ദിലീപിന് അറുനൂറു കോടിയുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപമെന്ന് എന്‍ഫോഴ്സ്മെന്റ്

0
148

നടിയെ ഉപദ്രവിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്ന കേസുമായി ബന്ധപ്പെട്ടു നടന്‍ ദിലീപിന്റെ സാമ്പത്തിക ഇടപാടുകളില്‍ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ ( എന്‍ഫോഴ്സ്മെന്റ് ഡയരക്ട്രേറ്റ് ) അവലോകന റിപ്പോര്‍ട്ട് തയാറാക്കി. ദിലീപിന്റെയും ബന്ധുക്കളുടെയും പേരില്‍ 600 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപമുണ്ടെന്നാണു പ്രാഥമിക വിവരം.

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ‘ഡി സിനിമാസ്’ ആഡംബര തിയറ്റര്‍ സമുച്ചയത്തില്‍ മറ്റു പലരുടെയും ബെനാമി നിക്ഷേപമുള്ളതിന്റെ തെളിവുകളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കു വിദേശത്തു നിന്നു പണമെത്തിയതായും സൂചനയുണ്ട്. ദിലീപിന്റെ വിദേശ സ്റ്റാര്‍ ഷോ സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചു തുടങ്ങി. ക്വട്ടേഷന്‍ മാനഭംഗക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ മാര്‍ച്ച് പകുതിയോടെ ദിലീപിന്റെ ബെനാമി നിക്ഷേപമെന്നു സംശയിക്കുന്ന ഒരു അക്കൗണ്ടില്‍ നിന്നും വന്‍തുക ഒരു ചലച്ചിത്ര പ്രവര്‍ത്തകയുടെ അക്കൗണ്ടിലേക്കു മാറ്റിയതിന്റെ തെളിവു ലഭിച്ചിട്ടുണ്ട്.

നടിയെ ഉപദ്രവിച്ച കേസില്‍ പ്രത്യേക പൊലീസ് സംഘം ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിനിടയില്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചു ലഭിക്കുന്ന വിവരങ്ങള്‍ പ്രത്യേക ഫയലായാണു സൂക്ഷിക്കുന്നത്. ഈ അന്വേഷണം പൂര്‍ത്തിയാക്കുന്നതോടെ ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ദിലീപിനെ ചോദ്യം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here