ഗ്രാമത്തിലെ വയസന്‍ ആല്‍മരച്ചുവട്ടില്‍ നിന്നും രാഷ്ട്രപതി ഭവനിലേക്ക് കോവിന്ദ് പടികയറുമ്പോള്‍

0
117


ദലിത് വിഭാഗത്തില്‍ നിന്നും ബി.ജെ.പിയുടെ നേതൃപദവിയിലേക്ക് ഉയര്‍ന്ന ആദ്യകാല ദലിത് നേതാക്കളില്‍ ഒരാളാണ് രാം നാഥ് കോവിന്ദ്. രാഷ്ട്രീയ മണ്ഡലത്തില്‍ അത്ര വിഖ്യാത നാമമൊന്നുമല്ലെങ്കിലും സംഘടനയ്ക്ക് വേണ്ടിയുള്ള കഠിനാദ്ധ്വാനവും സമര്‍പ്പണവും നിശ്ചയദാര്‍ഡ്യവും പുറമെ,ദലിത്‌ ഐഡന്റിറ്റിയും അദ്ദേഹെത്ത രാഷ്ട്രപതി പഥവിയെന്ന ഉന്നതസ്ഥാനത്തെത്താന്‍ സഹായിച്ച ഘടകങ്ങളായി.ജനതാപാര്‍ട്ടി സര്‍ക്കാരിന്റെ കാലത്ത് സുപ്രീംകോടതി അഭിഭാഷകനായിരുന്ന കോവിന്ദ് സമകാലിക രാഷ്ട്രീയത്തില്‍ ചുവടുവെക്കുന്നത് 2012ല്‍ ്ഉത്തര്‍പ്രദേശ് ബി.ജെ.പി ജനറല്‍ സെക്രട്ടറി ആയതോടെയാണ്.2012ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ കനത്ത തോല്‍വിയെ മറികടക്കാന്‍ അഭിനവ ഭാരതത്തിലെ രാഷ്ട്രീയ കൗശലക്കാരന്‍ അമിത് ഷാ കണ്ടെത്തിയ ചാണക്യാസ്ത്രമായിരുന്നു യു.പിയിലെ പാരമ്പരാഗത നെയ്ത്തുകാരായ കോറിയെന്ന ദലിത് കുലത്തില്‍ ജനിച്ച കോവിന്ദ് . ദലിതര്‍ക്കിടയില്‍ മായാവതിക്കുണ്ടായിരുന്ന അപ്രമാദിത്വം തടയുന്നതോടൊപ്പം ദലിത്‌ ഐക്യവും തകര്‍ക്കുകയായിരുന്നു അതിലൂടെ അമിത് ഷാ ലക്ഷ്യമിട്ടത്.

കെ.ആര്‍.നാരായണനു ശേഷം രാജ്യത്തിന്റെ രാഷ്ട്രപതി പദവിയിലെത്തുന്ന രണ്ടാമത്തെ ദലിത് വിഭാഗക്കാരനായ രാം നാഥ് കോവിന്ദ് ഇന്ത്യയുടെ ചരിത്രത്തില്‍ ആര്‍.എസ്.എസ് പശ്ചാതലത്തില്‍നിന്നും രാഷ്ട്രപതിയാകുന്ന ആദ്യവ്യക്തികൂടിയാണ്. 2015 മുതല്‍ 2017 ജൂണ്‍ 20 വരെ ബീഹാര്‍ ഗവര്‍ണര്‍ പദവിയിലിരുന്ന കോവിന്ദ് നേരത്തെ രണ്ടുതവണ രാജ്യസഭാംഗമായിരുന്നു. 1998ല്‍ കുശേഭാവു താക്കറെ ബി.ജെ.പി പ്രസിഡന്റായിരിക്കെ ദലിത് മോര്‍ച്ചയുടെ അധ്യക്ഷനായ അദ്ദേഹം 2002 വരെ ആ സ്ഥാനത്ത് തുടര്‍ന്നു.ബി.ജെ.പിയുടെ ദേശീയ വക്താവായും സേവനം ചെയ്തിട്ടുള്ള അദ്ദേഹം പാര്‍ലമെന്റിലെ വിവിധ കമ്മിറ്റികളുടെ തലവന്‍ കൂടിയായിരുന്നു. ആര്‍.എസ്.എസ് പോഷകസംഘടനയായ അഖില ഭാരതീയ കോലി സമാജിന്റെ പ്രസിഡന്റുമാണ്.കാണ്‍പൂര്‍ സര്‍വകലാശാലയില്‍ നിന്നും കൊമേഴ്സിലും നിയമത്തിലും ബിരുദം നേടിയ ശേഷം, സിവില്‍ സര്‍വീസ് ലക്ഷ്യമിട്ട് ഡല്‍ഹിയിലെത്തി.


രണ്ടു തവണ സിവില്‍ സര്‍വീസ് പരീക്ഷയില്‍ പരാജയപ്പെട്ടെങ്കിലും മൂന്നാം തവണ വിജയിച്ചു. എന്നാല്‍, ഐ.എ.എസിന് പകരം മറ്റൊരു സര്‍വീസായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. അതുകൊണ്ട് തന്നെ സിവില്‍ സര്‍വീസ് വേണ്ടെന്ന് വെച്ച് കോവിന്ദ് നിയമ മേഖലയില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.േപരെടുത്ത അഭിഭാഷകനായി അദ്ദേഹം ഡല്‍ഹി ഹൈക്കോടതിയിലും സുപ്രിംകോടതിയിലും 16 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു.1977ല്‍ അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പേഴ്‌സണല്‍ സ്റ്റാഫായി പ്രവര്‍ത്തിച്ചുകൊണ്ടാണ് കോവിന്ദ് പൊതുരംഗത്തേക്ക് വരുന്നത്.1990ല്‍ ബി.ജെ.പി ടിക്കറ്റില്‍ യു.പിയിലെ ഘട്ടംപൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും മല്‍സരിച്ചെങ്കിലും തോറ്റു.2007ല്‍ ഭോഗ്‌നിപൂരില്‍നിന്നും നിയമസഭയിലേക്ക് ഒരുകൈനോക്കിയപ്പോഴും പരാജയപ്പെട്ടു. 1994ലും2000ലും ഉത്തര്‍പ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറായ് മണ്ഡലത്തില്‍ നിന്നും മല്‍സരിക്കാന്‍ ആഗ്രഹിച്ചെങ്കിലും പാര്‍ട്ടി ടിക്കറ്റ് ലഭിച്ചില്ല.അമിത് ഷായുടെയും രാജ്‌നാഥ് സിങിന്റെയു അടുത്തയാളായ കോവിന്ദിനെ അവരുടെ താല്‍പര്യപ്രകാരമാണ് 2015ല്‍ ബീഹാര്‍ ഗവര്‍ണറാക്കുന്നത്.എതിര്‍ ചേരിയില്‍ നിന്നുള്ള മുഖ്യമന്ത്രിയായിരിന്നിട്ടും നിതീഷ്‌കുമാറിനും എന്‍.ഡി.എക്കുമിടയിലെ പാലമൊരുക്കുകയെന്ന ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.
ജീവിതത്തില്‍ കാത്തുസൂക്ഷിച്ച ലാളിത്യവും, സൗമ്യനും അക്ഷോഭ്യനുമെന്ന സ്വഭാവവിശേഷണവും അദ്ദേഹത്തിന് ഏറെ ഗുണകരമായി. ഒരു അടിയുറച്ച സ്വയംസേവകനല്ലെങ്കില്‍കൂടി ആര്‍.എസ്.എസിന്റെ എല്ലാ വിധ സംഘടനാപ്രവര്‍ത്തനങ്ങളിലും സഹകരിക്കുന്നതിലും അവരുടെ നേതൃത്വവുമായി ബന്ധം കാത്തുസൂക്ഷിക്കുന്നതിലും അതീവതല്‍പരനായിരുന്നു .ആര്‍.എസ്.എസ് ധൈഷണിക ജിഹ്വയായ ‘ഡോ.ശ്യാമപ്രസാദ് മുഖര്‍ജി റിസര്‍ച്ച് ഫൗണ്ടേഷന്‍’ അധ്യക്ഷനായി അദ്ദേഹം പ്രവര്‍ത്തിച്ചു.ആര്‍.എസ്.എസ് ആശയ പ്രചാരണത്തിനുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന ഫൗേണ്ടഷനെ ഉന്നത ബൗദ്ധിക ചര്‍ച്ചകളും സെമിനാറുകളും നടത്തുന്ന ഒരു വേദിയാക്കിമാറ്റിയത് അദ്ദേഹമാണ്. രാജ്യസഭാംഗമായിരുന്ന കാലത്ത് എം.പി. ഫണ്ട് ഉപയോഗിച്ച് ദലിത് വിദ്യാര്‍ഥികള്‍ക്കും പാവപ്പെട്ടവര്‍ക്കും പഠിക്കാനുള്ള സാഹചര്യമൊരുക്കി കൊടുക്കുന്നതിനായിരുന്നു കോവിന്ദ് പ്രഥമ പരിഗണന നല്‍കിയത്. ഗ്രാമീണ മേഖലകളിലെ ജനങ്ങള്‍ക്ക് അടിസ്ഥാന സൌകര്യമൊരുക്കി നല്‍കുന്നതിനും വികസനം കൊണ്ടുവരുന്നതിനും വേണ്ടി പ്രവര്‍ത്തിച്ച കോവിന്ദ് നിരവധി പാര്‍ലമെന്ററി കമ്മിറ്റികളിലും ദലിത്, ഗോത്ര വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള സമിതിയിലും അംഗമായിരുന്നു.


എന്നാല്‍, പിന്നോക്ക വിഭാഗക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നല്‍കുന്ന സംവരണാനുകൂല്യങ്ങളെ എതിര്‍ത്ത് രാം നാഥ് കോവിന്ദ് 2010ല്‍ നടത്തിയ പ്രസ്താവന ഏറെവിവാദമുണ്ടാക്കി. 2009ല്‍ രംഗാനാഥ് മിശ്ര കമ്മീഷന്‍ സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനം സംവരണം മുസ്ലിങ്ങള്‍ക്കും 5 ശതമാനം മറ്റു ന്യൂനപക്ഷങ്ങള്‍ക്കും സംവരണം നല്‍കണമെന്ന നിര്‍ദേശമാണ് അത ിന് കാരണം. 2010 ന്യൂഡല്‍ഹിയിലെ പത്ര സമ്മേളനത്തില്‍ സംസാരിക്കവെ രംഗനാഥ് കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് അസാധ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇസ്ലാം, ക്രിസ്ത്യന്‍ തുടങ്ങിയ മതങ്ങള്‍ ഇന്ത്യയ്ക്ക് അന്യമാണെന്നും, അവര്‍ക്കായുള്ള സംവരണം ഒഴിവാക്കണമെന്നും പറഞ്ഞാണ് 2010ല്‍ രാം നാഥ് കോവിന്ദ് തന്റെ സംഘപരിവാര്‍ മുഖം പുറത്തെടുത്തത്. എന്നിരുന്നാലും,അടിച്ചമര്‍ത്തപ്പെട്ടവന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെയും അവകാശങ്ങളിലായിരുന്നു അദ്ദേഹം പ്രധാനമായും ശ്രദ്ധിച്ചിരുന്നത്. ചില സര്‍ക്കാര്‍ ഓര്‍ഡറുകള്‍ക്കെതിരേ 1997 ല്‍ അദ്ദേഹം നടത്തിയ ‘എസ് സി /എസ്ടി എംപ്ളോയീസ് മൂവ്‌മെന്റ് ‘ഏറെ ശ്രദ്ധ നേടിയിരുന്നു.
ദല്‍ഹിയില്‍ സ്ഥിര താമസക്കാരനായ രാം നാഥ് കോവിന്ദ് ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദേഹാത്ത് ജില്ലയില്‍പെട്ട ദേരാപൂരിലെ പാരൗഖ് ഗ്രാമത്തില്‍ പലവ്യഞ്ചന കച്ചവടക്കാരന്‍ മൈകുലാല്‍ കോറിയുടെ മകനായി 1945 ഒക്ടോബര്‍ ഒന്നിന് ജനിച്ചു.കുടുംബത്തിന് സ്വന്തമായി ഭൂമിയില്ലാതിരുന്നതിനാല്‍ ഗ്രാമത്തിലെ പ്രായം ചെന്ന ആല്‍മരച്ചുവട്ടിലായിരുന്നായിരുന്നു പലപ്പോഴും കോവിന്ദിന്റെ പഠനം. ചെറുപ്രായത്തില്‍ തന്നെ വായനയില്‍ അതീവതല്‍പരനായിരുന്ന അദ്ദേഹംഅപൂര്‍വമായ ഓര്‍മശക്തിക്കുടമയായിരുന്നെന്ന് സഹപാഠികള്‍ സാക്ഷ്യപ്പെടുത്തുന്നു. സവിത കോവിന്ദാണ് ഭാര്യ. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. പ്രശാന്ത് മകനും സ്വാതി മകളുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here