സ്വകാര്യത മൗലികാവകാശമോ? ഒൻപതംഗ ഭരണഘടനാ ബെഞ്ച് പരിശോധിക്കും

0
97

പൗരന്മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണോയെന്നതിനെ സംബന്ധിച്ച വിഷയം സുപ്രീംകോടതി ഒമ്പതംഗ ഭരണഘടനാബെഞ്ച് പരിശോധിക്കും. ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗബെഞ്ച് ഇന്നു മുതൽ വാദംകേൾക്കും. ആധാർ കാർഡിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്യുന്ന ഹർജികൾ പരിഗണിക്കുന്ന ചീഫ്ജസ്റ്റിസ് ജെ.എസ്. ഖെഹർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് സുപ്രധാനവിഷയം പരിഗണനയ്ക്ക് വിട്ടത്. ഭരണഘടനപ്രകാരം സ്വകാര്യതയ്ക്കുള്ള അവകാശം മൌലികമാണോയെന്ന വിഷയത്തിൽ കൃത്യമായ തീരുമാനമുണ്ടായശേഷം മാത്രമേ ആധാർ ഹർജികളിൽ അന്തിമതീർപ്പ് കൽപ്പിക്കാനാവുകയുള്ളുവെന്ന് അഞ്ചംഗബെഞ്ച് നിരീക്ഷിച്ചു.

2015 ആഗസ്തിലാണ് ജസ്റ്റിസ് ജെ ചെലമേശ്വർ അധ്യക്ഷനായ ബെഞ്ച് ആധാർ കാർഡ് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് ആരോപിക്കുന്ന ഹർജികൾ ഭരണഘടനാബെഞ്ചിന് വിട്ടത്. ഇക്കാര്യത്തിൽ തീർപ്പ് കൽപ്പിച്ചതിനുശേഷം മാത്രമേ സാമൂഹ്യസുരക്ഷാ പദ്ധതികൾക്ക് ഉൾപ്പെടെ ആധാർ നിർബന്ധമാക്കാൻ പാടുള്ളുവെന്നും കോടതി നിർദേശിച്ചിരുന്നു. ഈ ഉത്തരവ് നിലനിൽക്കെതന്നെ സാമൂഹ്യസുരക്ഷാപദ്ധതികൾക്ക് ഉൾപ്പെടെ സർക്കാർ ആധാർ നിർബന്ധമാക്കുന്നുണ്ട്.

1954ൽ എം പി ശർമ കേസിൽ എട്ടംഗ ബെഞ്ചും 1962ൽ  ഖരഗ്‌സിങ് കേസിൽ ആറംഗബെഞ്ചും സ്വകാര്യതയ്ക്കുള്ള അവകാശം യുക്തിപരമായ നിയന്ത്രണങ്ങൾക്ക് വിധേയമാണെന്ന് ഉത്തരവിട്ടിരുന്നു. സ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടന വാഗ്ദാനം ചെയ്യുന്നില്ലെന്നും ഈ കേസുകളിൽ കോടതി നിരീക്ഷിച്ചു. എന്നാൽ, പിന്നീട് വിവിധ ബെഞ്ചുകൾ സ്വകാര്യത മൗലികാവകാശമാണെന്ന രീതിയിലുള്ള ഉത്തരവുകളാണ് പുറപ്പെടുവിച്ചത്. ഈ സാഹചര്യത്തിൽ ശർമ കേസിലെയും ഖരഗ്‌സിങ് കേസിലെയും വിധികളും നിരീക്ഷണങ്ങളും പുനഃപരിശോധിക്കേണ്ടതുണ്ടെന്നാണ് അഞ്ചംഗബെഞ്ചിന്റെ നിലപാട്.

ചീഫ് ജസ്റ്റിസിനുപുറമെ ജസ്റ്റിസുമാരായ ജെ ചെലമേശ്വർ, എസ് എ ബോബ്‌ഡെ, ആർ കെ അഗർവാൾ, ആർ എഫ് നരിമാൻ, എ എം സാപ്രെ, ഡി വൈ ചന്ദ്രചൂഢ്, എസ് കെ കൌൾ, അബ്ദുൾനസീർ എന്നിവരാണ് അംഗങ്ങൾ. ചൊവ്വാഴ്ച അറ്റോർണിജനറൽ കെ കെ വേണുഗോപാലും ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകരായ ശ്യാംദിവാനും ഗോപാൽ സുബ്രഹ്മണ്യവും അരവിന്ദ്ദത്തറും ആനന്ദ്‌ഗ്രോവറും വാദങ്ങൾ അവതരിപ്പിച്ചു. എഴുതപ്പെട്ട ഭരണഘടനയുടെ അടിസ്ഥാനത്തിൽ രൂപീകരിച്ച രാഷ്ട്രത്തിൽ സ്വകാര്യതയ്ക്കുള്ള അവകാശം മൗലികമല്ലെന്ന വാദം അംഗീകരിക്കാൻ പ്രയാസമുണ്ടെന്ന് ജസ്റ്റിസ് ജെ ചെലമേശ്വർ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here