പ്രായംതോന്നാത്ത ചര്‍മ്മം

0
155

പ്രായഭേദമന്യേ സ്ത്രീയേയും പുരുഷനേയും അലട്ടുന്ന പ്രശ്‌നമാണ് ചര്‍മ്മ സൗന്ദര്യം. ചര്‍മ്മത്തിനു ഭംഗം വരുത്തുന്ന രോഗങ്ങള്‍ നമ്മുടെ മാനസികാവസ്ഥയെവരെ ബാധിക്കുന്നുണ്ട്.

ചെറുതും വലുതുമായ പല രോഗങ്ങളും ചര്‍മ്മത്തെ പിടിപെടാറുണ്ട്. ഏറെക്കുറെ ചര്‍മ്മരോഗങ്ങളും യഥാസമയം ചികിത്സിച്ചാല്‍ മാറ്റാവുന്നതാണ്. ചര്‍മ്മരോഗം ഭയപ്പെടേണ്ടതല്ലായെങ്കില്‍പോലും ഇതിനെ നിസ്സാരമായി തള്ളിക്കളയരുതെന്ന് ആധുനിക വൈദ്യശാസ്ത്രം പറയുന്നു.

ശാസ്ത്രം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടില്‍ എല്ലാ ചര്‍മ്മരോഗങ്ങള്‍ക്കും ഫലപ്രദമായ ചികിത്സ ഇവിടെയുണ്ട്. മുഖക്കുരു മുതല്‍ ചര്‍മ്മത്തെ ബാധിക്കുന്ന കാന്‍സര്‍ വരെ ഒട്ടുമിക്ക രോഗങ്ങളും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമെന്ന് വൈദ്യശാസ്ത്രം ഉറപ്പു തരുന്നു.

ചര്‍മ്മത്തെ ബാധിക്കുന്ന രോഗം എന്തെന്ന് തിരിച്ചറിയുകയാണ് ആദ്യംവേണ്ടത്. ഗുളികകളും ലേപനങ്ങളും സര്‍ജറികളും ചര്‍മ്മരോഗ ചികിത്സയുടെ ഭാഗമായി ഇന്നു നിലവിലുണ്ട്. അതുപോലെ ലേസര്‍ പോലുള്ള ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സാരീതികളും പ്രചാരം നേടിയിട്ടുണ്ട്. രണ്ടായിരത്തിലേറെ ചര്‍മ്മരോഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊതുവായി കാണപ്പെടുന്ന ചര്‍മ്മരോഗങ്ങളും അതിനുള്ള ചികിത്സാമാര്‍ഗ്ഗങ്ങളും.

മുഖക്കുരു

കൗമാരക്കാരുടെ ഉറക്കം കെടുത്തുന്ന പ്രധാന പ്രശ്‌നമാണ് മുഖക്കുരു. മുഖക്കുരു മൂലമുണ്ടാകുന്ന പാടുകളും കുഴികളുമാണ് ഇത്തരം മാനസികാവസ്ഥയ്ക്ക് കാരണം. മുഖക്കുരു ഒരു രോഗമല്ലെങ്കിലും ചര്‍മ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുന്ന ഒരു പ്രതിഭാസമാണിത്. അതിനാല്‍ ഈ രോഗത്തിന്റെ ചികിത്സതേടിയെത്തുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചുവരികയാണ്.

വലിയ മുഖക്കുരു, ഇടയ്ക്ക് വലുതാവുകയും ചെറുതാവുകയും ചെയ്യുന്ന മുഖക്കുരു ഇവയ്ക്ക് സാധാരണ മരുന്ന് ഫലപ്രദമല്ല. അതിനായി ഇപ്പോള്‍ റെറ്റിനോയ്ഡ് ഗുളികയാണ് ഉപയോഗിക്കുന്നത്. ഇത് മൂന്നുമാസത്തെ ചികിത്സകൊണ്ട് നിശേഷം മാറ്റാന്‍ കഴിയുന്നതുമാണ്. കൂടാതെ മാറിയതിനുശേഷം വീണ്ടും മുഖക്കുരു ഉണ്ടാകാതിരിക്കാനും ഇത് ഒരു പരിധിവരെ സഹായിക്കും.

പാടുകളും കുഴികളും

മുഖക്കുരു വന്നതിനുശേഷമുള്ള പാടുകളും കുഴികളുമാണ് അടുത്ത പ്രശ്‌നം. മുഖക്കുരു വന്നതിനുശേഷമുള്ള പാടുകളും കുഴികളും മാറാന്‍ പീലിംഗ് സഹായിക്കും. പത്തു ദിവസം ഇടവിട്ട് 3-6 പ്രാവശ്യംവരെ പീല്‍ ചെയ്യേണ്ടിവരും. എ.എച്ച്.എ പീല്‍ ആണ് ഇതിന് ഉപയോഗിക്കുന്നത്.
ഇത് മറ്റുള്ള ചികിത്സാരീതികളെ അപേക്ഷിച്ച് കൂടുതല്‍ ഫലപ്രദവും സുരക്ഷിതവുമാണ്. ലേസര്‍ ചികിത്സയും ഇപ്പോള്‍ പ്രചാരത്തിലുണ്ട്. പ്രത്യേക തരത്തിലുള്ള ലേസര്‍ ഉപയോഗിച്ചാണ് ലേസര്‍ ചികിത്സ നടത്തുന്നത്.

വളരെയേറെ നേട്ടമാണ് ലേസര്‍ ചികിത്സയ്ക്കുള്ളത്. പ്ലാസ്റ്റിക് സര്‍ജറിപോലെ ആശുപത്രിയില്‍ കിടക്കേണ്ടി വരുന്നില്ല എന്നതും ബാന്റേജിന്റെ ആവശ്യം വരുന്നില്ല എന്നതും. കൂടാതെ ലേസര്‍ ചികിത്സ 20 – 30 മിനിറ്റുകള്‍കൊണ്ട് കഴിയും. ഇതുകഴിഞ്ഞാല്‍ ഉടനെ സാധാരണ ജോലികള്‍ ചെയ്യാവുന്നതാണ്. കുഴികളുടെ ആഴം അനുസരിച്ച് 50 -80 ശതമാനംവരെ മാറ്റാവുന്നതാണ്. 3-4 ദിവസങ്ങള്‍കൊണ്ട് ഇതിന്റെ മാറ്റം അറിയാന്‍ കഴിയുന്നതുമാണ്.
കറുത്തപാടുകള്‍

മുഖത്തെ കറുത്ത പാടുകള്‍ സമയദോഷംകൊണ്ട് ഉണ്ടാകുന്നതാന്നെന്ന് പഴമക്കാര്‍ പറയുന്നു. കറുത്തപാടുകള്‍ പല തരത്തിലാണുള്ളത്. കറുത്തപാടുകള്‍ എളുപ്പം ചികിത്സിച്ചുമാറ്റാന്‍ കഴിയില്ല. ഇതിന് ദീര്‍ഘകാലത്തെ ചികിത്സ തന്നെ വേണ്ടിവരും.

ചെറിയ തോതിലുള്ള പാടുകള്‍ ക്രീം ഉപയോഗിച്ച് മാറ്റാനാവും. സണ്‍സ്‌ക്രീന്‍ ഇതിനൊരു പ്രതിവിധിയാണ്. ഇത് ഉപയോഗിക്കാന്‍ ഡോക്ടറുടെ നിര്‍ദേശം ആവശ്യമില്ല. പീല്‍ചെയ്യുന്നത് കറുത്തപാടുകള്‍ മാറ്റുന്നതിന് സഹായിക്കുന്നു. ലേസര്‍ ചികിത്സയും ചെയ്തുവരുന്നുണ്ട്. കൂടാതെ കറുത്തപാടുകള്‍, വെയിലേറ്റ് ഉണ്ടാകുന്ന പാടുകള്‍, കാക്കപുള്ളി തുടങ്ങിയവ മാറാന്‍ ലേസര്‍ ചികിത്സ ഫലപ്രദമാണ്. ഇതിനായി പലതരം ലേസറുകള്‍ ഉപയോഗിക്കുന്നു.

അരിമ്പാറ

സാധാരണയായി കണ്ടുവരുന്ന ഒരു ചര്‍മ്മരോഗമാണ് അരിമ്പാറ. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ അരിമ്പാറ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് സൗന്ദര്യപ്രശ്നം കൂടിയാണ്.
അരിമ്പാറ നീക്കം ചെയ്യാന്‍ പല മാര്‍ഗങ്ങളും നിലവിലുണ്ട്. ലിക്വിഡ് നൈട്രജന്‍ ക്രയോ തെറാപ്പിയിലൂടെ അരിമ്പാറ ഫ്രീസ് ചെയ്ത് നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ ചികിത്സ വേദന രഹിതമാണിത്.

സങ്കീര്‍ണമല്ലാത്ത ഈ രീതി വളരെ വേഗം പൂര്‍ത്തിയാക്കാവുന്നതാണ്. ഇത്തരം ചികിത്സ യാതൊരു വിധ പാര്‍ശ്വഫലങ്ങളും ഉണ്ടാകുന്നില്ല എന്നതും ഒരു നേട്ടമാണ്.
കുട്ടികളില്‍ ഉണ്ടാകുന്ന അരിമ്പാറ നീക്കം ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗമാണിത്. ചില അരിമ്പാറകള്‍ വീണ്ടും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇങ്ങനെ ആവര്‍ത്തിച്ചുണ്ടാകുന്ന അരിമ്പാറ നീക്കം ചെയ്യാന്‍ ലേസര്‍ ചികിത്സ വേണ്ടിവരും.

അമിതരോമവളര്‍ച്ചയും മുടികൊഴിച്ചിലും

അമിത രോമവളര്‍ച്ചയും മുടി കൊഴിച്ചിലും ഇന്ന് പലരുടെയും ഉറക്കംകെടുത്തുന്നു. ഇതിനായി മരുന്നുകള്‍ പലതും പരീക്ഷിച്ചു പരാജയപ്പെട്ടവരാണ് അധികവും. മുടികൊഴിയുന്നതിന് കാരണങ്ങള്‍ പലതാണ്. പാരമ്പര്യം ഇതിനൊരു പ്രധാന ഘടകമാണ്. കൃത്യമായ കാരണം കണ്ടെത്തിയുള്ള ചികിത്സയാണ് അഭികാമ്യം.

മാനസികസമ്മര്‍ദം, ഹോര്‍മോണ്‍ തകരാറുകള്‍, പോഷകാഹാരക്കുറവ്, ഡയറ്റ്, മരുന്നുകളുടെ ഉപയോഗം തുടങ്ങിയവയാണ് മുടികൊഴിച്ചിലിന് മുഖ്യകാരണങ്ങള്‍. കാരണം കണ്ടെത്തി ചികിത്സ നടപ്പാക്കിയാല്‍ മുടികൊഴിച്ചില്‍ പിടിച്ചുനിര്‍ത്താന്‍ കഴിയും. അമിത രോമവളര്‍ച്ച അല്ലെങ്കില്‍ അനാവശ്യ രോമവളര്‍ച്ചയുടെ പ്രധാന കാരണം പാരമ്പര്യമാണ്. മറ്റൊന്ന് ഹോര്‍മോണ്‍ തകരാറാണ്.

രണ്ടു പ്രധാന ചികിത്സാ രീതികളാണ് അമിതരോമവളര്‍ച്ചയ്ക്ക് പ്രതിവിധിയായുള്ളത്. ഇലക്ട്രോലിസ്, ലേസര്‍ എന്നിവയാണവ. ഈ ചികിത്സകള്‍ കൊണ്ട് അമിത രോമവളര്‍ച്ച പൂര്‍ണമായും ശാശ്വതമായും മാറ്റാന്‍ സാധിക്കുന്നു. എന്നാല്‍ ഒറ്റത്തവണത്തെ ചികിത്സകൊണ്ട് രോമവളര്‍ച്ച തടയാനാവില്ല.
ലേസര്‍ ചികിത്സയാകുമ്പോള്‍ മാസത്തില്‍ ഒരിക്കല്‍ എന്ന നിലയില്‍ ആറ് മുതല്‍ എട്ടു തവണ വരെ ചെയ്യേണ്ടിവരും. അതേസമയം ഇലക്ട്രോലിസ് ആണെങ്കില്‍ രണ്ടാഴ്ചയിലൊരിക്കല്‍ ചെയ്യണം. ഇത് 6 മാസം മുതല്‍ 1 വര്‍ഷം വരെ തുടരേണ്ടിവരും.

ഹോര്‍മോണ്‍ തകരാറാണ് അമിതരോമവളര്‍ച്ചയ്ക്ക് കാരണമെങ്കില്‍ മരുന്നുകൊണ്ട് മാറ്റിയെടുക്കാവുന്നതാണ്.
അമിത രോമം നീക്കം ചെയ്യാന്‍ ലേസര്‍ ചികിത്സയാണ് സാധാരണ തെരഞ്ഞെടുക്കുന്നത്. മികച്ച ഒരു ലേസര്‍ സെന്ററിലെ വിദഗ്ധനായ ലേസര്‍ സര്‍ജനെക്കൊണ്ട് വേണം ചികിത്സ നടത്താന്‍.

LEAVE A REPLY

Please enter your comment!
Please enter your name here