ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫിന് ഉജ്ജ്വല വിജയം

0
99


സംസ്ഥാനത്തെ 18 തദ്ദേശ വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മികച്ച മുന്നേറ്റം. 12 ജില്ലകളിലെ മൂന്ന് നഗരസഭ ഡിവിഷിനിലേക്കും, ഒരു ബ്‌ളോക്ക് പഞ്ചായത്ത് വാർഡിലേക്കും14 പഞ്ചായത്ത് വാർഡുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഫലമറിഞ്ഞ 16 വാർഡുകളിൽ എട്ടെണ്ണം എൽഡിഎഫ് നേടി. മലപ്പുറത്ത് രണ്ട് യുഡിഎഫ് സിറ്റിങ്ങ് സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തിട്ടുണ്ട്.

തലക്കാട് കാരയിൽ പഞ്ചായത്ത് വാർഡ്,  എടക്കര പഞ്ചായത്ത് പള്ളിപ്പടി വാർഡ് എന്നിവയാണ് ലീഗിൽ നിന്ന് സിപിഐ എം പിടിച്ചെടുത്തത്.
ചൊവ്വാഴ്ച ആറ് മണിക്ക് അവസാനിച്ച തെരഞ്ഞെടുപ്പിൽ 76.71 ശതമാനം പോളിങ് രേഖപെടുത്തിയിരുന്നു. ബുധനാഴ്ച രാവിലെ 10ന്് ആരംഭിച്ച വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.

തെരഞ്ഞെടുപ്പ് നടന്ന ജില്ല, പഞ്ചായത്ത്, വാർഡ്,എന്ന ക്രമത്തിൽ-

മലപ്പുറം തലക്കാട് കാരയിൽ വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മുസ്‌ളിം ലീഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. രൂപീകൃത കാലം മുതൽ ലീഗ് വിജയിക്കുന്ന വാർഡാണത്. എൽഡഎഫ് സ്ഥാനാർഥി കെ നൂർജഹനാണ് ഇവിടെ വിജയിച്ചത്. മുസ്‌ളിം ലീഗിലെ കെ ഹസീന രാജിവെച്ചതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. മുസ്‌ളിം ലീഗ് സ്ഥാനാർഥി ഫാത്തിമ സുഹറ, ലീഗ് വിമത-സുമയ്യ എന്നിവരായിരുന്നു സ്ഥാനാർഥികൾ.

മലപ്പുറം എടക്കര പഞ്ചായത്തിലെ പള്ളിപ്പടി വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സിറ്റിങ്ങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർഥി എം കെ ചന്ദ്രനാണ് ഇവിടെ വിജയിച്ചത്. 6 വോട്ട്.നിലവിലെ കോൺഗ്രസ് അംഗം എ മനുവിന് സർക്കാർ ജോലി കിട്ടയതിനെതുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. എം കെ ധനജ്ഞയൻ(യുഡിഎഫ്),എൻ ആർ സുകുമാരൻ(ബിജെപി), എന്നിവരായിരുന്നു സ്ഥാനാർഥികൾ.

മലപ്പുറം മൂർക്കനാട്- കൊളത്തൂർ പലകപ്പറമ്പ് വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സിറ്റിങ്ങ് സീറ്റ് നിലനിർത്തി. നിലവിലെ മുസ്‌ളിം ലീഗ് അംഗം പുലാക്കൽ ബഷീർ വിദേശത്ത് ജോലി ലഭിച്ചതിനെ തുടർന്ന് രാജിവെച്ചതിനാലാണ് തെരഞ്ഞെടുപ്പ്. മുസ്‌ളിം ലീഗ് സ്ഥാനാർഥി കെ പി ഹംസയാണ് വിജയിച്ചത്. കഴിഞ്ഞതവണ 450 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്നിടത്ത് ഇത്തവണ 132 വോട്ടുകൾക്കായിരുന്നു വിജയം. കെ മുസ്തഫ(എൽഡിഎഫ്), പി സി വേലായുധൻ-ബിജെപി എന്നിവരായിരുന്നു മറ്റ് സ്ഥാനാർഥികൾ.

മലപ്പുറം കോട്ടയ്ക്കൽ- ചീനം പുത്തൂർ വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി എം ഗിരിജ വിജയിച്ചു.  ലീഗ് അംഗം ടി വി മുംതാസ് രാജിവെച്ചതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. എം ദീപ ആയിരുന്നു എൽഡിഎഫ് സ്ഥാനാർഥി

പാലക്കാട് കൊടുവായൂർ പഞ്ചായത്തിലെ ചാന്തിരുത്തി മൂന്നാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ  എൽഡിഎഫ് സ്ഥാനാർഥി സി എം പത്മ കൃഷ്ണൻ വിജയിച്ചു. നിലവിലെ പഞ്ചായത്തംഗമായിരുന്ന സി കെ മോഹൻദാസിന്റെ നിര്യാണത്തെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. 221 വോട്ടുകളായിരുന്നു ഭൂരിപക്ഷം. മോഹൻദാസിന്റെ മകനാണ് വിജയിച്ച സി എം പത്മകൃഷ്ണൻ.

പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തിലെ ഏഴാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഡിവൈഎഫ്‌ഐ മല്ലപ്പള്ളി ബ്‌ളോക്ക് കമ്മിറ്റിയംഗം എബിൻ ബാബു വിജയിച്ചു. യുഡിഎഫ് സിറ്റിങ് സീറ്റ്് എൽഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.  107 വോട്ടുകൾക്കായിരുന്നു വിജയം.  മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബിച്ചൻ തോമസിന്റെ നിര്യാണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിലെ എൻ കെ റോസമ്മ ഉൾപ്പെടെ നാലു പേർ മത്സരരംഗത്തുായിരുന്നു.

കാസർകോട് നഗരസഭയിലെ വനിതാസംവരണ വാർഡായ കടപ്പുറം സൌത്തിലേക്ക് നടത്തിയ ബിജെപിക്ക് സിറ്റിങ് സീറ്റ് നഷ്ടമായി. കോൺഗ്രസാണ് ഇവിടെ വിജയിച്ചത്. എസ് രഹ്നയാണ് വിജയിച്ചത്.  ബിജെപി കൌൺസിലർ മരിച്ചതിനെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഉപതെരഞ്ഞെടുപ്പിൽ ജി ബിന്ദു (സിപിഐ എം) വിജയിച്ചു.  കെ സരള (ബിജെപി) എന്നിവരായിരുന്നു സ്ഥാനാർഥികൾ.

തൃശൂർ മാള- പതിയാരി വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സിപിഐ എമ്മിലെ കെ സി രഘുനാഥ് വിജയിച്ചു. 221 വോട്ടുകൾക്കാണ് വിജയം. ആകെ 531 വോട്ട് നേടിയാണ് വിജയം. സിപിഐ എമ്മിലെ എം എസ് ഷെയ്ഖ് ബാബുവിന്റെ മരണത്തെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.എൻഡിഎ ആണ് ഇവിടെ രണ്ടാം സ്ഥാനത്ത് 310 വോട്ടോടെ ഉണ്ണികൃഷ്ണൻ കണ്ണംകാട്ട് എത്തി. മുന്നാം സ്ഥാനത്ത് അബ്ദുൾ അസീസ് കോൺഗ്രസ് 155 വോട്ട് .

കോട്ടയം ഉദയനാപുരം പഞ്ചായത്തിലെ വാഴമന വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ ആർ രശ്മി വിജയിച്ചു. നിലവിലെ പഞ്ചായത്തംഗം ലേഖ തമ്പി മരിച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്. 277 വോട്ടുകൾക്കാണ് വിജയം.
കോട്ടയം ജില്ലയിലെ കല്ലറ പഞ്ചായത്തിലെ  കല്ലറ പഴയപള്ളി വാർഡിൽ എൽഡിഎഫിലെ അർച്ചന രവീന്ദ്രൻ വിജയിച്ചു. നിലവിലെ പഞ്ചായത്തംഗം ലീലയ്ക്ക് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്.

വയനാട് നൂൽപ്പുഴ പഞ്ചായത്തിലെ ഏഴാം വാർഡായ  കല്ലുമുക്കിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഷീന വിജയിച്ചു. 172 വോട്ടുകൾക്കാണ് വിജയം. എൽഡിഎഫ് സ്വതന്ത്രയായി  മത്സരിച്ച് വിജയിച്ച പഞ്ചായത്തംഗം ശാന്തിനി മത്തായി സർക്കാർ ജോലി ലഭിച്ചതിനാൽ അംഗത്വം രാജിവച്ച ഒഴിവിലേക്കാണ് ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് സ്വതന്ത്ര മേഴ്‌സി, എൻഡിഎയിലെ റീന എന്നിവരാണ് ജനവിധി തേടിയത്.

തിരുവനന്തപുരം മാറനല്ലൂർ-ഊരുട്ടമ്പലം  വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ശ്രീമിഥുൻ വിജയിച്ചു. 26 വോട്ടുകൾക്കാണ് വിജയം. എൽഡിഎഫിന്റെ പഞ്ചായത്തംഗമായിരുന്ന അഡ്വ. ദീപുവിന് സർക്കാർ ജോലി ലഭിച്ചതിനാൽ രാജിവെച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. അധ്യാപകനും മുൻ പഞ്ചായത്തംഗവുമാണ് ദാസൻ സാമുവൽ(എൽഡിഎഫ്), ഇന്ദുലേഖ (യുഡിഎഫ്) ആയിരുന്നു സ്ഥാനാർഥികൾ സ്ഥാനാർഥി.

അമ്പൂരി- അമ്പൂരി വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പി എസ് നൈനാൻ വിജയിച്ചു. 61 വോട്ടുകൾക്കാണ് വിജയം.
കോൺഗ്രസ് റിബൽ സ്ഥാനാർഥി ആയി മത്സരിച്ച് ജയിച്ച ജോർജ്കുട്ടിയുടെ നിര്യാണത്തെ തുടർന്നായിരുന്നു  ഉപതെരഞ്ഞെടുപ്പ്.  ശ്രീലേഖ (എൽഡിഎഫ്), സന്തോഷ്‌കുമാർ(ബിജെപി) എന്നിവരായിരുന്നു സ്ഥാനാർഥികൾ.

കോഴിക്കോട് ഫറോക്ക് കോട്ടപ്പാടം ഏഴാം ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. യുഡിഎഫ്  സ്ഥാനാർഥി ഇ കെ താഹിറ (മുസ്‌ളിം ലീഗ്) 156 വോട്ടിന് വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ  136 വോട്ടിന്റെ ഭൂരിപക്ഷത്തിൽ- വിജയിച്ച ലീഗിലെ പി കെ സബീനയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്് വേണ്ടിവന്നത്.

പയ്യാവൂർ പഞ്ചായത്തിലെ ചമതച്ചാൽ വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ജയൻ മല്ലിശേരി വിജയിച്ചു. പയ്യാവൂരിൽ പഞ്ചായത്തംഗമായിരുന്ന യുഡിഎഫിലെ പൊക്കിളി കുഞ്ഞിരാമന്റെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ്്. ഇ കെ മോഹനനാണ് എൽഡിഎഫ് സ്ഥാനാർഥി. ബിജെപിയിലെ സുരേഷ് മല്ലിശേരിയുമാണ് മറ്റു സ്ഥാനാർഥികൾ.

ആലപ്പുഴ-ഹരിപ്പാട് തൃക്കുന്നപ്പുഴ ബ്‌ളോക്ക് പഞ്ചായത്ത് ഡിവിഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. കോൺഗ്രസ് സ്ഥാനാർഥി ശ്രീകലയാണ് വിജയിച്ചത്. 192 വോട്ടുകളാണ് ഭൂരിപക്ഷം. യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റായ ഇവിടെ നിലവിലെ അംഗം റീനയ്ക്ക് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.  ബിന്ദു ഷാജി(എൽഡിഎഫ്). അനീഷ(ബിജെപി).എന്നിവരായിരുന്നു സ്ഥാനാർഥികൾ.

LEAVE A REPLY

Please enter your comment!
Please enter your name here