അവശതയനുഭവിക്കുന്നവർക്കായി സാമൂഹ്യനീതി വകുപ്പ് വിവിധ പദ്ധതികൾ നടപ്പാക്കും: മന്ത്രി

0
103

ഭിന്നശേഷിക്കാരുൾപ്പെടെ സമൂഹത്തിൽ അവശത അനുഭവിക്കുന്ന വിവിധ വിഭാഗങ്ങൾക്കായി സാമൂഹ്യനീതി വകുപ്പ് വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു. സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷനും ദേശീയ വികലാംഗ ധനകാര്യ വികസന കോർപ്പറേഷനും സംയുക്തമായി സയൻസ് ആന്റ് ടെക്നോളജി മ്യൂസിയത്തിൽ സംഘടിപ്പിച്ച ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി ”സധൈര്യം മുന്നോട്ട്” എന്ന പ്രചാരണ പരിപാടി ഈ മാസം ആരംഭിക്കും. ഈ പദ്ധതിയിൽ സ്ത്രീകളുടെ ഹോമുകളും മന്ദിരങ്ങളും പരിഷ്‌കരിക്കും. പ്രായം ചെന്നവർക്കായി സായംപ്രഭ പദ്ധതി ഉടൻ ആരംഭിക്കും. സമൂഹത്തിൽ അവഗണനയ്ക്കും അപഹാസ്യത്തിനും പാത്രമായിക്കൊണ്ടിരിക്കുന്ന വിഭാഗമാണ് ട്രാൻസ്ജെൻഡറുകൾ. ഇവർ നേരിടുന്ന പ്രശ്നം പരിഹരിക്കാനും സമൂഹത്തെക്കൊണ്ട് അംഗീകരിപ്പിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ വിവര ശേഖരണം സർക്കാർ നടത്തിയിട്ടുണ്ട്. എട്ടു ലക്ഷം പേരുടെ ലിസ്റ്റ് ഓരോ പഞ്ചായത്തുകൾക്കും വേർതിരിച്ച് നൽകും. ഭിന്നശേഷിക്കാരായ ഓരോ വ്യക്തിക്കും വ്യത്യസ്തമായ സഹായമാണ് ആവശ്യം. ഇതിനനുസരിച്ചുള്ള പദ്ധതികൾ തയ്യാറാക്കണം. സംസ്ഥാനത്തെ ഒരു ലക്ഷം അംഗപരിമിതർക്ക് ചികിത്സാ ഇൻഷുറൻസ് ലഭ്യമാക്കുന്ന സ്വാവലംബൻ പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ വിഹിതമായ 3.70 കോടി രൂപ നൽകിക്കഴിഞ്ഞു. വികലാംഗക്ഷേമ കോർപറേഷൻ മുഖേന അംഗപരിമിതർക്ക് നൈപുണ്യ വികസന പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കേണ്ടതുണ്ട്. കോർപ്പറേഷന് എല്ലാ ജില്ലകളിലും ഘട്ടംഘട്ടമായി ഓഫീസുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. വികലാംഗക്ഷേമ കോർപറേഷൻ ചെയർമാൻ അഡ്വ. പരശുവയ്ക്കൽ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. എം.ഡി കെ. മൊയ്തീൻകുട്ടി, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഒ. വിജയൻ, സുഹ്റാബി, ഗിരീഷ് കീർത്തി, കെ. ജി. സജൻ, എൻ. എച്ച്. എഫ്. ഡി. സി ഫിനാൻസ് മാനേജർ എം. യദുകൊണ്ടലു എന്നിവർ സംബന്ധിച്ചു. സംസ്ഥാന വികലാംഗക്ഷേമ കോർപറേഷൻ പദ്ധതികളെക്കുറിച്ചുള്ള വിശദീകരണവും ഭിന്നശേഷിക്കാർക്കുള്ള സ്വയംതൊഴിൽ സംരംഭങ്ങളും സാദ്ധ്യതകളും സെമിനാറിൽ ചർച്ച ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here