‘ഞാൻ തീരുമാനിച്ചാൽ മുഖ്യമന്ത്രി’ നടൻ കമൽ ഹാസനും രാഷ്ട്രീയത്തിലേക്കിറങ്ങുമോ?

0
77

നടൻ കമൽ ഹാസനും രാഷ്ട്രീയത്തിലേക്കിറങ്ങുമോ? ട്വിറ്ററിൽ ചൊവ്വാഴ്ച രാത്രി കമൽ കുറിച്ച 11 വരി കവിതയാണ് പുതിയ ചോദ്യമുയർത്തുന്നത്. തമിഴകത്ത് നിലവിലുള്ള നേതൃത്വ പ്രതിസന്ധിയുടെ പരിസരത്തിൽ കമലിന്റെ കവിത വൻ രാഷ്ട്രീയ ശ്രദ്ധയാണ് നേടിയിരിക്കുന്നത്.
മുതൽവർ എന്ന വാക്ക് കവിതയിൽ കമൽ ഉപയോഗിച്ചതാണ് കമലിന്റെ ആരാധകരെയും വിമർശകരെയും ഒരുപോലെ ഇളക്കിയിരിക്കുന്നത്. മുതൽവർ എന്നാൽ തമിഴിൽ മുഖ്യമന്ത്രി എന്നാണർത്ഥം. അർജുൻ നായകനായ ശങ്കർ ചിത്രം മുതൽവൻ ഓർക്കുക. ‘ ഞാൻ തീരുമാനിച്ചാൽ ഞാൻ മുതൽവരാവും. ‘ എന്നാണ് കമൽ എഴുതിയിരിക്കുന്നത്. ഇത് കമലിന്റെ രാഷ്ട്രീയ പ്രവേശത്തിന്റെ വിളംബരമാണ് എന്ന മട്ടിലാണ് വ്യാഖ്യാനങ്ങൾ കത്തിപ്പടരുന്നത്.
‘ നമുക്ക് വിമർശിക്കാം.ആരും ഇപ്പോൾ രാജാവല്ല. നമുക്ക് ആഹ്ലാദത്തോടെ കുതിച്ചുയരാം , നമ്മൾ അവരെപ്പോലെ രാജാക്കന്മാരല്ലല്ലോ . തുരത്തപ്പെട്ടാൽ , മരിച്ചാൽ ഞാൻ ഒരു തീവ്രവാദിയാണ്. ഞാൻ നിനച്ചാൽ ,തീരുമാനിച്ചാൽ ഞാൻ മുഖ്യമന്ത്രിയാണ്. കുമ്ബിടുന്നതുകൊണ്ട് ഞാൻ അടിമയാവുമോ ? കിരീടം ത്യജിക്കുന്നതുകൊണ്ട് ഞാൻ നഷ്ടപ്പെടുന്നവനാവുമോ ? അവരെ വിഡ്ഡികളെന്ന് എഴുതിത്തള്ളുന്നത് മണ്ടത്തരമാണ്.’ നാളെ ഇംഗ്ലീഷ് പത്രങ്ങളിൽ ഒരു സന്ദേശമുണ്ടാവും എന്ന ചെറിയൊരു പ്രസ്താവനയും കമൽ ഈ കവിതയ്ക്ക് മുന്നിലായി കൊടുത്തിട്ടുണ്ട്.
കമലിന്റെ കവിത ഒന്നും വ്യക്തമാക്കുന്നില്ലെന്നും അതൊരു കടങ്കഥയാണെന്നുമാണ് ചില രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. രജനികാന്തിനെപ്പോലെ കമലും ഒന്നും വിട്ടുപറയാതെ കളിക്കുകയാണ് എന്ന വിമർശവും ഇതോടൊപ്പം ഉയരുന്നുണ്ട്. നിലിവിലുള്ള എ ഐ എ ഡിഎം കെ സർക്കാരിനെതിരെ അടുത്തിടെ കമൽ നിശിത വിമർശം ഉയർത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here