ആണവകാര്യത്തിലെ ട്രമ്പിന്റെ നല്ലവാക്കുകള്‍ക്ക് പിന്നാലെ ഇറാന് പുതിയ അമേരിക്കന്‍ ഉപരോധം

0
104


ഇറാനെതിരെ അമേരിക്കയുടെ പുതിയ ഉപരോധം. ഇറാന്‍റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതി തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. ഇതോടൊപ്പം, ഇസ്രായേലിന്റെ നിലനില്‍പിനും പശ്ചിമേഷ്യയുടെ സ്ഥിരതക്കും ഭീഷണിയായ ഹിസ്ബുല്ല, ഹമാസ്, ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദ് എന്നീ സംഘടനകള്‍ക്കും മിസൈല്‍ പദ്ധതിക്കും സഹായം നല്‍കുന്ന 18 വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടു കൂടിയാണ് ഉപരോധമെന്ന് അമേരിക്ക വ്യക്തമാക്കി.
രണ്ടുവര്‍ഷം മുമ്പ് അമേരിക്കയുമായും മറ്റു ചില വന്‍ശക്തികളുമായും ഒപ്പുവെച്ച ആണവ കരാറിലെ വ്യവസ്ഥകള്‍ ഇറാന്‍ പാലിക്കുന്നുണ്ടെന്ന് അമേരിക്കന്‍ കോണ്‍ഗ്രസില്‍ അറിയിച്ചതിന് പിന്നാലെയാണ് ട്രംപ് ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തിയത്. അന്തര്‍ദേശീയ-മേഖലതല സമാധാനത്തിന് ഭീഷണിയാകുന്ന ഇറാെന്റ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് വിദേശകാര്യ വകുപ്പ് ആരോപിച്ചു. ”ഇതിന്റെ അടിസ്ഥാനത്തിലാണ് ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്കും ഇറാന്‍ സൈന്യത്തിന് ആയുധങ്ങള്‍ ശേഖരിക്കുന്നതിനും ഇറാന്‍ കേന്ദ്രമായ അന്തര്‍ദേശീയ ക്രിമിനല്‍ സംഘടനകള്‍ക്കും സഹായം നല്‍കുന്ന 18 സ്ഥാപനങ്ങളെയും വ്യക്തികളെയും ലക്ഷ്യമിട്ട് ഉപരോധം ഏര്‍പ്പെടുത്തുന്നത്” -വിദേശകാര്യ വക്താവ് ഹീതര്‍ ന്യുവര്‍ട്ട് പറഞ്ഞു.
ഹിസ്ബുല്ല, ഹമാസ്, ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദ് എന്നീ സംഘടനകളെ ഇറാന്‍ സഹായിക്കുന്നതായി വക്താവ് ആരോപിച്ചു. ഇത് ഇസ്രായേലിന്റെയും പശ്ചിമേഷ്യയുടെയും സ്ഥിരതക്ക് കടുത്ത ഭീഷണിയാണെന്ന് വക്താവ് വ്യക്തമാക്കി. െഎക്യരാഷ്ട്ര സഭയുടെ 2231 നമ്പര്‍ പ്രമേയത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് അവര്‍ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കുകയും പരീക്ഷണം നടത്തുകയും ചെയ്യുന്നുണ്ടെന്നും ഇത് ഒരുതരത്തിലും അനുവദിക്കില്ലെന്നും വക്താവ് വ്യക്തമാക്കി. എന്നാല്‍, അമേരിക്കന്‍ നടപടിയെ ഇറാന്‍ ശക്തമായി വിമര്‍ശിച്ചു. നടപടി വിലയില്ലാത്തതാണെന്നും, ഇതിനു പകരമായി ഇറാെന്റയും മേഖലയിലെ മുസ്ലിംകളുടെയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ പൗരന്മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തുമെന്നും ഇറാന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here