നാളെ നടക്കുന്ന കോര്‍ കമ്മറ്റിയിലും 22 ന് ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന കമ്മറ്റിയിലും വന്‍ പൊട്ടിത്തെറിക്ക് സാധ്യത
മുരളീധര പക്ഷം നിലപാട് കടുപ്പിക്കുന്നു; അഴിമതി ആരോപണത്തില്‍ പകച്ച് കുമ്മനം പക്ഷം
ബിജെപി സംസ്ഥാന ഘടകത്തിൽ പുകയുന്ന മെഡിക്കൽ കോളജ് അഴിമതി ആരോപണം പാർട്ടി ഔദ്യോഗികമായി ചർച്ചയ്ക്കെടുക്കുന്നു. 22ന് ആലപ്പുഴയിലെ സംസ്ഥാന കമ്മിറ്റി യോഗത്തോടനുബന്ധിച്ച നാളെ നടക്കുന്ന നേതൃയോഗം ഇക്കാര്യം പരിശോധിച്ചേക്കും. കേന്ദ്രനേതൃത്വത്തിന്റെ കൂടി അഭിപ്രായം തേടിയായിരിക്കും നീക്കം. അഴിമതിക്കാരെ വെച്ച് പൊറുപ്പിക്കില്ല എന്ന കര്‍ക്കശ നിലപാടുമായി മുരളീധര പക്ഷം ആഞ്ഞടിക്കുമ്പോള്‍ സ്വന്തം ആളുകളെ എങ്ങനെ സംരക്ഷിക്കും എന്ന ആശങ്കയില്‍ ആണ് കുമ്മനം രാജശേഖരന് നേതൃത്വം നല്കുന്ന പക്ഷം.
പണം കൊടുത്തെങ്കിലും കാര്യം നടന്നില്ലെന്നു വന്നതോടെ സംരംഭകൻ പാർട്ടി നേതൃത്വത്തിനു പരാതി നൽകി. എൻഡിഎ സഖ്യകക്ഷിയായ ബിഡിജെഎസുമായി സഹകരിക്കുന്ന ഇയാൾ അവരെ ഇക്കാര്യം ധരിപ്പിച്ചതിനെത്തുടർന്ന് ആ നേതൃത്വവും ഇടപെട്ടു. സംസ്ഥാന നേതൃ യോഗത്തിൽ ഇതു ചൂടുപിടിച്ച ചർച്ചയ്ക്കു വഴിയൊരുക്കിയതോടെ നേതാക്കളായ കെ.പി.ശ്രീശൻ, എ.കെ.നസീർ എന്നിവരെ അന്വേഷണ കമ്മിഷനായി നിയോഗിച്ചു. ഇവർ നൽകിയ റിപ്പോർട്ടാണു പാർട്ടിയാകെ ഉറ്റുനോക്കുന്നത്.
കേന്ദ്രഭരണം മറയാക്കി പാർട്ടിയിലെ ചിലർ അഴിമതിക്കു ശ്രമിക്കുന്നുവെന്ന ആക്ഷേപം പാർട്ടിയിലാകെയുണ്ട്. തലസ്ഥാനത്തു തന്നെ മറ്റൊരു മെഡിക്കൽ സ്ഥാപനത്തിൽ നിന്നു പണം തട്ടിയതായ ആരോപണമുണ്ട്. പാലക്കട് പുതിയ മെഡിക്കൽ കോളജ് അനുവദിക്കാമെന്നു പറഞ്ഞു പണം വാങ്ങിയെന്ന ആരോപണവും സംഘടനയിലുണ്ട്. പാർട്ടി സ്വാധീനം ശക്തമാക്കാൻ ശ്രമിക്കുന്ന തലസ്ഥാന ജില്ലയുമായി കേന്ദ്രീകരിച്ചാണ് ആക്ഷേപങ്ങളെന്നതും ഗൗരവത്തോടെയാണു നേതൃത്വം കാണുന്നത്. ജില്ലയിൽ മികച്ച പ്രതിഛായയ്ക്കും പ്രവർത്തനത്തിനും ശ്രമിക്കുമ്പോഴാണു ചിലർ പാർട്ടിയുടെ പ്രതിഛായ മോശമാക്കുന്നതെന്നാണ് ആക്ഷേപം. കർശനനടപടി വേണമെന്ന ആവശ്യം ശക്തമാണ്.