നടി ആക്രമിക്കപെട്ട സംഭവം; ഗൂഢാലോചനക്കേസില്‍ മഞ്ജു വാര്യര്‍ രണ്ടാം സാക്ഷി

0
198

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനാക്കേസില്‍ മഞ്ജു വാര്യര്‍ സാക്ഷിയാകും. ഗൂഢാലോചന സംബന്ധിച്ചുള്ള രണ്ടാമത്തെ കുറ്റപത്രത്തില്‍ രണ്ടാംസാക്ഷിയായിട്ടാകും മഞ്ജുവിനെ ഉള്‍പ്പെടുത്തുക.മഞ്ജുവുമായുള്ള തന്റെ വിവാഹബന്ധം വേര്‍പിരിയലിലേക്ക് എത്തിയതിനുപിന്നില്‍ ആക്രമിക്കപ്പെട്ട നടിക്ക് പങ്കുണ്ടെന്ന തോന്നലിലാണ് ദിലീപ് നടിക്കെതിരേ ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് കേസന്വേഷണത്തിന്റെ തുടക്കംമുതലേ സംശയിച്ചിരുന്നു. പില്‍ക്കാലത്തുണ്ടായ വ്യക്തിപരമായ ചില പ്രശ്നങ്ങള്‍ ദിലീപുമായുണ്ടായിരുന്ന സൌഹൃദം ഇല്ലാതാക്കിയെന്ന് നടി ദിവസങ്ങള്‍ക്കുമുമ്പ് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.

കാവ്യ മാധവനുമായി ദിലീപിനുണ്ടായിരുന്ന അടുപ്പം മഞ്ജു അറിയാനിടയായത് ആക്രമിക്കപ്പെട്ട നടിയിലൂടെയാണെന്നും ഇതാണ് നടിയോട് ദിലീപിന് വൈരാഗ്യമുണ്ടാകാന്‍ കാരണമെന്നും പൊലീസ് കോടതിയിലും വ്യക്തമാക്കിയിരുന്നു. ദിലീപ് അറസ്റ്റിലാകുന്നതിനു മുമ്പുതന്നെ പൊലീസ് മഞ്ജു വാര്യരുടെ മൊഴിയെടുത്തിരുന്നു. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കല്‍. ഇതിനുപിന്നാലെയാണ് ദിലീപിനെയും നാദിര്‍ഷയെയും പൊലീസ് 13 മണിക്കൂറോളം ചോദ്യംചെയ്തത്.അതിനിടെ, പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ സമര്‍പ്പിച്ച മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. പ്രതീഷിന്റെ അഭിഭാഷകന്റെ അസൌകര്യത്തെത്തുടര്‍ന്നാണ് കേസ് ബുധനാഴ്ചത്തേക്കുമാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here