ഗോസംരക്ഷണ കൊലകള്‍ക്ക് പിന്നില്‍ സംഘപരിവാര്‍ : ഗുലാം നബി

0
102

രാജ്യത്ത് പശുവിന്റെ പേരില്‍ ജനങ്ങളെ കൊലപ്പെടുത്തുകയും ആക്രമിക്കുന്നതും ചെയ്യുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ബി.ജെ.പി- സംഘ്പരിവാര്‍ പ്രവര്‍ത്തകരാണെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്. സര്‍ക്കാര്‍ പിന്തുണയോടെയാണ് അക്രമസംഭവങ്ങള്‍ അരങ്ങേറുന്നതെന്ന് അദ്ദേഹം രാജ്യസഭയില്‍ വ്യക്തമാക്കി. പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ രാജ്യത്ത് ദിനംപ്രതി അരങ്ങേറുന്നു. ഭരണകക്ഷിയിലെ അംഗങ്ങളും സംഘ് പരിവാര്‍ പ്രവര്‍ത്തകരും ഈ കൂട്ടക്കൊലകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഝാര്‍ഖണ്ഡിലെ കൊലപാതകത്തില്‍ ബി.ജെ.പി ബന്ധം തെളിയിക്കുന്നതാണ് ബി.ജെ.പി മീഡിയ സെല്‍ നേതാവ് നിത്യാനന്ദ മഹ്ട്ടാ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായത്. പശുവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടന്ന ഒട്ടേറെ അക്രമ സംഭവങ്ങള്‍ ആസാദ് പാര്‍ലമെന്റില്‍ വിശദീകരിച്ചു. രാജ്യത്ത് നടക്കുന്ന ദലിതുകള്‍ക്കെതിരായ അക്രമത്തിനെതിരെയും കോണ്‍ഗ്രസ് എം.പി പ്രതികരിച്ചു. എന്നാല്‍ ആസാദിന്റെ പ്രസ്താവനക്കെതിരെ ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി രംഗത്തെത്തി. അക്രമങ്ങള്‍ക്ക് സാമുദായിക നിറങ്ങള്‍ നല്‍കരുതെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ അങ്ങനെ ചെയ്യുന്നെങ്കില്‍ അത് അക്രമികളെ സഹായിക്കുമെന്നും നഖ്വി പറഞ്ഞു. അല്‍വാര്‍, ബല്ലാബ്ഗഢ് കൊലകളില്‍ പ്രതികളെ അറസ്റ്റ് ചെയ്തതായും മന്ത്രി പ്രതികരിച്ചു.
ചൈനയുമായി തുടരുന്ന അതിര്‍ത്തി പ്രശ്‌നങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ചയായി. ഭൂട്ടാന്റെയും സിക്കിമിന്റെയും സുരക്ഷയില്‍ ഇന്ത്യക്ക് ഉത്തരവാദിത്തമുണ്ടെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് വ്യക്തമാക്കി. പാകിസ്താനേക്കാള്‍ ഇന്ത്യക്ക് വലിയ ഭീഷണി ചൈനയാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here