ഖത്തര്‍ ഉപരോധം : നിലപാടില്‍ അയവുമായി സൗദി സഖ്യം

0
154


ഖത്തറുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ആറ് വിശാല തത്ത്വങ്ങളുമായി സൗദി സഖ്യരാജ്യങ്ങള്‍. ഇതോടെ ഒന്നരമാസം പിന്നിട്ട പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള സാധ്യത വര്‍ധിച്ചു. നേരത്തേ ഖത്തറിന് മുന്നില്‍വെച്ച 13 ഇന ആവശ്യങ്ങള്‍ക്ക് പകരമായാണ് ആറ് വിശാല തത്ത്വങ്ങള്‍ സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ മുന്നോട്ടുവെച്ചതെന്ന് അബൂദബിയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ദ നാഷനല്‍’ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയുടെയും െഎക്യരാഷ്ട്ര സഭയുടെയും പിന്തുണയോടെ കുവൈത്തിന്റെ നേതൃത്വത്തില്‍ അനുരഞ്ജന ശ്രമങ്ങള്‍ മുന്നോട്ടുപോകുന്നതിനിടയിലാണ് നാലു രാജ്യങ്ങള്‍ നിലപാട് വ്യക്തമാക്കിയത്. ഈ ആറു തത്ത്വങ്ങള്‍ അനുസരിക്കാതെ ഖത്തറിന് മുന്നോട്ടുപോകാനാവില്ലെന്ന്‌ െഎക്യരാഷ്ട്ര സഭയിലെ സൗദി അറേബ്യയുടേത് ഉള്‍പ്പെടെ സ്ഥിരം പ്രതിനിധികള്‍ അറിയിച്ചതായി സൗദിയിലെ ‘അറബ് ന്യൂസ്’ പത്രം റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ അഞ്ചിന് കൈറോയില്‍ ചേര്‍ന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ആറു തത്ത്വങ്ങള്‍ മുന്നോട്ടുവെക്കുന്നതെന്ന് സൗദിയുടെ യു.എന്‍ അംബാസഡര്‍ അബ്ദുല്ല അല്‍മുഅല്ലിമി പറഞ്ഞതായി പത്രം വ്യക്തമാക്കി.
തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ നിലപാട് സ്വീകരിക്കുക, അത്തരം സംഘങ്ങള്‍ക്ക് ധനസഹായവും സുരക്ഷിത താവളവും നല്‍കുന്നത് ഒഴിവാക്കുക, വിദ്വേഷ പ്രചാരണവും അക്രമങ്ങള്‍ക്കുള്ള പ്രോത്സാഹനവും അവസാനിപ്പിക്കുക തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് തത്ത്വങ്ങള്‍. ഇത് നടപ്പാക്കലും നിരീക്ഷണവും നിര്‍ബന്ധമാണ്. അതിനായി ചര്‍ച്ചകള്‍ ആകാം. ഇവ അംഗീകരിക്കാന്‍ ഖത്തറിന് താരതമ്യേന എളുപ്പമായിരിക്കുമെന്നും മുഅല്ലിമി കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ അഞ്ചിനാണ് ഭീകരബന്ധം ആരോപിച്ച് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ നാലു രാജ്യങ്ങള്‍ ഖത്തറുമായി ബന്ധം വിച്ഛേദിച്ചത്. നയതന്ത്ര പ്രതിനിധികളെ പിന്‍വലിക്കുകയും ഖത്തറിലേക്കുള്ള ഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. തുടര്‍ന്ന് കുവൈത്തിന്റെ നേതൃത്വത്തില്‍ പ്രശ്‌നപരിഹാര ശ്രമം ആരംഭിച്ചു. എന്നാല്‍, നിസ്സഹകരണം പ്രഖ്യാപിച്ച സഖ്യരാജ്യങ്ങള്‍ ജൂണ്‍ 23ന് അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടുക, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക തുടങ്ങിയ 13 ആവശ്യങ്ങളുടെ പട്ടിക ഖത്തറിന് കൈമാറി. ഇത് അംഗീകരിക്കാന്‍ ഖത്തര്‍ വിസമ്മതിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here