നഴ്സുമാരുടെ വേതനം ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാറുകളെന്ന് കേന്ദ്രം

0
118

രാജ്യത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് നിശ്ചിത വേതനം ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാറുകളാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡ. നിലവിലെ അടിസ്ഥാന വേതനം 20,000 രൂപയില്‍ കുറയരുതെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ടെന്നും കേന്ദ്രമന്ത്രി ലോക്‌സഭയെ അറിയിച്ചു.

നഴ്‌സുമാരുടെ വേതന കാര്യത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ രണ്ട് സമിതികളെ കേന്ദ്രം നിയോഗിച്ചിരുന്നു. 200 കിടക്കകളുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്‌സുമാരുടെ തത്തുല്യ വേതനം നല്‍കണം. 200ല്‍ താഴെ കിടക്കകളുള്ള ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലേതിന് 10 ശതമാനം കുറവും വേതനം നല്‍കണമെന്നും സമിതി ശിപാര്‍ശ ചെയ്തിരുന്നു.

സുപ്രീംകോടതി നിര്‍ദേശ പ്രകാരം പുതിയ വേതനം അടിസ്ഥാനമാക്കി ചട്ടങ്ങള്‍ രൂപീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞ നവംബറില്‍ നിര്‍ദേശം നല്‍കിയിരുന്നു. കോടതി നിര്‍ദേശിച്ച അടിസ്ഥാന വേതനം നഴ്‌സുമാര്‍ക്ക് നല്‍കണം. നഴ്‌സുമാര്‍ക്ക് വേതനം ലഭിക്കാത്ത വിഷയം ഗൗരവതരമാണ്. വിഷയത്തില്‍ കേന്ദ്രത്തിന് പ്രത്യേക താല്‍പര്യമുണ്ട്. ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ ഇടപെടുമെന്നും ജെ.പി നഡ്ഡ പറഞ്ഞു.

കേരളത്തിലെ നഴ്‌സുമാര്‍ തുടരുന്ന വേതന സമരത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് എം.പിമാരായ ആന്റോ ആന്റണിയും കെ.സി വേണുഗോപാലും ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. നഴ്‌സുമാര്‍ക്ക് അര്‍ഹമായ വേതനം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടത്. അടിയന്തര പ്രമേയത്തിന് നല്‍കിയ മറുപടിയിലാണ് ആരോഗ്യ മന്ത്രി നിലപാട് വ്യക്കമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here