തീവ്ര ഹൈന്ദവ ദേശീയത ഇന്ത്യയുമായുള്ള യുദ്ധത്തിലേക്കുള്ള വഴി തുറക്കുമെന്ന് ചൈന

0
133


ഇന്ത്യയുമായി യുദ്ധത്തിന് സാദ്ധ്യതയെന്ന് ചൈനീസ് മാധ്യമമായ ഗ്‌ളോബല്‍ ടൈംസ്. ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഹൈന്ദവ ദേശീയത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനാനയം അട്ടിമറിച്ചെന്നും ഹിന്ദുത്വവാദം ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നും ഗ്‌ളോബല്‍ ടൈംസ് പറയുന്നു.

2014ല്‍ മോദി അധികാരത്തിലെത്തിയശേഷം മുസ്ലിംകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു. ഹൈന്ദവ ദേശീയതയുടെ താല്‍പര്യം മൂലമാണു ദോക് ലായില്‍ സംഘര്‍ഷം നടത്തുന്നതിനുള്ള പദ്ധതി ഇന്ത്യ തയാറാക്കി നടപ്പാക്കുന്നത്. മോദി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഇന്ത്യയിലെ മതതീവ്രവാദം ശക്തിപ്പെട്ടു.മോദിയാകട്ടെ അധികാരത്തിലെത്താന്‍ വേണ്ടി വളര്‍ന്നുവരുന്ന ഹൈന്ദവ ദേശീയതയെ പ്രോത്സാഹിപ്പിച്ചു.സ്വന്തം താല്‍പര്യങ്ങള്‍തന്നെ ഇന്ത്യയ്ക്ക് അപകടമാകുന്ന സ്ഥിതിയാണ്. ദേശീയ ശക്തിയില്‍ ഇന്ത്യ ചൈനയേക്കാളും പിന്നിലാണ്. എന്നാല്‍ ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ ഇത് അംഗീകരിക്കാന്‍ തയാറാകുന്നില്ലെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു.

നയതന്ത്ര തലത്തില്‍, പാക്കിസ്ഥാനും ചൈനയുമടക്കമുള്ള രാജ്യങ്ങളോട് ഇന്ത്യ നിലപാടു കടുപ്പിക്കുകയാണ്. ഇന്ത്യയിലെ ഹിന്ദുത്വവാദികളുടെ ആവശ്യപ്രകാരമാണ് അതിര്‍ത്തിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ചൈനയുടെ അതിവേഗ വികസനത്തില്‍ ഇന്ത്യ ഭയപ്പാടിലാണെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ കഴിഞ്ഞ മൂന്നാഴ്ചയായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇന്ത്യയും ഭൂട്ടാനും ചൈനയും ചേരുന്ന ട്രൈജംക്ഷനിലാണ് ഇപ്പോള്‍ പ്രശ്‌നം. ചൈന ഇവിടെ സോംപെല്‍റി ഭാഗത്ത് റോഡ് നിര്‍മ്മാണം തുടങ്ങിയതാണു പ്രശ്‌നത്തിന്റെ തുടക്കം. ആദ്യം ഭൂട്ടാനും പിന്നാലെ ഇന്ത്യയും ഇതിനെ എതിര്‍ത്തു. ദോക് ലാ ഭാഗത്ത് ഉടന്‍ തന്നെ ഇന്ത്യ കൂടുതല്‍ സേനയെ വിന്യസിക്കുകയും ചെയ്തു. അതിര്‍ത്തിയിലെ തല്‍സ്ഥിതി ലംഘിച്ചതു ചൈനയാണെന്നാണ് ഇന്ത്യ കുറ്റപ്പെടുത്തുന്നത്.

എന്നാല്‍ ഇന്ത്യന്‍ സൈന്യമാണ് അതിര്‍ത്തി ലംഘിച്ചതെന്നാണ് ചൈനയുടെ ആരോപണം. മുമ്പ് 2013ല്‍ ലഡാക്കിലെ ദെസ് പാങ്ങിലും 2014 ല്‍ ചുമാറിലും അതിര്‍ത്തിത്തര്‍ക്കം ഉണ്ടായപ്പോള്‍ മൂന്നാഴ്ച കൊണ്ടു പ്രശ്‌ന പരിഹാരത്തിനു കഴിഞ്ഞിരുന്നു. അന്നു തല്‍സ്ഥിതി തുടരാന്‍ ഇരുപക്ഷവും തീരുമാനിക്കുകയും സൈന്യങ്ങളെ പിന്‍വലിക്കുകയുമാണു ചെയ്തത്. ഇത്തവണ പ്രശ്‌നം മൂന്നാഴ്ച കഴിഞ്ഞും നീളുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here