നടന് ദിലീപിന്റെ മാനേജര്‍ സുനില്‍രാജ് (അപ്പുണ്ണി) മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. നടിയെ ആക്രമിച്ച കേസിലാണ് ഹൈക്കോടതിയില്‍ അപ്പുണ്ണി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഈ കേസില്‍ അപ്പുണ്ണിയെ പോലീസ് തിരയുന്നു എന്നറിഞ്ഞതിനാലാണ് ഇയാള്‍ കോടതിയെ സമീപിച്ചത്.
കേസിന്റെ ഗൂഢാലോചനയില്‍ തനിക്കു യാതൊരു ബന്ധവും ഇല്ലെന്നു അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിനെതിരെ തെളിവുണ്ടാക്കാന്‍ തന്നെയും നാദിര്‍ഷായേയും മാപ്പുസാക്ഷികളാക്കാന്‍ ശ്രമം നടക്കുകയാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. മാധ്യമങ്ങളിലൂടെമാത്രമാണ് കേസിലെ വിവരങ്ങള്‍ താന്‍ അറിയുന്നതെന്നും അപ്പുണ്ണി അപേക്ഷയില്‍ പറഞ്ഞു.
പ്രതിയായ ദിലീപിനൊപ്പം അപ്പുണ്ണിയെ ഇരുത്തി ചോദ്യം ചെയ്യാനായിരുന്നു പോലീസിന്റെ തീരുമാനം. എന്നാല്‍ അപ്പുണ്ണി ഒളിവില്‍ പോയതിനാല്‍ അതു സാധ്യമായില്ല. കേസില്‍ ദിലീപിന്റെ മൊഴികളിലെ വൈരുദ്ധ്യമാണ് അപ്പുണ്ണിയെ ചോദ്യം ചെയ്യണമെന്ന് പോലീസ് നിശ്ചയിച്ചത്. ഇതിന്‍പ്രകാരം പോലീസ് അപ്പുണ്ണിയെ തേടി ഏലൂരില്‍ വീട്ടില്‍ എത്തിയെങ്കിലും ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.
എന്നാല്‍ ഗൂഢാലോചയില്‍ അപ്പുണ്ണിക്ക് പങ്കുള്ളതായി കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. അതിനാല്‍ കേസില്‍ അപ്പുണ്ണിയെ പോലീസ് പ്രതി ചേര്‍ത്തിട്ടുമില്ല. അതേസമയം പള്‍സര്‍ സുനി ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ച് പണം ആവശ്യപ്പെട്ടശേഷം ഇത് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതില്‍ അപ്പുണ്ണിക്കും നാദിര്‍ഷായ്ക്കും പങ്കുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്. ഇതിനാലാണ് പോലീസ് അപ്പുണ്ണിയെ കസ്റ്റഡിയില്‍ എടുക്കാന്‍ തീരുമാനിച്ചത്.
ഏപ്രില്‍ 14ന് ഏലൂര്‍ ടാക്സി സ്റ്റാന്‍ഡില്‍വെച്ച് പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണുവിനൊപ്പം അപ്പുണ്ണി കൂടിക്കാഴ്ച നടത്തിയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ തെളിവുകള്‍ ശേഖരിച്ചിട്ടുമുണ്ട്.