മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ സംഘടനയായ അമ്മ വൻ തോതിൽ നികുതി വെട്ടിപ്പ് നടത്തിയതായി ആദായനികുതി വകുപ്പ് കണ്ടെത്തി. താര നിശകൾക്കായി കിട്ടിയ എട്ട് കോടിയിലധികം രൂപയുടെ പ്രതിഫലം ജീവകാരുണ്യ പ്രവർത്തനത്തിന്റെ പേരിൽ വകമാറ്റിയാണ് നികുതി വെട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
എട്ട് കോടിയിലധികം വന്നുവെങ്കിലും കേവലം രണ്ട് കോടി രൂപ മാത്രമാണ് വരവ് വച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബാക്കി തുക ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചുവെന്നാണ് അമ്മയുടെ വിശദീകരണം. എന്നാൽ ഇതിന്റെ കണക്ക് പൂർണമായും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല.
അതിനിടെ നികുതി വെട്ടിപ്പിനെതിരായ നടപടിക്കെതിരെ ആദായ നികുതി വകുപ്പിന്റെ അപ്പീൽ അതോറിറ്റിയെ അമ്മ സമീപിച്ചിരിക്കുകയാണ്. റിക്കവറി അടക്കമുള്ള നടപടിക്കെതിരെ ഇടക്കാല സ്റ്റേയും ഹൈക്കോടതിയിൽനിന്ന് അമ്മ വാങ്ങിയിട്ടുണ്ട്.