രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മുലായം സിംഗ് വിഭാഗം സമാജ്വാദി പാര്‍ട്ടി എന്‍.ഡി.എ പക്ഷം ചേര്‍ന്നു.മണ്ഡൽ സമരത്തിനു ശേഷം ഉത്തർപ്രദേശിൽ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയം കളിച്ച് മുസ്ലിം വോട്ട്ബാങ്ക് കൂടെ നിർത്തിയ മുലായം സിങ് യാദവും സമാജ്വാദി പാർട്ടിയിൽ അദ്ദേഹത്തെ പിന്തുണക്കുന്നവരും എൻ.ഡി.എ സ്ഥാനാർഥിക്ക് ഒപ്പംനിന്നുവെന്നാണ് വ്യക്തമാകുന്നത്. ഇതോടെ പതിനാലു പാര്‍ട്ടികളുടെ പിന്തുണയ്ക്ക് പുറമേ പ്രതിപക്ഷത്ത് നിന്നും മറുകണ്ടം ചാടിയത് അടക്കം എഴുപതു ശതമാനത്തോളം വോട്ടു നേടി ബിഹാർ മുൻ ഗവർണറും ആർ.എസ്.എസ് പശ്ചാത്തലമുള്ള ബി.ജെ.പി നേതാവുമായ രാം നാഥ് കോവിന്ദ് അടുത്ത രാഷ്ട്രപതിയാകും.
ലോകസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കാനുള്ള പ്രതിപക്ഷ ശ്രമത്തിന് തിരിച്ചടി നല്കി പ്രതിപക്ഷത്തിന്റെ മനോവീര്യം തകർക്കാനായി പൊതുസ്ഥാനാർഥി മീര കുമാറിന് പിന്തുണ പ്രഖ്യാപിച്ച പാർട്ടികളിൽനിന്ന് വോട്ടുകൾ അടർത്താനുള്ള ശ്രമവും ബിജെപി നടത്തി. ശരദ് പവാറിെൻറ നേതൃത്വത്തിലുള്ള എൻ.സി.പി എം.പിമാരും എം.എൽ.എമാരും എൻ.ഡി.എക്ക് വോട്ടുചെയ്തുവെന്ന് ബി.ജെ.പി കേന്ദ്രങ്ങളിൽനിന്ന് പ്രചാരണമുണ്ടായെങ്കിലും പാർട്ടി വക്താവ് നവാബ് മാലിക്, അവ ഉൗഹാപോഹങ്ങളാണെന്നും തങ്ങൾ വോട്ടുചെയ്തത് മീര കുമാറിനാണെന്നും പ്രഖ്യാപിച്ചു. ആം ആദ്മി പാർട്ടിയുടെ പന്ത്രണ്ടോളം എം.എൽ.എമാർ കോവിന്ദിനാണ് വോട്ടുചെയ്തതെന്ന് ബി.ജെ.പി അവകാശപ്പെട്ടപ്പോൾ മനഃസാക്ഷി വോട്ട് െചയ്യാനാണ് എം.എൽ.എമാർക്ക് കൊടുത്ത നിർദേശമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. തൃണമൂൽ വോട്ടിലും ഭിന്നിപ്പുണ്ടാക്കാൻ ബി.ജെ.പി ശ്രമിച്ചുവെന്നാരോപിച്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ബി.ജെ.പിയെ എതിർക്കാൻ വേണ്ടി മാത്രമാണ് തോൽക്കുന്ന സ്ഥാനാർഥിക്ക് വോട്ടുചെയ്തതെന്ന് വ്യക്തമാക്കി.
പാർലമെൻറിെൻറ 62ാം നമ്പർ മുറിയിലൊരുക്കിയ പോളിങ്ബൂത്തിൽ ആദ്യമായി വോട്ടുചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. ഗുജറാത്ത് നിയമസഭയിലെ എം.എൽ.എയായ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ മുൻകൂട്ടി അപേക്ഷ നൽകി പാർലമെൻറിലെ ബൂത്തിൽ മോദിക്കൊപ്പം വന്ന് വോട്ടു ചെയ്തു.