വിവാദ പ്രിന്‍സിപ്പാളിന് സ്ഥലം മാറ്റം; ഡോ.പി എസ് അജിത പുതിയ മഹാരാജാസ് പ്രിന്‍സിപ്പാള്‍

0
86

എറണാകുളം മഹാരാജാസ് കോളേജിലെ വിവാദ പ്രിന്‍സിപ്പള്‍ എന്‍ എല്‍ ബീനയെ സ്ഥലം മാറ്റി. കോഴിക്കോട് കൊടുവള്ളി ഗവണ്മെന്റ് കോളേജ് പ്രിന്‍സിപ്പളായ ഡോ.പി എസ് അജിതയാണ് മഹാരാജാസില്‍ പുതുതായി ചുമതലയേല്‍ക്കുക. തലശ്ശേരി ബ്രണ്ണന്‍ കോളേജിലേക്കാണ് ബീനയ്ക്ക് സ്ഥലം മാറ്റം.

വിദ്യാര്‍ത്ഥി വിരുദ്ധ നടപടികളിലൂടെ വിവാദത്തിലായ പ്രിന്‍സിപ്പളാണ് ബീന. പെണ്‍കുട്ടികള്‍ കോളേജില്‍ എത്തുന്നത് ആണ്‍കുട്ടികളുടെ ചൂട് പറ്റാനാണെന്നും കലോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ഹാജര്‍ നല്‍കാനാവില്ലെന്നും ഇവര്‍ പറഞ്ഞത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ ക്യാംപസിനുള്ളില്‍ പതിപ്പിച്ച പോസ്റ്ററിന്റെ പേരില്‍ മതവികാരം വ്രണപ്പെടുമെന്ന് പറഞ്ഞ് ഏറെ കോലാഹലമുണ്ടാക്കി. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരെ തിരഞ്ഞു പിടിച്ച് വേട്ടയാടുന്നതും ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ദിവസം എസ്എഫ്ഐ ചെയര്‍മാനായിരുന്ന വിദ്യാര്‍ത്ഥിക്ക് വേണ്ടത്ര യോഗ്യത ഉണ്ടായിട്ടും ടിസിയില്‍ ‘അണ്‍സാറ്റിസ്ഫാകടറി’ എന്ന് എഴുതി ചേര്‍ത്തിരുന്നു.

കെ എല്‍ ബീനയ്ക്കു പുറമേ, അഞ്ച് പ്രിന്‍സിപ്പള്‍മാര്‍ക്കും സ്ഥലം മാറ്റമുണ്ട്. ചാലക്കുടി ഗവണ്മെന്റ് കോളേജ് പ്രിന്‍സിപ്പളായ കെ കെ സുമ പട്ടാമ്പി എസ്എന്‍ജിഎസിലും ആറ്റിങ്ങല്‍ ഗവണ്മെന്റ് കോളേജ് പ്രിന്‍സിപ്പള്‍ പി അനിത തിരുവനന്തപുരം വനിതാ ഗവണ്മെന്റ് കോളേജിലും തിരുവനന്തപുരം ഗവണ്മെന്റ് ആര്‍ട്സ് കോളേജ് പ്രിന്‍സിപ്പള്‍ പി വിജയലക്ഷ്മി ചിറ്റൂര്‍ ഗവണ്മെന്റ് കോളേജിലും ചുമതലയേല്‍ക്കും. തൃശൂര്‍ ഗവണ്മെന്റ് കോളേജ് പ്രിന്‍സിപ്പള്‍ ഏലമ്മാ ജോസഫ് പാലക്കാട് വിക്ടോറിയ കോളേജിലും നെടുമങ്ങാട് ഗവണ്മെന്റ് കോളേജ് പ്രിന്‍സിപ്പള്‍ ഡി കെ സതീഷ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും സ്ഥാനമേല്‍ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here