എട്ടു ദിവസം കൂടി സുനിയെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ്

0
99

പള്‍സര്‍ സുനിയെ എട്ടു ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പോലീസ്. എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് പോലീസ് ആവശ്യമുന്നയിച്ചത്.

2011 ല്‍ നടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് പ്രതിയെ ചാവക്കാട്, കണ്ണൂര്‍, തിരുവനന്തപുരം എന്നിവടങ്ങളില്‍ കൊണ്ടു ചെന്ന് തെളിവെടുക്കണമെന്നും, കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന് അന്വേഷിക്കേണ്ടതിനാലും കൂടുതല്‍ ദിവസം സുനിയെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നാണ് കസ്റ്റഡി അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് പള്‍സര്‍ സുനി മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതിയില്ലാത്ത സംഭവത്തിലാണ് കേസെടുത്തിരിക്കുന്നതെന്ന് സുനി പറഞ്ഞു. മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന കേസില്‍ സുനിയുടെ കൂട്ടാളികളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ കണ്ണൂര്‍ പാടിച്ചാല്‍ സ്വദേശി സുനീഷ്, റമദ റിസോര്‍ട്ടിന്റെ എക്‌സിക്യൂട്ടീവ് എന്ന് പരിചയപ്പെടുത്തിക്കൊണ്ട് നിര്‍മാതാവിനെ സമീപിച്ച അഷറഫ് എന്നിവരെയും കോതമംഗലം സ്വദേശിയായ എബിന്‍ കുര്യാക്കോസ് വിപിന്‍ എന്നിവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

പള്‍സര്‍ സുനി അടക്കമുള്ള ക്വട്ടേഷന്‍ സംഘമാണ് ഈ കേസിനു പിന്നിലും പ്രവര്‍ത്തിച്ചത്. എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പള്‍സര്‍ സുനിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് പോലീസ് സുനിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്നാണ് കസ്റ്റഡി ആവശ്യപ്പെട്ട് എറണാകുളം സിജെഎം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here