മറ്റ് അവകാശങ്ങള്‍ സ്വകാര്യതയില്ലെങ്കില്‍ നടപ്പാക്കാന്‍ കഴിയില്ല; സുപ്രീംകോടതി

0
83

മറ്റ് അവകാശങ്ങള്‍ സ്വകാര്യതയില്ലെങ്കില്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. സ്വകാര്യത മൗലികാവകാശമാണോയെന്ന കേസില്‍ ഒമ്പതംഗ ബെഞ്ച് വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടേതാണ് നിരീക്ഷണം.

ആധാറുമായി ബന്ധപ്പെട്ട സുപ്രധാന നിയമ വിഷയത്തില്‍ സുപ്രീംകോടതി വാദം തുടരുകയാണ്. ആധാറിന്റെ ഭരണഘടനാ സാധുത നിശ്ചയിക്കുന്നതിന് മുന്നോടിയായാണ് സ്വകാര്യത മൗലികാവകാശമാണോയെന്ന് ഒമ്പതംഗ ബഞ്ച് പരിശോധിക്കുന്നത്.

ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെ ഹര്‍ജിക്കാര്‍ക്കുവേണ്ടി വാദം തുടങ്ങിയ ഗോപാല്‍ സുബ്രഹ്മണ്യം സ്വകാര്യതയ്ക്കുള്ള അവകാശം സര്‍ക്കാരിന്റെ ആനുകൂല്യമല്ലെന്ന് വ്യക്തമാക്കി.

സ്വകാര്യത മറ്റ് അവകാശങ്ങളുടെ നിഴലില്‍ നില്‍ക്കേണ്ട കാര്യമല്ല. ഭരണഘടന ഉറപ്പുനല്‍കുന്ന സവിശേഷ അവകാശമായ സ്വാതന്ത്ര്യത്തിന്റെ പ്രധാന ഘടകമാണിത്. സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന നടപടികള്‍ സ്വകാര്യതയെയും ഇല്ലാതാക്കും.

1978 ലെ മേനകഗാന്ധി കേസിലെ വിധിക്ക് ശേഷം തുല്യതയ്ക്കും അഭിപ്രായ സ്വാതന്ത്രത്തിനും സ്വകാര്യതയ്ക്കുമുള്ള അവകാശങ്ങളെ ഒരുമിച്ചു വായിക്കേണ്ടതാണെന്നും ഗോപാല്‍ സുബ്രഹ്മണ്യം വാദിച്ചു. ഭരണഘടനാ വിദഗ്ധനായ സോളി സൊറാബ്ജിയും ശ്യാം ദിവാനും ഈ നിലപാടുകളെ പിന്തുണച്ചു.

അതേസമയം, സ്വകാര്യതയില്ലെങ്കില്‍ മറ്റ് അവകാശങ്ങള്‍ നിറവേറ്റാന്‍ കഴിയില്ലെന്നു ജസ്റ്റിസ് എസ് എ ബോബ്‌ഡെ നിരീക്ഷിച്ചു. ഭരണഘടന ഉറപ്പ് നല്കുന്ന സ്വകാര്യത മറ്റു നിയമങ്ങള്‍ ഉറപ്പ് നല്‍കുന്ന സ്വകാര്യതയ്ക്ക് മുകളിലാണോയെന്നായിരുന്നു ജസ്റ്റിസ് ചലമേശ്വറിന്റെ ചോദ്യം. ഭരണഘടനാ വിഷയത്തില്‍ ഒമ്പതംഗ ബെഞ്ച് തീരുമാനം എടുത്തശേഷം ആധാറിന്റെ സാധുത അഞ്ചംഗ ബെഞ്ച് പരിശോധിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here