360 രൂപ മോഷ്ടിച്ചു: അഞ്ചുവര്‍ഷം തടവ്

0
99

360 രൂപ മോഷ്ടിച്ച കേസില്‍ 29 വര്‍ഷത്തിന് ശേഷം രണ്ടുപേരെ 5 വര്‍ഷം തടവിന് ശിക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ബറേലി അഡീഷന്‍ ജില്ലാ കോടതിയാണ് മൂന്ന് പതിറ്റാണ്ടിനുശേഷം നീതി നടപ്പിലാക്കിയത്. കനയ്യ ലാല്‍, സര്‍വേശ് എന്നിവര്‍ക്കെതിരെയാണ് ശിക്ഷ നടപ്പിലാക്കിയത്.

വാജിദ് ഹുസൈന്‍ എന്നയാളാണ് കേസിലെ പരാതിക്കാരാന്‍. 1988 ഒക്ടോബര്‍ 21-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഷാജഹാന്‍പുറില്‍ നിന്ന് പഞ്ചാബിലേക്ക് ജോലി അന്വേഷിച്ചു ട്രെയിനില്‍ പോകുകയായിരുന്നു വാജിദ് ഹുസൈന്‍. ഈ സമയം ചന്ദ്ര പാല്‍, കനയ്യ ലാല്‍, സര്‍വേശ് എന്നീ മൂന്ന് പേര്‍ ചേര്‍ന്ന് തന്റെ പോക്കറ്റടിച്ചു എന്നാണ് കേസ്.

ട്രെയില്‍ യാത്രയ്ക്കിടെ സൗഹൃദം നടിച്ച് വാജിദിനോട് അടുത്ത ഈ മൂന്നുപേര്‍ ഇയാള്‍ക്ക് ചായയില്‍ ലഹരിമരുന്ന് കലക്കി കൊടുത്ത് ബോധംകെടുത്തിയശേഷം പോക്കറ്റടിക്കുകയായിരുന്നു. പോക്കറ്റില്‍ ഉണ്ടായിരുന്ന 360 രൂപയാണ് മൂവരും കൈക്കലാക്കിയത്. ഇയാള്‍ പോലീസില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രതികളെ പിടികൂടി കുറ്റപത്രം തയ്യാറാക്കി കോടതിയിലെത്തിച്ചു. ഈ സമയം പ്രതികളില്‍ ഒരാളായ ചന്ദ്രപാല്‍ ഒളിവില്‍ പോകുകയും വിചാരണ തടസ്സപ്പെടുകയും ചെയ്തു.

പിന്നീട് നീണ്ട 15 വര്‍ഷത്തിന് ശേഷം 2004-ലാണ് ചന്ദ്രപാല്‍ മരിച്ചു പോയ വിവരം കോടതി അറിയുന്നത്. ഇതോടെ അവശേഷിക്കുന്ന രണ്ട് പേരെ പ്രതികളാക്കി കോടതി വിചാരണ തുടര്‍ന്നു. 2012ല്‍ കേസിലെ പരാതിക്കാരനായ വാജിദ് ഹുസൈന്‍ കോടതിയില്‍ ഹാജരായി സാക്ഷിമൊഴി നല്‍കി. ഇതിന്‍ പ്രകാരം പ്രതികള്‍ക്കെതിരെ അഞ്ച് വര്‍ഷം തടവും പതിനായിരം രൂപ വീതം പിഴയും കോടതി വിധിച്ചു. സംഭവം നടക്കുമ്പോള്‍ 30-കാരനായിരുന്ന വാജിദ് ഹുസൈന് ഇപ്പോള്‍ 59 വയസ്സാണ് പ്രായം. കനയ്യയും സര്‍വേശും അറുപതും.

ചെറുപ്പത്തിലെ അറിവില്ലായ്മകൊണ്ടാണ് തങ്ങള്‍ തെറ്റു ചെയ്തുപോയതെന്ന് ഇരുവരും സമ്മതിക്കുന്നു. എന്നാല്‍ ഇപ്പോഴുള്ള ഈ ശിക്ഷ മോഷ്ടിച്ചതിന്റെ പേരിലല്ലെന്നും, വിചാരണയുടെ പേരില്‍ ഇത്രകാലം കേസിന്റെ പിറകില്‍ നടക്കേണ്ടി വന്നതാണ് യഥാര്‍ത്ഥ ശിക്ഷയെന്നും കോടതി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here