2011ലെ കേസ്: പള്‍സര്‍ സുനി വീണ്ടും കസ്റ്റഡിയില്‍

0
112

2011ല്‍ നിര്‍മാതാവിന്റെ ഭാര്യയായ നടിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനി വീണ്ടും പൊലീസ് കസ്റ്റഡിയില്‍. കേസില്‍ അഞ്ചു ദിവസത്തേയ്ക്കാണു സുനിയെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കസ്റ്റഡിയില്‍ വാങ്ങുന്ന കേസുകളിലല്ല ചോദ്യം ചെയ്യുന്നതെന്ന സുനിയുടെ പരാതി തള്ളികൊണ്ടാണു കോടതി ഉത്തരവ്.

2011ലെ കേസുമായി തനിക്കു ബന്ധമില്ലെന്നു സുനി നേരത്തെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കൊണ്ടുചെന്നു തെളിവെടുക്കേണ്ടതിനാല്‍ സുനിയെ എട്ടുദിവസം കസ്റ്റഡയില്‍ വിടണമെന്നായിരുന്നു പൊലീസ് കോടതിയില്‍ അറിയിച്ചിരുന്നത്. കേസില്‍ പള്‍സര്‍ സുനിയുടെ അറസ്റ്റ് ചൊവ്വാഴ്ച ജയിലിലെത്തി രേഖപ്പെടുത്തിയിരുന്നു.കേസിലെ മുഴുവന്‍ പ്രതികളും പൊലീസ് പിടിയിലായിട്ടുണ്ട്. വാഹനത്തിന്റെ ഡ്രൈവറും ഹോട്ടല്‍ പ്രതിനിധി എന്ന വ്യാജേന നിര്‍മാതാവ് ജോണി സാഗരികയെ സമീപിച്ചയാളും ഉള്‍പ്പെടെയുള്ളവരാണു കസ്റ്റഡിയിലുള്ളത്. കണ്ണൂര്‍ സ്വദേശി സുനീഷ് ആണ് പിടിയിലായ ഡ്രൈവര്‍.

അതേസമയം, കേസില്‍ പരാതി നല്‍കിയ നടിയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ചു നേരത്തെ താരം മാധ്യമങ്ങളോടു വിശദീകരിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം മൊഴിയിലും വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചിയില്‍ യുവനടിയെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ ഒന്നാം പ്രതി സുനില്‍കുമാറിന്റെ (പള്‍സര്‍ സുനി) നേതൃത്വത്തിലായിരുന്നു ഈ സംഭവവും. കോതമംഗലം സ്വദേശികളായ എബിന്‍, വിബിന്‍ എന്നിവരെ പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു.കൊച്ചിയില്‍ സിനിമാ ചിത്രീകരണത്തിനെത്തിയ നടിയെ 2011ല്‍ പള്‍സര്‍ സുനിയുടെ നിര്‍ദേശ പ്രകാരം വാനില്‍ കയറ്റിയ സംഘം തട്ടിക്കൊണ്ടുപോകാനായി നഗരത്തിലൂടെ ചുറ്റിക്കറക്കിയെന്നാണു പരാതി. യുവസംവിധായകന്റെ ഭാര്യയായ നടിക്കുവേണ്ടി സുനിലും സംഘവും ഒരുക്കിയ കെണിയില്‍ കുടുങ്ങിയത് നിര്‍മാതാവിന്റെ ഭാര്യയാണെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here