നഴ്സുമാര്‍ കൂലി അടിമകളല്ല സാമൂഹികാരോഗ്യത്തിന്റെ സംരക്ഷകരാണ്

0
77

നഴ്സുമാരുടെ ശംബളമായി ഇരുപതിനായിരം രൂപയെങ്കിലും നല്‍കാന്‍ ഒരുക്കമല്ലെന്നാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നഴ്സിങ്ങ് വിദ്യാര്‍ത്ഥികളെ കരിങ്കാലിപ്പണി ശീലിപ്പിക്കാമെന്നും അവര്‍ കണക്കു കൂട്ടുന്നു. ഒട്ടും കാരുണ്യമില്ലാതെ രോഗികളെ പിഴിഞ്ഞൂറ്റുന്ന ആശുപത്രി ഉടമകള്‍ക്ക് തൊഴിലാളികളെയും അങ്ങനെ മാത്രമേ കാണാനാവൂ. ആരോഗ്യ രംഗം ദുര്‍ബ്ബലമാകുമ്പോഴാണ് നാട്ടില്‍ ആശുപത്രികള്‍ പെരുകുന്നത്. രോഗത്തെയല്ല രോഗസാധ്യതയാണ് തടയേണ്ടത്.

മെച്ചപ്പെട്ട ജീവിത സാധ്യതകള്‍ ഉറപ്പു വരുത്തിക്കൊണ്ടേ അതു സാധ്യമാകൂ. തൊഴിലും പാര്‍പ്പിടവും പരിസ്ഥിതിയും സാമൂഹിക സുരക്ഷയും സംരക്ഷിക്കപ്പെടണം. ഇങ്ങനെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്ന മുറയ്ക്ക് ഒട്ടേറെയിനം രോഗങ്ങളെ കീഴ്പ്പെടുത്താനാവും. അതോടെ ആശുപത്രികള്‍ ഭയസങ്കേതങ്ങളല്ലാതാവും. അക്ഷരാര്‍ത്ഥത്തില്‍ ആരോഗ്യ രക്ഷാ കേന്ദ്രങ്ങളായാണ് അവ പരിണമിക്കേണ്ടത്. ആരോഗ്യ പ്രവര്‍ത്തകരെ രോഗത്തെ എതിരിടുന്ന യുദ്ധസൈനികരായേ നമുക്കു പരിചയമുള്ളു. ആരോഗ്യത്തിന്റെ കാവല്‍ക്കാരോ പരിചാരകരോ ആയാണ് അവര്‍ പ്രവര്‍ത്തിക്കേണ്ടത്. രോഗങ്ങള്‍ വിതയ്ക്കുന്ന അന്ധമുതലാളിത്തം തന്നെയാണ് ആരോഗ്യമേഖലയെ യുദ്ധക്കളമാക്കിയിരിക്കുന്നത്. സാമൂഹിക ക്ഷേമത്തിലും സുരക്ഷയിലും ഊന്നിയാരംഭിച്ച സ്വാതന്ത്ര്യാനന്തര പുരോഗതിയുടെ സകലക്രമങ്ങളും അത് അഴിച്ചുപണിഞ്ഞു.

ഭിഷഗ്വരരെയും പരിചാരകരെയും വെറും അടിമ വേലക്കാരാക്കി മാറ്റി. രോഗികളെ മൃഗങ്ങളെയെന്നപോലെ ലാഭവേട്ടയുടെ ഇരകളാക്കി. സേവനത്തെയും സഹകരണത്തെയും വ്യവസായമാക്കി. തഴച്ചുവളര്‍ന്ന ഈ മനുഷ്യത്വ വിരുദ്ധ മൂലധനശക്തികളെ തളയ്ക്കാതെ ഒരുജനതയുടെ സാമൂഹികാരോഗ്യം വീണ്ടെടുക്കാനാവില്ല. ജീവിതാന്തരീക്ഷം കലുഷമാക്കി പുതിയ വ്യവസായങ്ങള്‍ക്കുതകുന്ന തൊഴില്‍ശക്തിയുടെ വേലിയേറ്റം സൃഷ്ടിക്കുകയും കുറഞ്ഞ ചെലവില്‍ ആവശ്യമായ അദ്ധ്വാനം ലഭ്യമാകുന്ന അവസ്ഥ സൃഷ്ടിക്കുകയും ചെയ്താണ് ജ്ഞാനസമ്പദ്ഘടനയുടെ കാലത്ത് മുതലാളിത്തം മത്സരോത്സുകമായത്. ഭരണകൂടത്തിന്റെ സംവിധാനങ്ങള്‍ അതിനുപയോഗിക്കുകവഴി ജനാധിപത്യത്തിന്റെ സത്തയാണ് ചോര്‍ത്തപ്പെട്ടത്. നിസ്സഹായരായ തൊഴിലാളികളോട് ഭരണകൂടവും നവമുതലാളിത്തവും യുദ്ധത്തിലേര്‍പ്പെടുകയാണ്.

സമരരംഗത്തുള്ള നഴ്സുമാരല്ല അരോഗകേരളത്തിന്റെ ശത്രുക്കള്‍. അവരെ പട്ടിണിയ്ക്കിട്ട് അടിമവേല ചെയ്യിക്കുന്നവരാണ്. ജീവിക്കാന്‍ നിവൃത്തിയില്ലാതെ സമരത്തിനിറങ്ങിയ നഴ്സുമാരെ തോല്‍പ്പിക്കാന്‍ നൂറോ നൂറ്റമ്പതോ രുപ കൂലിക്ക് അടിമവേല ചെയ്യാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കുകയാണ് സര്‍ക്കാര്‍. കരിങ്കാലി രാഷ്ട്രീയത്തിന് പുനര്‍ജന്മമേകുന്നത് ഇടതുപക്ഷ സര്‍ക്കാരാണെന്നത് കൗതുകകരം.

LEAVE A REPLY

Please enter your comment!
Please enter your name here