ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയ ഷോട്ട്പുട്ട് താരം മന്‍പ്രീത് കൗര്‍ ഉത്തേജക മരുന്ന് കുരുക്കില്‍. നിരോധിച്ച മരുന്നുപയോഗിച്ച മന്‍പ്രീത് നാഡ നടത്തിയ ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു.
ജൂണ്‍ 14ന് പട്യാലയില്‍ നടന്ന ഫെഡറേഷന് കപ്പിനിടെയാണ് നാഡ പരിശോധന നടത്തിയത്.
നിരോധിച്ച ഡൈമെഥില്‍ ബ്യൂട്ടല്അമീനാണ് മന്‍പ്രീത് ഉപയോഗിച്ചത്. ഈ മരുന്ന് രാജ്യാന്തര ഉത്തേജക മരുന്ന്വിരോധ ഏജന്‍സി (വാഡ)യുടെ പട്ടികയിലുള്ളതിനാല്‍ ഭുവനേശ്വറില്‍ ലഭിച്ച സ്വര്‍ണം മന്‍പ്രീതിന് നഷ്ടപ്പെട്ടേക്കും. ഒപ്പം ലണ്ടനില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കാര്യം സംശയത്തിലായി. മരുന്നുപയോഗത്തിന്റെ പേരില്‍ മന്‍പ്രീതിന് നാഡയുടെ മുന്നില്‍ ഹാജരാകേണ്ടി വരും. വ്യക്തമായ കാരണം ബോധിപ്പിക്കാനായില്ലെങ്കില്‍ വിലക്കും നേരിടും. എന്നാല്‍ ഇതിനെക്കുറിച്ച് തങ്ങള്‍ക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് മന്‍പ്രീതിന്റെ പരിശീലകനും ഭര്‍ത്താവുമായ കരംജിത് പ്രതികരിച്ചു.
ചൈനയിലെ ജിന്ഹുയില് നടന്ന ഏഷ്യന്‍ ഗ്രാന്‍ഡ്പ്രീയില്‍ മന്‍പ്രീത് ദേശീയ റെക്കോഡ് പ്രകടനം പുറത്തെടുത്തിരുന്നു. 18.86 മീറ്ററാണ് മന്‍പ്രീത് എറിഞ്ഞത്. അന്ന് സ്വര്‍ണം നേടിയതിനോടൊപ്പം ലോക ചാമ്പ്യന്‍ഷിപ്പിനും പഞ്ചാബുകാരി യോഗ്യത നേടി. പിന്നീട് ഫെഡറേഷന് കപ്പ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, ദേശീയ അന്തസ്സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് എന്നിവയിലും സ്വര്‍ണം.