സംസ്ഥാനത്തെ കോടതികളിൽ 460 തസ്തിക സൃഷ്ടിക്കും

0
100

പതിനാലാം നിയമസഭയുടെ ഏഴാം സമ്മേളനം ആഗസ്റ്റ് 7 മുതൽ വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സബോർഡിനേറ്റ് ജുഡിഷ്യറിയിൽ കീഴ്‌ക്കോടതികളിലും സബ്‌കോടതികളിലുമായി 460 തസ്തികകൾ സൃഷ്ടിക്കാനും തീരുമാനമായി. കേരള ഹൈക്കോടതി ആവശ്യപ്പെട്ട തസ്തികകളിൽ ആദ്യഘട്ടമായാണ് 460 എണ്ണം അനുവദിച്ചത്. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച കാര്യങ്ങളിൽ അന്തിമ തീരുമാനം എടുത്തത്.

വിഴിഞ്ഞം പുനരധിവാസ പദ്ധതി നടപ്പിലാക്കുന്നതിന് മൂന്നു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ 10 തസ്തികകൾ അനുവദിച്ചു. കേരള മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ചെയർമാൻറെ ഓഫീസിലേക്ക് 4 തസ്തികകൾ അനുവദിച്ചു. തൃശ്ശൂർ ജില്ലയിലെ വിയ്യൂർ ഫയർ ആന്റ് റസ്‌ക്യൂ അക്കാദമിയിൽ പുതുതായി 22 തസ്തികകൾ സൃഷ്ടിക്കാൻ തീരൂമാനിച്ചു. മലപ്പുറം തൃപ്രങ്ങോട് പഞ്ചായത്തിൽ ആലത്തിയൂർ ആസ്ഥാനമായി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം ആരംഭിക്കാൻ തീരുമാനിച്ചു. ഇതിനു വേണ്ടി 10 തസ്തികകൾ സൃഷ്ടിച്ചു. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രീബ്യൂണലിൻറെ തിരുവനന്തപുരം ബഞ്ചിലേക്ക് 37 തസ്തികകൾ സൃഷ്ടിച്ചു.

പിഎസ്സി മുൻ ചെയർമാൻമാരുടെയും അംഗങ്ങളുടെയും പെൻഷൻ വർദ്ധിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. വാർഷിക സേവനത്തിന് അടിസ്ഥാന ശമ്പളത്തിന്റെ 7.5 ശതമാനം എന്ന നിരക്കിൽ പെൻഷന് അർഹതയുണ്ടായിരിക്കും. നിലവിൽ ഒരു വർഷത്തെ സേവനത്തിന് 5 ശതമാനം എന്നതാണ് നിരക്ക്. പരമാവധി പെൻഷൻ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. പെൻഷൻ അർഹതയ്ക്ക് രണ്ടു വർഷത്തെ മിനിമം സേവനം ഉണ്ടായിരിക്കണം. മിനിമം പെൻഷന് 30 ശതമാനം എന്ന നേരത്തെയുളള വ്യവസ്ഥ ഒഴിവാക്കി.

താനൂർ നിയമസഭാ മണ്ഡലത്തിൽ തിരൂർ പുഴയ്ക്കു കുറുകെ 13 കോടി രൂപ ചെലവിൽ പാലം നിർമ്മിക്കാൻ മന്ത്രിസഭ’ അനുമതി നൽകി. കിഫ്ബി മുഖേന ഫണ്ട് ലഭ്യമാക്കിയാണ് പ്രവൃത്തി നടത്തുക. വനിത പൊലീസ് ബറ്റാലിയന് ആസ്ഥാനം നിർമ്മിക്കുന്നതിന് തിരുവനന്തപുരം മേനംകുളം വില്ലേജിലെ സിഡ്‌കോയുടെ കൈവശമുളള 10 ഏക്കർ ‘ഭൂമി ലഭ്യമാക്കാൻ തീരുമാനിച്ചു. മലപ്പുറം ജില്ലാ പി.എസ്.സി. ഓഫീസ് നിർമ്മിക്കുന്നതിന് റവന്യൂ വകുപ്പിന്റെ 30 സെന്റ് സ്ഥലം വ്യവസ്ഥകൾക്കു വിധേയമായി അനുവദിക്കാൻ തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here