ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസിൽ ജൂലൈ 19നുണ്ടായ സംഭവങ്ങൾ ഉൾപ്പെടുന്നില്ല. സജീവമായി കമ്മിഷൻ കാര്യങ്ങളിൽ അഭിഭാഷകർ ഇടപെടുമ്പോഴും മാധ്യമ പ്രവർത്തകർ അവിടെ എത്തുന്നില്ല. ഒത്തുതീർപ്പിന് സാധ്യതകൾ നിരവധിയുണ്ടായിട്ടും തർക്കം തീരുന്നില്ല. പ്രശ്‌നത്തിൽ ഇടപെടാനോ രമ്യമായി പരിഹരിക്കാനോ സർക്കാർ കാണിച്ച അലംഭാവത്തേക്കാൾ ഞെട്ടിപ്പിക്കുന്നതാണ് സ്വന്തം സഹപ്രവർത്തകർക്കുനേരെ ഉണ്ടായ കയ്യേറ്റത്തിൽപ്പോലും മൗനം പാലിച്ച കേരള പത്രപ്രവർത്തക യൂണിയൻ നേതൃത്വത്തിന്റെ നിലപാടുകൾ. വഴിപാടുപോലെ എന്തെല്ലാമോ ചെയ്തുകൂട്ടി എന്നല്ലാതെ പ്രശ്‌ന പരിഹാരത്തിനായി ദീർഘവീക്ഷണത്തോടുകൂടിയുള്ള ഇടപെടൽ നടത്താനുള്ള പ്രാപ്തി ചോർന്ന നേതൃത്വം തന്നെയാണ് ഒരു വർഷം പത്രപ്രവർത്തകരുടെ മുഖം കുനിച്ച് നിർത്തിയത്.
by നീലിമ പോള്‍


കേരളത്തിലെ കോടതികളിൽ നിന്ന് സ്വതന്ത്രവും ഭയരഹിതവുമായ വാർത്താ റിപ്പോർട്ട്  അസാധ്യമായിട്ട് ഒരു വർഷം പിന്നിടുകയാണ്.  ന്യായാധിപന്മാരുടെ നിശബ്ദ പിന്തുണയോടെ ഒരു കൂട്ടം അഭിഭാഷകർ ജനങ്ങളുടെ  അറിയാനുള്ള അവകാശത്തെ കൂച്ചുവിലങ്ങിട്ട നടപടി മാധ്യമ സമൂഹം പോലും വിസ്മരിച്ച് തുടങ്ങിയിരിക്കുന്നു.  ഈ തൊഴിൽ, ജനാധിപത്യ അവകാശ ലംഘനത്തെ അതിന്റെ ഇരകളുടെ കൂട്ടായ്മയായ കേരള പത്രപ്രവർത്തക യൂനിയൻ പോലും അവഗണിച്ചിരിക്കുകയാണ്.  മാധ്യമ സമൂഹത്തെ നയിക്കുന്നവരും സ്ഥാപന ഉടമകളും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലൻമാരെന്ന് ഭാവിക്കുന്നവരും, എന്തിനും ഏതിനും പ്രതികരിച്ച് കൈയ്യടി നേടാൻ ശ്രമിക്കുന്നവരെയെല്ലാം മൗനത്തിന്റെ വാൽമീകത്തിലാണ്.
ഭരണഘടനാപരമായി പ്രതേ്യക അവകാശങ്ങളൊന്നും അനുവദിക്കുന്നില്ലെങ്കിലും ജനാധിപത്യത്തിന്റെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്താൻ എല്ലാ സമൂഹങ്ങളും മാധ്യമങ്ങൾക്ക് പ്രതേ്യക സ്ഥാനവും പരിഗണനയും അനുവദിച്ചു നൽകിയിട്ടുണ്ട്.  ഔദേ്യാഗിക രഹസ്യ നിയമത്തിന്റെയും രാജ്യതാൽപര്യങ്ങൾക്ക് വിരുദ്ധമായ വിഷയങ്ങളുടെയും പരിധിയിൽ വരാത്ത കാര്യങ്ങളിൽ ജനങ്ങളുടെ അനിയാനുള്ള അവകാശം മാധ്യമങ്ങളാണ് സംരക്ഷിച്ചു വരുന്നത്.  അഭിപ്രായങ്ങളുടെയും വിവരങ്ങളുടെയും കാഴ്ചപ്പാടുകളുടെയും സുഗമമായ പ്രവാഹം ഉണ്ടാകുമ്പോഴാണ് ജനാധിപത്യം സഫലവും അർത്ഥ   പൂർണ്ണവുമാകുന്നത്.  തെറ്റും ശരിയും വളച്ചൊടിച്ചതും നിറം പിടിപ്പിച്ചതും ഒക്കെയാണെന്ന് ആരോപിക്കപ്പെടുമ്പോഴും മാധ്യമങ്ങൾ നൽകുന്ന വിവരങ്ങളുടെയും കാഴ്ചപ്പാടുകളുടെയും കടൽ കടഞ്ഞെടുക്കുമ്പോഴാണ് തീരുമാനങ്ങളിലേക്ക് എത്തിച്ചേരാനും അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാനും ഒരു ജനാധിപത്യ സമൂഹത്തിന് കഴിയൂ.  അതാണ് മാധ്യമങ്ങളുടെ പ്രാധാന്യം.  ശരി മാത്രം പറയുകയും എഴുതുകയും മാത്രമല്ല നാനാവിധങ്ങളായ അഭിപ്രായങ്ങളും വിവരങ്ങളും പ്രതിഫലിപ്പിക്കുകയാണ് മാധ്യമങ്ങൾ.   അവ സമൂഹത്തിന്റെ പരിച്ഛേദമാണ്.


വിവരങ്ങൾ ലഭിക്കാനുള്ള സമൂഹത്തിന്റെ അവകാശം ജനാധിപത്യത്തിന്റെ നിഷേധമാണ്.  അടിയന്തിരാവസ്ഥയിലടക്കം സമൂഹത്തിന്റെ ഈ അവകാശം ഹനിക്കാൻ ശ്രമങ്ങളുണ്ടായിട്ടുണ്ട്. അന്നൊക്കെ കോടതികളാണ് മാധ്യമ സ്വാതന്ത്ര്യം കാത്തുസംരക്ഷിക്കാൻ തുണയായിട്ടുള്ളത്.  എന്നാൽ, കേരളം പോലെ, ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു സംസ്ഥാനത്ത് കോടതികൾ തന്നെ  ആ അവകാശത്തിന്റെ കടക്കൽ കത്തിവെക്കാൻ കൂട്ടുനിൽക്കുന്നുഎന്നതാണ് കഴിഞ്ഞ ജൂലൈ മുതൽ നിലനിൽക്കുന്ന മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള ശത്രുതയുടെ കാതലായ പ്രശ്‌നം. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിലെ പ്രത്യേകത  അതിൽ പുലർത്താൻ ശ്രമിക്കുന്ന സൂക്ഷ്മത തന്നെയാണ്.  കോടതി വിധികൾ ദൂരവ്യാപകമായ ചലനങ്ങൾ ഉണ്ടാക്കുന്നവയാണെന്നതിനാൽ അവ റിപ്പോർട്ട് ചെയ്യുന്നതിൽ വന്ന വീഴ്ചകളായിരുന്നില്ല മാധ്യമപ്രവർത്തകരെ ഇന്നത്തെ ദുരവസ്ഥയിലേക്ക് തള്ളിവിട്ടത്.  റിപ്പോർട്ടിംഗിൽ സൂക്ഷമത പുലർത്താൻ മാധ്യമപ്രവർത്തകർ ശ്രദ്ധിക്കാറുമുണ്ട്.  സെൻസേഷൻ ഉണ്ടാക്കി ജനക്കൂട്ടത്തെ ആകർഷിക്കുന്ന ചാനലുകൾ പോലും ഇക്കാര്യത്തിൽ ജാഗ്രത പുലർത്താറുണ്ട്.  അറിയുന്നു എന്നൊക്കെയുള്ള സൂചനകൾ കൊടുത്ത് മുൻകൂർ ജാമ്യമെടുക്കുന്ന പതിവ് പത്രപ്രവർത്തന ശൈലിക്കും കോടതി റിപ്പോർട്ടിംഗിൽ ഇടമില്ല.  ഇത്‌കൊണ്ടുതന്നെയാണ് കോടതിമുറികളിലെ വാദപ്രതി വാദങ്ങൾക്ക് സാക്ഷ്യം വഹിച്ചും വിധിന്യായങ്ങൾ നേരിൽ കണ്ടും റിപ്പോർട്ട് ചെയ്യാൻ കോടതി ലേഖകർക്ക് അവസരം ഒരുക്കിയിരുന്നത്.

എന്നാൽ, ഇന്ന് വരാന്തകളിൽ അലഞ്ഞ്തിരിയുന്നവരായി കേരള ഹൈകോടതിയിലടക്കം മാധ്യമപ്രവർത്തകർ മാറിയിരിക്കുന്നു. (അന്ന് ഗവ.പ്ലീഡറായിരുന്നു) ഒരു യുവതിയോട് പൊതുനിരത്തിൽ അപമര്യാദയായി പെരുമാറിയതുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇതിന് നിമിത്തമായത്.  ഈ അഭിഭാഷകനെ ഹൈക്കോടതിയിലെ ചില ന്യായാധിപരും ഇതിനെ      സംരക്ഷിക്കാൻ അഭിഭാഷക സമൂഹവും അമിതാവേശം കാണിച്ചു, നിർഭാഗ്യകരമെന്ന് പറയട്ടെ, പക്ഷം ചേർന്നു. നിഷ്പക്ഷതയോടെ കാര്യങ്ങൾ നോക്കികാണാൻ ഇവർ തയ്യാറാവാതെ വന്നതോടെ അതിക്രമങ്ങൾക്ക് വളം വെക്കുന്ന നടപടിയായി ഇത് മാറി.  ജുഡീഷ്യറിയുടെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുമ്പോൾ തന്നെ മാധ്യമപ്രവർത്തകരുടെ സംഘടന  പരാജയപ്പെട്ടുവെന്ന് വേണം പറയാൻ. വിഷയം കൈകാര്യം ചെയ്യുന്നതിൽ വരുത്തിയ വീഴ്ചയും വിമർശനങ്ങൾ ഉയർത്തുന്നതാണ്.  ഒരു കൂട്ടം വികാരജീവികളായ അഭിഭാഷകരാണ് ഹൈക്കോടതിയിൽ തുടങ്ങിവെച്ച മാധ്യമവിരുദ്ധതക്ക് ചുക്കാൻ പിടിച്ചത്.   താരതമേ്യന ജൂനിയർമാരായ ഇവർക്ക് ഏറെക്കുറെ മുഴുവൻ അഭിഭാഷകരേയും മാധ്യമ സമൂഹത്തിന് എതിരാക്കാൻ കഴിഞ്ഞു.  ചില ന്യായാധിപൻമാർക്കും, മുതിർന്ന അഭിഭാഷകർക്കും വ്യക്തിപരമായി മാധ്യമപ്രവർത്തകരോടുണ്ടായിരുന്ന അനിഷ്ടങ്ങൾ ഇവർ ഉപയോഗപ്പെടുത്തി.  ഇത്തരത്തിൽ വളരെ ആസൂത്രിതമായി നടന്ന നീക്കത്തിന്റെ വ്യാപ്തി മനസിലാക്കുന്നതിൽ പത്രപ്രവർത്തക യൂനിയൻ പരാജയപ്പെട്ടു.    സഹപ്രവർത്തകരായ മാധ്യമപ്രവർത്തകർക്ക് നേരെ കോടതിയിൽ വെച്ച് കൈയേറ്റ ശ്രമം ഉണ്ടായതായി അറിഞ്ഞപ്പോൾ ഹൈകോടതിക്ക് മുന്നിലേക്ക് മാർച്ച് നടത്തിയതിനെ കുറ്റം പറയാനാവില്ല.  എന്നാൽ, സ്വാഭാവികമായ ഈ പ്രതികരണത്തിനൊപ്പം വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ടുള്ള നീക്കം സമീപ ദിവസങ്ങളിലൊന്നും നേതൃത്വത്തിന്റെ ഭാഗത്ത് ഉണ്ടായില്ല.  ചാനൽ ചർച്ചകളിലാകട്ടെ വിഷയത്തിന്റെ ഗൗരവം അവതരിപ്പിക്കാനും നേതൃത്വത്തിനായി അഭിഭാഷക സമൂഹത്തിന്റെ പ്രതിഷേധം പ്രതീക്ഷിച്ചു തന്നെ അഭിഭാഷകരായ ഡോ. സെബാസ്റ്റ്യൻ പോളും കാളിശ്വരം രാജും, സി.പി ഉദയഭാനുവുമടക്കമുള്ള രംഗത്ത് വന്നതുകൊണ്ട് മാത്രമാണ് ജനസമക്ഷത്തിലേക്ക് കാര്യങ്ങൾ കുറച്ചെങ്കിലും എത്തിക്കാനായത്.  അതോടൊപ്പം വിഷയം പൊതുസമൂഹത്തെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിലും പത്രപ്രവർത്തക കൂട്ടായ്മ പരാജയപ്പെട്ടു.

മാധ്യമപ്രവർത്തകരുടെ എതിർ ചേരിയിൽ അഭിഭാഷകർ മാത്രമല്ല, ന്യായാധിപരിൽ ഒരു വിഭാഗം കൂടി ഉണ്ട് എന്ന് മനസിലായതോടെ സർക്കാരിന്റെ പ്രതികരണവും തണുത്തതായി.  മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം പോലും വേണമെങ്കിൽ മാധ്യമപ്രവർത്തകർ രണ്ട് കൊള്ളട്ടെ എന്ന നിലയിലായിരുന്നു.  പ്രതിസന്ധികൾ താൽക്കാലികമായി മറികടക്കാൻ സാധാരണ ഉപയോഗിക്കുന്ന  ഇരു വിഭാഗക്കാരെയും ഉൾപ്പെടുത്തിയുള്ള കമ്മിറ്റി രൂപവത്കരണം, ജുഡീഷ്യൽ കമ്മീഷൻ പ്രഖ്യാപനം തുടങ്ങിയ  സർക്കാരിന്റെ പതിവ് നാടകങ്ങൾ പ്രശ്‌നപരിഹാരത്തിനല്ല മറിച്ച് പ്രശ്‌നം പെരുപ്പിച്ച് മരവിപ്പിക്കാനാണ് ഉതകിയത്.    ഇതിനെ ചെറുക്കാനോ, കബളിപ്പിക്കൽ തുറന്ന് കാട്ടി പൊതുസമൂഹത്തെ ഒപ്പം നിർത്താനോ മാധ്യമപ്രവർത്തകർക്ക് കഴിഞ്ഞില്ല.
പതിവിൽ നിന്ന് വ്യത്യസ്തമായി മാധ്യമ ഉടമകളും ഉൾപ്പെട്ട വിഷയമായിരുന്നു ഇത്.  തങ്ങൾക്ക് അഭീഷ്ടമുള്ളവരെ റിപ്പോർട്ടിംഗിൽ നിന്ന് മാറ്റണമെന്ന നിലപാട് ഹൈക്കോടതിയിലെ അഭിഭാഷകർ സ്വീകരിച്ചതോടെയാണ് ഉടമകൾ വിഷയത്തിലിടപ്പെട്ടത്.  ഇതിന് കഴിയില്ലെന്ന ഉടമകൾ അറിയിച്ചെങ്കിലും തങ്ങളുടെ  കോടതി റിപ്പോർട്ടർമാരെ  മാറ്റിനിർത്താൻ ഇവർ തയ്യാറായില്ല.  ചാനലുകൾക്ക് വേണ്ടി റിപ്പോർട്ട് ചെയ്യുന്ന അഭിഭാഷകർ വാർത്തകൾ നൽകി തുടങ്ങിയതോടെ പത്രങ്ങളും ഇതിന് പിന്നാലെയായി.  പ്രധാന ചാനലുകളെ നിയന്ത്രിക്കുന്നത് പത്രമാനേജ്‌മെന്റുകളായിട്ടും ഒന്നും ചെയ്യാനായില്ല.  പത്രപ്രവർത്തക യൂനിയൻ കാര്യങ്ങൾ ഏകോപിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ സമ്മർദ്ദശക്തിയായി മാറാൻ കഴിയുമായിരുന്നു. അതുണ്ടായില്ല.

തങ്ങൾക്ക് ക്ഷീണം തട്ടാത്ത വിഷയങ്ങളിൽ മാത്രം പ്രതികരിക്കുന്ന സാമൂഹിക പ്രവർത്തകർ  രംഗത്ത് വരാൻ മടിച്ചു.   ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ വിഷയങ്ങളിൽ പോലും മണിക്കൂറുകൾ സംസാരിച്ചിരുന്ന സാംസ്‌കാരിക നായകർ അഭിഭാഷകസമൂഹത്തിന്റെ തോന്ന്യാസത്തിനെതിരെ മിണ്ടിയില്ല.  സമൂഹത്തിന്റെ അറിയാനുള്ള അവകാശം ഏതാനും പത്രപ്രവർത്തകരുടെ തൊഴിൽ പ്രശ്‌നം മാത്രമായി.     ഇതിനിടെ തർക്കം സുപ്രീംകോടതിയിലെത്തിച്ച് അഭിഭാഷകരുടെ കളിക്ക് വിട്ട്‌കൊടുത്തു.  രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം  പറ്റുന്ന അഭിഭാഷകരിലൊരാളായ കപിൽ സിബലിനെയാണ് കേസ് നടത്തിപ്പിന് ചുമതലപ്പെടുത്തിയത്.  ഇതുവഴി പത്രപ്രവർത്തക യൂനിയൻ സാമ്പത്തികമായി തകർന്നുവെന്നല്ലാതെ ഒന്നും നടന്നില്ല.

കേസ് സുപ്രീംകോടതിയിൽ എത്തിക്കുക വഴി  വിലപേശലിനും സമ്മർദ്ദത്തിനുമുള്ള അവസരം ഇല്ലാതാക്കുകയാണ് പത്രപ്രവർത്തക യൂനിയൻ ചെയ്തത്.  സുപ്രീം കോടതിയിൽ സ്റ്റേ കൊടുക്കാനുള്ള ഉപദേശം ആര് നൽകിയെന്നോ, കപിൽ സിബലിനെ തെരഞ്ഞെടുക്കാൻ ഏന്ത്‌കൊണ്ട് തീരുമാനിച്ചുവെന്നോ വിശദീകരിക്കാൻ ഒരു ഘട്ടത്തിലും സംഘടനക്ക് കഴിഞ്ഞതുമില്ല.  ഹൈക്കോടതിയിൽ തുടക്കമിട്ട അഭിഭാഷക-മാധ്യമ ഏറ്റുമുട്ടൽ പിന്നീട് സംസ്ഥാനമാകെ പരന്നു.   തിരുവനന്തപുരത്തും കോഴിക്കോടും ചില കോടതികളിൽ മാധ്യമപ്രവർത്തകർക്ക് അക്രമം നേരിടേണ്ടി വന്നു.  കോടതികളിൽ ഒരു മാധ്യമവിരുദ്ധ വികാരം പടർന്നു.  ഇന്നും ആശങ്കയോടെയാണ് ഹൈക്കോടതിയിൽ  റിപ്പോർട്ടിംഗിന് എത്തുന്നത്.  ഒരു അഭിഭാഷകൻ വിചാരിച്ചാൽ  മർദ്ദനമേൽക്കാവുന്ന സാഹചര്യം.  എന്നിട്ടും സർക്കാർ ചെറുവിരൽ പോലും അനക്കാൻ തയ്യാറാവുന്നില്ലെന്നത് മാധ്യമപ്രവർത്തകർ ദുർബലമായതിന്റെ ലക്ഷണം കൂടിയാണ്. ഹൈക്കോടതി വാർത്തൾ റിപ്പോർട്ട് ചെയ്യുന്നവർക്കുണ്ടായിരിക്കേണ്ട യോഗ്യത സംബന്ധിച്ച് ചില മാർഗ്ഗനിർദ്ദേശങ്ങൾ ഇതിനിടെ ഹൈക്കോടതി കൊണ്ടുവന്നു.  ഇത് പൂർണ്ണ അർഥത്തിൽ നടപ്പാക്കുന്നത് തൽക്കാലം മരവിപ്പിച്ചിരിക്കുകയാണ്.  ഇത് നടപ്പാക്കാൻ എന്തെങ്കിലും തീരുമാനമെടുത്താൽ ഭൂരിഭാഗം ലേഖകർക്കും ഇവിടെ പ്രവേശിക്കാൻ കഴിയാതെ വരും.  അതുകൊണ്ടുതന്നെ കോടതിയേയോ, അഭിഭാഷകസമൂഹത്തേയോ പിണക്കാതെ വേണം മുന്നോട്ട് പോകാൻ.  മാധ്യമ ഉടമകൾ  തങ്ങളുടെ ലേഖകരെ അപമാനിതമായ അവസ്ഥയിലേക്കാണ്   റിപ്പോർട്ടിംഗിന് അയച്ചിരിക്കുന്നത്..  പൂർണ്ണ അർഥത്തിൽ പ്രവർത്തിക്കാൻ സാഹചര്യമുണ്ടാകും വരെ റിപ്പോർട്ടിംഗിൽ നിന്ന് വിട്ട് നിന്നിരുന്നെങ്കിൽ അറിയാനുള്ള അവകാശം സംരക്ഷിക്കപ്പെടുന്ന സാഹചര്യത്തിലേക്ക് സംഭവത്തെ എത്തിക്കാൻ കഴിയുമായിരുന്നു.  അതിനുള്ള വിലപേശൽ ശക്തിപ്രയോഗിക്കാൻ മാധ്യമസമൂഹത്തിന് അവർക്ക് നേതൃത്വം കൊടുക്കുന്നവർക്കും കഴിയാതെ പോയി.


അതേസമയം, അഭിഭാഷകസമൂഹം അവരുടെ നിലപാടുകളിൽ നിന്ന് പിന്മാറിയിട്ടില്ല.   ഗോവിന്ദചാമിയെപോലുള്ള കൊടുംകുറ്റവാളിക്ക് വേണ്ടി പോലും ഹാജരാകാൻ അഭിഭാഷകർ തയ്യാറാകുമ്പോൾ മാധ്യമപ്രവർത്തകർക്ക് വേണ്ടി ഒരാളും ഹാജരാകരുതെന്ന നിലപാടാണ് അവർ കൈക്കൊണ്ടിട്ടുള്ളത്.  ഇത് ലംഘിച്ച് മംഗളം കേസിൽ തിരുവനന്തപുരം കോടതിയിൽ പത്രപ്രവർത്തകർക്ക് വേണ്ടി ഹാജരായ ഒമ്പത് അഭിഭാഷകർക്ക് ബാർ അസോസിയേഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകി.  ഇതിന് മറുപടി നൽകി അവർ സംഘടനയുടെ കുഞ്ഞാടുകളാകും.  പ്രൊഫഷണൽ മര്യാദപാലിച്ച് ആർക്കും നിയമ സഹായം ലഭ്യമാക്കേണ്ട ചുമതല അഭിഭാഷകർക്കുണ്ട്.  ഇക്കാര്യത്തിൽ ഇടപെടലിൽ കോടതിയും തയ്യാറാകുന്നില്ല.

ഗവർണർ ഇടപ്പെട്ടിട്ട് പോലും കോടതിയും അഭിഭാഷക സമൂഹവും തങ്ങളുടെ നിലപാടിൽ നിന്ന് കടുകിട മാറിയിട്ടില്ല.  ഇപ്പോൾ നടക്കുന്ന കോടതി റിപ്പോർട്ടിംഗ് തൽപ്പരകക്ഷികളുടെ വായിൽ നിന്ന് കിട്ടുന്നതാണ്. സെബാസ്റ്റ്യൻ പോൾ ചൂണ്ടിക്കാണിച്ചത് പോലെ കോടതി സമൂഹത്തിന് മുമ്പിൽ അടഞ്ഞ് കിടക്കുകയാണ്.  തുറന്ന കോടതി എന്ന സങ്കൽപ്പം യാഥാർഥ്യമാകുന്നത് സമൂഹത്തെ പ്രതിനിധീകരിച്ച് മാധ്യമപ്രവർത്തകർ ആത്മാഭിമാനത്തോടെ കോടതിയിലേക്ക്  കയറിചെല്ലാനാകുമ്പോഴാണ്.  വിധിപ്രസ്താവങ്ങൾ സമൂഹത്തിനായി അവർക്ക് മുമ്പിൽ തുറന്ന് വെക്കപ്പെടുമ്പോഴാണ്.  മറ്റെല്ലാ കാര്യങ്ങളിലും എന്നപോലെ സമൂഹത്തിന്റെ ഈ അവകാശത്തിന് വേണ്ടി പോരാടേണ്ട ചുമതല മാധ്യമപ്രവർത്തകർകക്കും അവരുടെ കൂട്ടായ്മക്കും ഉണ്ട്.  ഇതിൽ പ്രകടിപ്പിക്കുന്ന മന്ദത ആരോഗ്യകരമല്ല. നിർഭാഗ്യവശാൽ മാധ്യമപ്രവർത്തകർ നേരിടുന്ന കോടതി വിലക്കിന് ഒരു വർഷം തികയുമ്പോഴും ഒന്ന് സടകുടഞ്ഞ് എഴുന്നേൽക്കാൻ അവർക്ക് കഴിയുന്നില്ലെന്നത് നിരാശാജനകമാണ്.  അഭിഭാഷകർ തുടങ്ങിവെച്ച  വെല്ലുവിളി കൂടുതൽ സംഘടനകൾ ഏറ്റെടുക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിക്കും.  കോടതിയിലൂടെയും, രാഷ്ട്രീയ ഇടപെടലിലൂടെയും പ്രശ്‌നപരിഹാരം സാധ്യമാകുമെന്ന് പ്രതീക്ഷ വെച്ചുപുലർത്തുന്നത് വംങ്കത്തമാണ്..  തങ്ങളുടെ ശക്തി തിരിച്ച റിഞ്ഞ് മാധ്യമപ്രവർത്തകർ രംഗത്ത് വരാത്തത് പൊതുസമൂഹത്തെ ചില്ലറയല്ല അത്ഭുതപ്പെടുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here