തിരുവനന്തപുരത്തെ കോളേജ് ഉടമയെ കണ്ടിട്ടില്ല,പാലക്കാട്ടുകാരന്‍ കണ്ടിരുന്നു; നടക്കുന്നത് ചിത്രവധം : എം.ടി.രമേശ്‌

0
105

മെഡിക്കല്‍ കോളജിനു കേന്ദ്രാനുമതി കിട്ടുന്നതിനായി കേരള ബിജെപിയിലെ നേതാക്കള്‍ 5.6 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ മറുപടിയുമായി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. മെഡിക്കല്‍ കോളജ് പോയിട്ട് ഒരു നഴ്‌സറി സ്‌കൂള്‍ പോലും വാങ്ങിച്ചുകൊടുക്കാന്‍ കഴിയാത്ത ആളാണ് താനെന്നു എം.ടി.രമേശ് പറഞ്ഞു.

കേരളത്തില്‍ എവിടെയെങ്കിലും മെഡിക്കല്‍ കോളേജിന് അനുതി കിട്ടാനായി താന്‍ പണം ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്തിട്ടില്ല. മെഡിക്കല്‍ കോളജ് അനുവദിക്കണം എന്നു പറഞ്ഞുകൊണ്ട് ആരും തനിക്കും പണം വാഗ്ദാനം ചെയ്തിട്ടില്ല. മെഡിക്കല്‍ കോളജ് പോയിട്ട് ഒരു നഴ്‌സറി സ്‌കൂള്‍ പോലും വാങ്ങിച്ചുകൊടുക്കാന്‍ കഴിയാത്ത ആളാണ് താനെന്നു വ്യക്തമായി അറിയാം. വിഷയത്തില്‍ തനിക്ക് പങ്കില്ലെന്നും രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വാര്‍ത്തകളില്‍ പറയുന്ന മെഡിക്കല്‍ കോളജിന്റെ ഉടമസ്ഥരെ ജീവിതത്തില്‍ ഇന്നേവരെ കണ്ടിട്ടില്ല. അവരുമായി ഒരുതരത്തിലുമുള്ള വ്യക്തിപരിചയവുമില്ല. ആ ഉടമകളുടെ പേരുപോലും പത്രവാര്‍ത്തകളില്‍നിന്നാണു താനറിയുന്നത്. വിഷയത്തില്‍ താന്‍ ഇടപെട്ടു എന്ന് അവരും എവിടെയും പരാതി പറഞ്ഞിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. തിരുവനന്തപുരത്തെ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്ന പ്രചരണം വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണ്- രമേശ് വ്യക്തമാക്കി.

മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ പാലക്കാട് ജില്ലയിലെ ഒരു മെഡിക്കല്‍ കോളജിന് അനുവാദം വാങ്ങിക്കൊടുക്കാന്‍ വേണ്ടി പണംവാങ്ങി എന്നാണ് അടുത്ത ആരോപണം. ഇക്കാര്യം മാധ്യമങ്ങള്‍ക്കു നേരിട്ട് അന്വേഷിക്കാവുന്നതാണ്. പാലക്കാട്ടെ ഈ മെഡിക്കല്‍ കോളജിന്റെ ഉടമ ഒന്നര മാസം മുന്‍പ് എന്നെ വന്നുകണ്ടിരുന്നു എന്നതു വസ്തുതയാണ്. അതു നിഷേധിക്കുന്നില്ല. എന്നെക്കൊണ്ട് സാധിക്കുന്ന കാര്യമല്ല എന്ന് അദ്ദേഹത്തോടു മറുപടി പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നു കൃത്യമായി മറുപടി പറഞ്ഞു നല്ലരീതിയില്‍ പിരിയുകയായിരുന്നു. അതിനു മുന്‍പോ ശേഷമോ ഈ പറയുന്ന മെഡിക്കല്‍ കോളജിന്റെ ഉടമ എന്നെക്കാണുകയോ വിളിക്കുകയോ ഞാനുമായി ബന്ധപ്പെട്ടു സംസാരിക്കുകയോ ചെയ്തിട്ടില്ല- രമേശ് പറഞ്ഞു.

ബോധപൂര്‍വം തന്റെ പേര് പരാമര്‍ശിച്ചുകൊണ്ട് നടത്തുന്ന പ്രചരണം സത്യവിരുദ്ധമായ കാര്യമാണ്. 25 വര്‍ഷമായി കേരളത്തില്‍ പൊതുപ്രവര്‍ത്തന രംഗത്തു നില്‍ക്കുന്നയാളാണ്. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. പക്ഷെ കഴിവിന്റെ പരാമാവധി പൊതുപ്രവര്‍ത്തനത്തില്‍ സുതാര്യത കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ആരോപണത്തിന്റെ കറ വീണാല്‍ പൊതുപ്രവര്‍ത്തനത്തില്‍ നില്‍ക്കുന്നത് ശരിയല്ലെന്ന് വിശ്വസിക്കുന്നയാളാണ് താന്‍. ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ചിത്രവധം ചെയ്യാനുള്ള ശ്രമം തെറ്റാണ്. ഏത് അന്വേഷണവും എവിടെ വേണമെങ്കിലും നടക്കട്ടെ. ഭൂമി മലയാളത്തിലെ ഏതു അന്വേഷണത്തോടും യാതൊരു വിരോധവുമില്ല. തന്റെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്ന ആത്മവിശ്വാസമുണ്ടെന്നും എം.ടി. രമേശ് മാധ്യമങ്ങളോടു വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here