ഗോഡ്സേയുടെ കത്തിമുനയില്‍നിന്നും ഗാന്ധിജിയെ രക്ഷിച്ച ഭിലാരെ അന്തരിച്ചു…

0
107

ഗോഡ്സേയുടെ വധശ്രമത്തില്‍നിന്ന് ഗാന്ധിജിയെ രക്ഷിച്ച ഭിലാരെ അന്തരിച്ചു. 1944ല്‍ പഞ്ച്ഗനിയില്‍ പ്രാര്‍ത്ഥനാ ചടങ്ങിനിടയില്‍ ഗോഡ്‌സേ ഗാന്ധിജിയെ വധിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഭിലാരെ ഗുരുജി എന്നറിയപ്പെടുന്ന ഭികുദാജി ഭിലാരെ ഗാന്ധിയെ രക്ഷപ്പെടുത്തിയത്. ബുധനാഴ്ചയായിരുന്നു സ്വാതന്ത്ര്യ സമര സേനാനിയായ ഭികുദാജി ഭിലാരെയുടെ അന്ത്യം. 98 വയസ്സായിരുന്നു അദ്ദേഹത്തിന്.

1948ല്‍ നാഥുറാം ഗോഡ്സേ ഗാന്ധിജിയെ വെടിവെച്ച് കൊല്ലുന്നതിന് നാലു കൊല്ലം മുന്‍പായിരുന്നു ഗാന്ധിജിക്കു നേരെയുള്ള ഈ വധശ്രമം. 1944-ല്‍ ഡോഗ്‌സേ നടത്തിയ വധശ്രമം തടയുകയും അദ്ദേഹത്തെ രക്ഷപ്പെടുത്തിയതിനാലും ഭിലാരെ അന്ന് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

പഞ്ച്ഗനിയില്‍ നടന്ന പ്രാര്‍ഥനാ സമ്മേളനത്തിനിടെ കത്തിയുമായി ഗാന്ധിജിക്കുനേരെ ചാടിവീഴുകയായിരുന്നു ഗോഡ്സേ. ഈ സന്ദര്‍ഭത്തില്‍ ഭിലാരെയും മണിശങ്കര്‍ പുരോഹിത് എന്ന മറ്റൊരു ഗാന്ധി ശിഷ്യനും ചേര്‍ന്ന് സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ അക്രമിയെ കീഴ്പെടുത്തുകയായിരുന്നു. ഗാന്ധിജിയുടെ പൗത്രന്‍ തുഷാര്‍ ഗാന്ധി അടക്കമുള്ളവര്‍ ഈ സംഭവത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. അഭിമുഖങ്ങളില്‍ ഭികുദാജി ഭിലാരെ ഈ സംഭവത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്.

എല്ലാവര്‍ക്കും പ്രവേശനാനുവാദം നല്‍കിയിരുന്നു പഞ്ച്ഗനിയിലെ പ്രാര്‍ഥനാ സമ്മേളനത്തില്‍ മഹാത്മജി. അന്ന് ഗാന്ധിജിയുടെ ശിഷ്യരായ ഉഷാ മേത്ത, പ്യാരേലാല്‍, അരുണ ആസഫലി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഈ സമ്മേളനത്തില്‍ ഗോഡ്‌സേയും കടന്നുവരികയായിരുന്നു. ഇതിനിടയിലാണ് ഗോഡ്സേ കത്തിയുമായി ഗാന്ധിജിയുടെ നേര്‍ക്ക് ചാടിവീണത്. ഇതേ സമയം ഭിലാരെ അയാളെ തടയുകയും കൈയ്യ് പിടിച്ചു തിരിക്കുകയും കത്തി കരസ്ഥമാക്കുകയും ചെയ്തു. എന്നാല്‍ ഗാന്ധിജി അയാളെ പോകാന്‍ അനുവദിക്കുകയായിരുന്നു ചെയ്തത്.

ഈ സംഭവം അക്കാലത്ത് വലിയ വാര്‍ത്തയാകുകയും ഭികുദാജി ഭിലാരെയ്ക്ക് വലിയ പരിവേഷം ലഭിക്കുകയും ചെയ്തിരുന്നതായി പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും വര്‍ക്കേഴ്സ് പാര്‍ട്ടി നേതാവുമായ എന്‍ ഡി പാട്ടീല്‍ വ്യക്തമാക്കിയിട്ടുണ്ട്. ലളിത ജീവിതം നയിച്ചിരുന്നഭിലാരെ ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ അനുയായി ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

എന്നാല്‍ ഈ സംഭവം നടന്നത് 1944 ല്‍ അല്ലെന്നും 1947 ല്‍ ആണ് നടന്നതെന്നും മണിശങ്കര്‍ പുരോഹിത് പറയുന്നു. ഗാന്ധി വധവുമായി ബന്ധപ്പെട്ട ഗൂഢാലോചന സംബന്ധിച്ച് അന്വേഷിച്ച കപൂര്‍ കമ്മീഷനു മുന്‍പാകെ മണിശങ്കര്‍ പുരോഹിത് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ 1944ല്‍ പഞ്ച്ഗനിയില്‍ നടന്ന പ്രാര്‍ഥനാ സമ്മേളനത്തിനിടെ ഒരുകൂട്ടം പ്രശ്നങ്ങളുണ്ടാക്കിയതായി രേഖപ്പെടുത്തിയിട്ടുമുണ്ട്.

എന്നാല്‍ പഞ്ച്ഗനിയിലുണ്ടായതായി പറയപ്പെടുന്ന വധശ്രമത്തെ മുംബൈയിലെ മണിഭവന്‍ ഗാന്ധി സംഗ്രഹാലയയുടെ പ്രസിഡന്റ് ധീരുഭായ് മേത്തയെപ്പോലുള്ളവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 1944ല്‍ പ്രാര്‍ഥനാ യോഗത്തിനിടയില്‍ ഗോഡ്സേ സഹോദരന്‍മാരില്‍ ഒരാള്‍ ഗാന്ധിയെ വധിക്കാന്‍ ശ്രമിച്ചതായും സ്ഥലത്തുണ്ടായിരുന്ന ഒരു യുവാവ് വധശ്രമം പരാജയപ്പെടുത്തയതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഭവം ഗാന്ധിയുടെ അടുത്ത അനുയായിയായിരുന്ന പ്ര്യാരേലാല്‍, ചുനിലാല്‍ വൈദ്യ എന്നിവര്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

1919 നവംബര്‍ 26ന് ആണ് ഭിലാരെ ജനിച്ചത്. സ്വാതന്ത്ര്യ സമരത്തോടനുബന്ധിച്ച് സതാര ജില്ലയില്‍ ശക്തമായിരുന്ന നാനാ പാട്ടീലിന്റെ സമാന്തര സര്‍ക്കാര്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഭികുദാജി ഭിലാരെ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം 18 വര്‍ഷത്തോളം ജവാലി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന എംഎല്‍എ ആയിരുന്നു അദ്ദേഹം. സ്വാതന്ത്ര്യാനന്തര കാലത്തും സാമൂഹ്യ, രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു ഭികുദാജി ഭിലാരെ.

LEAVE A REPLY

Please enter your comment!
Please enter your name here